ഇന്ത്യയ്ക്ക് പുതിയ പാർലമെന്റ്:  ഉദ്ഘാടനം മേയ് 28-ന്. 

ഇന്ത്യയ്ക്ക് പുതിയ പാർലമെന്റ്:  ഉദ്ഘാടനം മേയ് 28-ന്. 

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നാളെ (2023 മേയ് 28-ന്) പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും. ഇന്ത്യൻ തലസ്ഥാന നഗരിയുടെ മുഖച്ഛായതന്നെ മാറ്റുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം റെക്കോർഡ് സമയത്തിൽ, രണ്ടര വർഷംകൊണ്ട് ആണ്  പൂർത്തിയാക്കിയത്.

ഇന്ത്യയുടെ നിലവിലുള്ള  പാർലമെന്റ്  മന്ദിരം 1921-നാണ്  തറക്കല്ലിട്ടത്. 1927-ൽ നിർമാണം പൂർത്തിയാക്കി. പഴക്കം നൂറു വർഷത്തോളമായിരിക്കുന്നു.  കാലപ്പഴക്കം, ഭൂചലന ഭീഷണി, സ്ഥലസൗകര്യമില്ലായ്മ, സുരക്ഷാ പ്രശ്നം എന്നിങ്ങനെ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2012-ൽ യുപിഎ ഭരണകാലത്ത് പാർലമെന്റിന്റെ നവീകരണം സംബന്ധിച്ച പരിശോധനയ്ക്കായി സ്പീക്കർ മീരാകുമാർ സമിതിയെ നിയോഗിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. 2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതോടെ കാര്യങ്ങൾ വീണ്ടും ചൂടുപിടിച്ചു. ഡൽഹിയെ മോടി പിടിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് 2019 സെപ്റ്റംബറില്‍ മാസ്റ്റര്‍പ്ലാൻ തയാറായതോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനും വേഗം കൂടിയത്.

ഏകദേശം 20000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയുടെ പേരാണ് സെൻട്രൽ വിസ്ത. പുതിയ പാർലമെന്റുൾപ്പെടെയുള്ള മന്ദിരങ്ങളും വിവിധ കേന്ദ്ര സർക്കാർ ഓഫിസുകളുമെല്ലാം ഉൾപ്പെടുന്നതാണ് ഭരണസിരാകേന്ദ്രത്തിലെ ഈ മുഖം മിനുക്കൽ പദ്ധതി. ഇതു യാഥാർഥ്യമാകുന്നതോടെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫിസും രാഷ്ട്രപതി ഭവനും ഉപരാഷ്ട്രപതി ഭവനുമെല്ലാം അടുത്തടുത്താകും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള രാജ്പഥിലെ 3.5 കിലോമീറ്റർ ദൂരത്തെ കെട്ടിടങ്ങളെല്ലാം പദ്ധതി പ്രകാരം പൊളിച്ചു പണിയാനാണു തീരുമാനം. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റി മോടിപിടിപ്പിച്ചുകഴിഞ്ഞു. നിലവിലെ പാർലമെന്റ് മന്ദിരവും നോർത്ത്–സൗത്ത് ബ്ലോക്കുകളും പൈതൃക സംരക്ഷണ കേന്ദ്രങ്ങളായി സൂക്ഷിക്കാനാണു തീരുമാനം. രാഷ്ട്രപതി ഭവനിലും മാറ്റങ്ങളുണ്ടാകില്ല.

2020 സെപ്റ്റംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണക്കരാർ ടാറ്റാ പ്രോജക്ട്സ് കമ്പനിക്കു കൈമാറി. 3 മാസത്തിനിപ്പുറം 2020 ഡിസംബർ 10-ന് പ്രധാനമന്ത്രി മോദി മന്ദിരത്തിനു തറക്കല്ലിട്ടു. നാലു നിലയിൽ ത്രികോണാകൃതിയിലാണ് പുതിയ പാർലമെന്റ് മന്ദിരം. പരമാവധി സ്ഥലം പ്രയോജനപ്പെടുത്താനാണ് ത്രികോണാകൃതി സ്വീകരിച്ചതെന്നു പറയുന്നു നിർമാതാക്കൾ. തൊട്ടടുത്തുതന്നെയാണ് വൃത്താകൃതിയിലുള്ള പഴയ പാർലമെന്റ് മന്ദിരവും. 971 കോടി രൂപയ്ക്കാണ് പുതിയ പാർലമെന്റ് നിർമാണ പദ്ധതി കരാർ ടാറ്റ പ്രോജക്ട്സിനു നൽകിയത്. എന്നാൽ കോവിഡ് ലോക്ഡൗണും രൂപരേഖയില്‍ ചില മാറ്റങ്ങളും വന്നതോടെ ചെലവ് 1200 കോടി കടന്നതായാണ് റിപ്പോർട്ടുകൾ. ഗുജറാത്തിൽനിന്നുള്ള ആർക്കിടെക്ട് ബിമൽ പട്ടേലാണ് പുതിയ പാർലമെന്റ് മന്ദിരം ഡിസൈൻ ചെയ്തത്.

