യുദ്ധം വ്യാപിക്കുന്നു: പാക്കിസ്ഥാനിലേക്കും സിറിയയിലേക്കും ഇറാഖിലേക്കും ഇറാൻ ആക്രമണം.

യുദ്ധം വ്യാപിക്കുന്നു: പാക്കിസ്ഥാനിലേക്കും സിറിയയിലേക്കും ഇറാഖിലേക്കും ഇറാൻ ആക്രമണം.

ഇസ്രയേൽ ഗാസ യുദ്ധത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നു. ഇറാൻ ഇറാഖിലെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിനും യുഎസ് കോണ്‍സുലേറ്റിനും നേരെ ആക്രമണം നടത്തി. ഇതുകൂടാതെ പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ ഭീകരസംഘടനയായ ജയ്ഷെ ഉള്‍ അദ്‍ലിന്റെ ക്യാമ്പുകള്‍ക്ക് നേരെയും ആക്രമണം നടത്തി. മിസൈലും ഡ്രോണുകളും ഉപയോഗിച്ചതെയാണ് വാർത്തകൾ പുറത്തുവരുന്നത്. പാക്കിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്‌ഷ് അൽ-അദലിന്റെ രണ്ട് താവളങ്ങൾക്കുനേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണം യാതൊരു പ്രകോപനവുമില്ലാതെയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകി.

ഇറാഖ് ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടതയാണ് വിവരം. സുന്നി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഈ മാസം ആദ്യം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇരട്ട ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. ഈ സ്ഫോടനങ്ങളില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പിന്നാലെയാണ് ഭീകര സംഘടനകളുടെ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം ശക്തമാക്കിയത്. ഇറാഖിലെയും സിറിയയിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇറാന്‍ പിന്നാലെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്കും മിസൈല്‍ അയക്കുകയായിരുന്നു. പാക്കിസ്ഥാനിലെ ഭീകര താവളങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചെന്ന് ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനുമായി അതിർത്തി പങ്കിടുന്ന പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ മന്ത്രി ജാൻ അചക്സായി ആക്രമണം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആണവായുധ ശേഖരമുള്ള പാകിസ്ഥാന് നേരെയുള്ള ആക്രമണത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍, പാക്കിസ്ഥാന്‍ സൈന്യം ഇതുവരെ ആക്രമണത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. പാക്കിസ്ഥാനില്‍ ദേശീയ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആക്രമണമെന്നതും ശ്രദ്ധേയം.

ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തിന് എല്ലാവിധ സഹായവും ചെയ്തുന്ന യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. എന്നാല്‍, ഇറാന്‍റെ സൈനിക നടപടി അപലപനീയമാണെന്ന് യുഎസ് വക്താവ് അഡ്രിയല്‍ വാട്സണ്‍ പറഞ്ഞു. ഇറാഖിന്‍റെയും കുര്‍ദ്ദിസ്ഥാന്‍റെയും പരമാധികാരത്തെ യുഎസ് അംഗീകരിക്കുന്നെന്നും ഇറാന്‍റെതേ വിവേചനപരമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാഖിലെ മൊസാദ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

അതേസമയം ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണയായി. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ആണ് തീരുമാനം. ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഇപ്പോഴും 132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,000ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. 85 ശതമാനം ഗാസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്. ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ അതിർത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്.

ഗാസ: യുദ്ധം 100 ദിവസം പിന്നിടുമ്പോഴും ഇസ്രായേൽ ആക്രമണം തുടരുന്നു.