ഗാസ: യുദ്ധം 100 ദിവസം പിന്നിടുമ്പോഴും ഇസ്രായേൽ ആക്രമണം തുടരുന്നു.

ജറുസലം: ഇസ്രായേൽ ഹമാസ് യുദ്ധം 100 ദിവസമാകുമ്പോഴും അത്യന്തം മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ ഇസ്രയേൽ തുടരുന്നു. കഴിഞ്ഞ ഒക്ടോബർ 7-നു ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാരംഭിച്ച യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 23,843 പലസ്തീൻകാർ കൊല്ലപ്പെട്ടു എന്നാണ് വിവരം. 60,000 – ലതികം പേർക്കു പരുക്കേറ്റതായും റിപോർട്ടുകൾ പുറത്തു വരുന്നു. അതേസമയം, വടക്കൻ ഗാസയിൽ നിന്നു സൈന്യത്തെ പിൻവലിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മധ്യ ഗാസയിലും ഖാൻ യൂനിസിലും നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെ ഹമാസ് പ്രവർത്തകരെ വധിച്ചതായും അറിയിച്ചു. 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്ത ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവർത്തിച്ച ഇസ്രായേൽ സേന സാധാരണക്കാർക്കു ഉപദ്രവമുണ്ടാകുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.

അതേസമയം ഹമാസിനെ പിന്തുണയ്ക്കുന്ന ഹൂതികൾക്കെതിരെ കഴിഞ്ഞ രണ്ട് ദിവസമായി അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തിവരികയാണ്. ബ്രിട്ടനോടൊപ്പം ചേർന്ന് അമേരിക്ക നിരവധി ഹൂതികളുടെ കേന്ദ്രങ്ങളാണ് ബോംബക്രമണങ്ങളിലൂടെ തകർത്തത്. വെള്ളിയാഴ്ച നടന്ന ആക്രമണം ഹൂതികളുടെ റഡാർ സംവിധാനത്തെ ലക്ഷ്യം വച്ചായിരുന്നു നടന്നത്. റഡാർ സംവിധാനത്തിൻ്റെ സഹായത്തോടെ ഹൂതികൾ ചെങ്കടലിലേക്ക് മിസൈലുകൾ അയച്ചുകൊണ്ടിരിക്കുകയാണെന്നും അമേരിക്ക ആരോപിച്ചു. നിലവിലെ ആക്രമണങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ചെങ്കടലിലെ കപ്പൽ പാതകൾക്ക് സുരക്ഷ ഒരുക്കുക എന്നുള്ളത് അമേരിക്കയുടെ ഉത്തരവാദിത്വമാണെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ പേരിലാണ് ഹൂതികൾക്കെതിരെ അമേരിക്ക ആക്രമണം നടത്തുന്നതും. വെള്ളിയാഴ്ച യുഎസ് സൈന്യം യെമനിലെ ഹൂതികളുടെ 30 സ്ഥാനങ്ങൾ ലക്ഷ്യമിട്ടിരുന്നു എന്നു അമേരിക്കൻ അധികൃതർ വ്യക്തമാക്കി. യമൻ തലസ്ഥാനമായ സനയിലെ അൽ ദൈലാമി വ്യോമതാവളവും അമേരിക്ക ലക്ഷ്യമിട്ടിരിക്കുകയാണ്.

യെമനിൽ തുടർച്ചയായ രണ്ടാം ദിവസവും യുഎസ് ആക്രമണം നടത്തിയതോടെ, ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹൂതി മുന്നറിയിപ്പു നൽകി. ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ ചെങ്കടലിൽ തടയുന്നത് തുടരുമെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസലാം പറഞ്ഞു. ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തിയതിന് തിരിച്ചടിയായാണ് ചെങ്കടലിലൂടെയുള്ള കപ്പലുകളെ ഹൂതി സംഘം ആക്രമിക്കാൻ തുടങ്ങിയത്. നവംബറിനു ശേഷം 25 കപ്പലുകളെങ്കിലും ആക്രമിക്കപ്പെട്ടതായി യുഎസ് പറയുന്നു.