പുതുപ്പള്ളി വിധിയെഴുതി, 72.91 ശതമാനം പോളിം​ഗ്; സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ.

പുതുപ്പള്ളി വിധിയെഴുതി, 72.91 ശതമാനം പോളിം​ഗ്; സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ.

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോൾ അവസാന റിപ്പോർട്ട് പ്രകാരം 72. 91 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും പോളിങ്ങുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മനും, ജയിക്ക് സി തോമസും ചില പരാതികൾ നൽകിയിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.

മഴയെ അവഗണിച്ചും പുതുപ്പള്ളിയിലെ സമ്മതിദായകര്‍ ബൂത്തുകളിലെത്തി. എന്നാല്‍ ചില ബൂത്തുകളില്‍ പോളിങ് വൈകിയതില്‍ അസ്വാഭാവികതയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മുപ്പതില്‍ അധികം ബൂത്തുകളില്‍ പോളിങ് മന്ദഗതിയിലായിരുന്നു. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടു. ആളുകള്‍ക്ക് വോട്ട് ചെയ്യാതെ തിരിച്ചു പോകേണ്ടി വന്നു. പരാതി നല്‍കിയിട്ടും വോട്ടിങ് മെഷിന്‍ അനുവദിച്ചില്ല. പോളിങ് വൈകിയത് അന്വേഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

പുതുപ്പള്ളി ജനവിധി രേഖപ്പെടുത്തിയതോടെ വിജയസാധ്യതകള്‍ കണക്കുകൂട്ടിയെടുക്കുന്ന തിരക്കിലാണ് മുന്നണികള്‍. വെള്ളിയാഴ്ചയാണ് വോട്ട് എണ്ണല്‍. 128624 പേര്‍ വോട്ട് രേഖപ്പെടുത്തി. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇടത് മുന്നണി സര്‍ക്കാരിനെതിരായ വിലയിരുത്തലാകും വിധിയെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇടതുപക്ഷം നല്ല രീതിയിൽ പ്രചരണം നടത്തി. നല്ല വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്. ഈസി വാക്ക് ഓവർ ആകുമെന്നാണ് കോൺഗ്രസ് കരുതിയതെന്നും അവർക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും വിജയ പ്രതീക്ഷയിലാണ്.

സെപ്റ്റംബർ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. നിയമസഭയിലേക്കുളള ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണിത്. രണ്ടു തവണ അച്ഛനോട് മത്സരിച്ച ശേഷം മകനോട് മത്സരിക്കുന്നുവെന്ന പ്രത്യേകതയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക് സി തോമസിനുളളത്. ലിജിൻ ലാൽ ആണ് എൻഡിഎയുടെ ‌സ്ഥാനാർത്ഥി. എഎപിയുടേത് ഉൾപ്പെടെ ഏഴ് പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Puthupally ByElection Results >>