പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള സ്വർണച്ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങി.

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള സ്വർണച്ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങി.

ന്യൂഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ സ്ഥാപിക്കാനുള്ള സ്വർണ്ണ ചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. തമിഴ്‌നാട്ടിൽ നിന്നുള്ള തിരുവാടുതുറൈ അധീനത്തിന്റെ മേധാവിമാരാണ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെച്ച് പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ഞായറാഴ്ച 28 മെയ്) നടക്കുന്നതിന് മുന്നോടിയായി ആയിരുന്നു കൈമാറ്റം. തമിഴ്‌നാട് തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തിൽ നിന്നുള്ള പുരോഹിതർ ഡൽഹിയിലെത്തി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറുകയായിരുന്നു. ചടങ്ങ് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കും. പുതിയ മന്ദിരത്തിലെ ലോക്‌സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം.

1947 ഓഗസ്റ്റ് 14-ന് അർധരാത്രി അധികാരക്കൈമാറ്റത്തിനു 15 മിനിറ്റ് മുൻപാണു തമിഴ്നാട്ടിലെ തിരുവാവതുതുറൈ മഠത്തിലെ പുരോഹിതർ ചെങ്കോൽ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട കുറിപ്പിൽ പറയുന്നത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്നതിനു മുമ്പ് അധികാര കൈമാറ്റമെന്ന രീതിയിൽ പ്രഥമപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന് കൈമാറിയ ചെങ്കോലാണിത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം, ബ്രിട്ടിഷ് സാമ്രാജ്യത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള അധികാര കൈമാറ്റത്തെ എങ്ങനെ പ്രതീകവത്കരിക്കുമെന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭു, പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ജവാഹർലാൽ നെഹ്റുവിനോട് ചോദിച്ചു. ഇതിനായി അന്നത്തെ ഗവർണർ ജനറലായിരുന്ന സി.രാജഗോപാലാചാരിയുടെ ഉപദേശം നെഹ്റു തേടി. രാജാവ് അധികാരത്തിൽ വരുമ്പോൾ മഹാപുരോഹിതൻ രാജാവിന് ചെങ്കോൽ കൈമാറുന്ന തമിഴ് പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. ചോളഭരണകാലത്ത് പിന്തുടർന്ന പാരമ്പര്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ ഉപയോഗിക്കാമെന്ന് രാജഗോപാലചാരി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ചെങ്കോൽ നിർമ്മിക്കാനായി തമിഴ്‌നാട്ടിലെ ഏറ്റവും പഴയ ശൈവ മഠങ്ങളിലൊന്നായ തിരുവാവതുതുറൈയുമായി ബന്ധപ്പെട്ടു. അവിടത്തെ പുരോഹിതർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെങ്കോൽ നിർമ്മിക്കാൻ അന്നത്തെ മദ്രാസിലെ ജൂവലറിക്കാരനായ വുമ്മിടി ബങ്കാരു ചെട്ടിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഇപ്പോൾ, വുമ്മിടി ബങ്കാരു ചെട്ടിയുടെ പിൻഗാമികളെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റാത്തതാണെന്നും ഒരിക്കൽ മാത്രം കിട്ടുന്ന അവസരമാണെന്നും വുമ്മിടി ബങ്കാരു ചെട്ടി കുടുംബം പറഞ്ഞു.

ഒരു ചെങ്കോൽ ചരിത്രം.
ചെങ്കോൽ ചോളന്മാരിലൂടെയാണ് കടന്ന് വരുന്നത്. 9-ആം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഉദയം കൊണ്ട ചോള സാമ്രാജ്യം 13-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അസ്‌തമിക്കും വരെ തെക്ക് മാലി ദ്വീപ് തൊട്ട് വടക്ക് പാടലീപുത്ര വരെയും തങ്ങളുടെ ഭരണത്തിൽ കൊണ്ട് വന്നിരുന്നു. ആദ്യമായി കേന്ദ്രീകൃത സർക്കാർ സം‌വിധാനം സ്ഥാപിച്ച് ഭരണം നടത്തിയതും ചോളന്മാരാണ്. ചോള രാജാവ് തന്റെ അധികാരമൊഴിയുന്നത് അധികാരമുദ്രയായ “”സെങ്കോൽ” അഥവാ “ചെങ്കോൽ” കൈമാറിക്കൊണ്ടായിരുന്നു. കിരീടമോ പടവാളോ കൈമാറുന്നതിന് പകരമാണ് ഈ നേർരേഖദണ്ഡ് കൈമാറുന്നത്.

കടുത്ത ശിവഭക്തരായിരുന്ന ചോളന്മാർ സെങ്കോലിൽ “ശിവ ഭഗവാന്റെ ആജ്ഞ പ്രകാരം നീ രാജ്യം ഭരിക്കുക” എന്ന വാക്യവും ശിവവാഹനമായ നന്ദികേശന്റെ രൂപവും കൊത്തിയിരുന്നു. “സെങ്കോല്‍” എന്ന പദം ധര്‍മം എന്ന് അര്‍ത്ഥം വരുന്ന ‘സെമ്മൈ’ എന്ന പദത്തില്‍ നിന്നാണുണ്ടായത്. നീതിപൂര്‍വ്വമായി, ന്യായമായി ഭരിക്കണമെന്ന ആജ്ഞ കൂടിയാണ് ചെങ്കോൽ കൈമാറ്റത്തിലൂടെ നടപ്പിലാകുന്നത്. അരുണ്മൊഴി തേവരെന്ന രാജ രാജ ചോഴൻ ഒന്നാമൻ തുടങ്ങി വച്ച ഈ ചടങ്ങ് ചോള സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ കാലത്തോളം നിലനിന്നിരുന്നു.

ഇന്ത്യയ്ക്ക് പുതിയ പാർലമെന്റ്:  ഉദ്ഘാടനം മേയ് 28-ന്.