തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈനയ്‌ക്ക് തിരിച്ചടി; ഡിപിപിക്ക് ഹാട്രിക് നേട്ടം.

തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചൈനയ്‌ക്ക് തിരിച്ചടി; ഡിപിപിക്ക് ഹാട്രിക് നേട്ടം.

തായ്‌വാൻ: തായ്‍വാന്‍ പാര്‍ലമെന്‍റ് പൊതു തെരഞ്ഞെടുപ്പിൽ ചൈനാ വിരുദ്ധ ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാർട്ടിക്ക് വിജയം. അമേരിക്കൻ അനുകൂലിയായ വില്യം ലായി പ്രസിഡന്റ് ആകും. ഇതോടെ ചരിത്ര വിജയമാണ് ഡിപിപി സ്വന്തമാക്കിയത്. തുടർച്ചയായ മൂന്നാം തവണ തായ്‌വാനിൽ ഡിപിപി അധികാരത്തിലെത്തുകയാണ്. യുഎസിന്റെ ഉറച്ച പിന്തുണയുള്ള ഡിപിപി അധികാരം നിലനിർത്തിയതോടെ ചൈനയുടെ രോഷം ഇനി പല തരത്തിൽ പ്രതിഫലിക്കാനാണ് സാധ്യത.

തായ്‌വാൻ -ചൈന ബന്ധം കൂടുതൽ വഷളാകുമെന്ന ആശങ്കയും ഇതോടെ ഉയര്‍ന്നു. നിലവിലെ വൈസ് പ്രസിഡന്‍റാണ് വില്യം ലായ്. ‘പ്രശ്നക്കാരൻ’ എന്ന് ചൈന വിശേഷിപ്പിക്കുന്ന വില്യം ലായ് അമേരിക്കയോട് അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്. ചൈനയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന കുമിന്താങ് പാർട്ടി പരാജയം സമ്മതിച്ചു. ഡിപിപി വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ ചൈനയുടെ വലിയ ശ്രമം നടന്നിരുന്നു. തായ്വാൻ ജനത ജനാധിപത്യ വ്യവസ്ഥയോടുള്ള കൂറ് ലോകത്തിന് മുന്നിൽ ഉറക്കെ പ്രഖ്യാപിച്ചിരിക്കുയാണെന്ന് വിജയിച്ച വില്യം ലായ് പ്രതികരിച്ചു. അതേസമയം, സ്വതന്ത്ര രാജ്യമാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ആവർത്തിച്ച് ചൈന രംഗത്തെത്തി. തായ്‌വാൻ തങ്ങളുടെ രാജ്യത്തിൻറെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ചൈനയുടെ ഈ നിലപാട് കാരണം മേഖല കൂടുതൽ സംഘർഷഭരിതമായേക്കും. സൈനിക നടപടികളിലേക്കു നീങ്ങിയാൽ യുഎസ് പടക്കോപ്പുകൾ നൽകി തയ്‌വാനെ സഹായിക്കുമെന്നു ഉറപ്പാണ്.

വില്യം എന്നും അറിയപ്പെടുന്ന ലായ് ചിങ്തെ (64) നിലവിൽ വൈസ് പ്രസിഡന്റാണ്. യുഎസിനോടു ചേർന്നുനിന്നും ചൈനയെ പ്രകോപിപ്പിക്കാതെയും നിലവിലെ പ്രസിഡന്റ് സായ് ഇങ്‌വെൻ തുടർന്നുപോന്ന സമദൂര നയതന്ത്രം തുടരുമെന്ന് ലായ് പറഞ്ഞിരുന്നു. 2 തവണയിലേറെ പ്രസിഡന്റാകാൻ വിലക്ക് ഉള്ളതിനാലാണു സായ് വീണ്ടും മത്സരിക്കാതെ ലായ് സ്ഥാനാർഥിയായത്. അടുത്ത മേയിൽ പുതിയ പ്രസിഡന്റ് അധികാരമേൽക്കും.