ഇന്ത്യയുടെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന വിധത്തിലാണ് രൂപകൽപന. 65,000 -ത്തിലേറെ ചതുരശ്ര മീറ്ററിലായുള്ള മന്ദിരത്തിലെ ഓഫിസ് മുറികളിലും യോഗഹാളുകളിലുമെല്ലാം അത്യാധുനിക സൗകര്യങ്ങളാണ്. പാർലമെന്റിന്റെ വിവിധ സമിതികൾക്കായുള്ള മുറികളുമൊരുക്കിയിട്ടുണ്ട്. ഒപ്പം വിശാലമായ ലൈബ്രറി, ഭക്ഷണശാല എന്നിവയും. അംഗങ്ങള്‍ക്കു വിശ്രമിക്കാനും വിശേഷങ്ങൾ കൈമാറാനുമുള്ള ഇടവുമുണ്ട്. സെൻട്രൽ ലോഞ്ച് എന്നറിയപ്പെടുന്ന ഇവിടെ തുറസ്സായ മുറ്റത്ത് ദേശീയ വൃക്ഷമായ ആൽമരവും നിഴൽവിരിച്ചുണ്ടാകും. ഇന്ത്യയുടെ ജനാധിപത്യപരമായ പാരമ്പര്യം ലോകത്തിനു മുന്നില്‍ വിളിച്ചോതുന്ന വിശാലമായ ഭരണഘടനാ ഹാളും പുതിയ മന്ദിരത്തിന്റെ പ്രത്യേകതയാണ്. ശക്തിദ്വാർ, ജ്ഞാനദ്വാർ, കർമദ്വാർ എന്നിങ്ങനെയാണ് പ്രധാന കവാടങ്ങളുടെ പേരുകൾ. വിഐപികൾക്കും എംപിമാര്‍ക്കും സന്ദർശകർക്കും പ്രത്യേക പ്രവേശന കവാടങ്ങളായിരിക്കും. വിശാലമായ പാർക്കിങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ രാജ്യസഭാ ഹാളിൽ 250 പേർക്കും ലോക്സഭാ ഹാളിൽ 543 പേർക്കും ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാൽ പുതിയ മന്ദിരത്തിന്റെ രാജ്യസഭാ ഹാളിൽ മുന്നൂറിലേറെ അംഗങ്ങൾക്കുള്ള സീറ്റുണ്ട്. ലോക്സഭാ ഹാളിലാകട്ടെ 888 അംഗങ്ങള്‍ക്ക് സുഖമായിരിക്കാം. 2026-ൽ മണ്ഡല പുനർനിർണയം വരുന്നതോടെ പാർലമെന്റിലെ അംഗങ്ങളുടെ എണ്ണം ഇനിയും കൂടും, അതുകൂടി കണക്കിലെടുത്താണ് സീറ്റിങ് കപ്പാസിറ്റി കൂട്ടിയത്. നിലവിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം നടക്കുന്നത് സെൻട്രൽ ഹാളിലാണ്. രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾ അവിടെ കൂടിച്ചേർന്നാൽ എഴുന്നൂറിലേറെപ്പേർ വരും. ഇവർക്കെല്ലാം കൂടി ആകെയുള്ളത് 440 സീറ്റും. സംയുക്ത സമ്മേളന സമയത്ത് കൂടുതൽ സീറ്റുകൾ കൊണ്ടു വന്ന് ഹാളിൽ കുത്തിനിറച്ചാണ് ഇതിനു പരിഹാരം കണ്ടിരുന്നത്. എന്നാൽ  പുതിയ മന്ദിരത്തിൽ സംയുക്ത സമ്മേളനത്തിനായി സെൻട്രൽ ഹാളില്ല, പകരം ലോക്സഭാ ഹാളിലായിരിക്കും സമ്മേളനം നടക്കുക. അത്തരം ഘട്ടത്തിൽ 1272 എംപിമാർക്കു വരെ സീറ്റിങ് സൗകര്യമൊരുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഹാളിന്റെ രൂപകൽപന.

ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയാണ് ലോക്സഭാ ഹാൾ നിർമിച്ചിരിക്കുന്നത്, രാജ്യസഭാ ഹാളാകട്ടെ ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലും. 1947 ഓഗസ്റ്റ് 14-ന് അർധരാത്രി ബ്രിട്ടൻ ഇന്ത്യയ്ക്ക് അധികാരം കൈമാറിയതിന്റെ ഓർമയുണർത്തുന്ന സ്വർണ ചെങ്കോലും പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കുന്നുണ്ട്. ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനം. തമിഴ്നാട്ടിലെ ശൈവമഠമായ തിരുവാത്തുറൈ അധീനത്തിലെ പുരോഹിതർ ‘ചെങ്കോൽ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറും. പ്രധാനമന്ത്രി ഇത് ലോക്സഭയിൽ സ്പീക്കറുടെ ചെയറിനു സമീപം സ്ഥാപിക്കും.

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറത്തിറക്കും. അശോകസ്തംഭം, സത്യമേവ ജയതേ എന്ന വാചകം,  ദേവനാഗരി ലിപിയിൽ ഭാരത് എന്നും  ഇംഗ്ലിഷിൽ ഇന്ത്യ എന്നും എഴുത്ത് എന്നിവ ഒരു വശത്തും,  പുതിയ പാർലമെന്റ് കോംപ്ലക്സിന്റെ രൂപവും സൻസദ് സംകുൽ എന്ന് ദേവനാഗരിയിലും പാർലമെന്റ് കോംപ്ലക്സ് എന്ന് ഇംഗ്ലിഷിലുമുള്ള എഴുത്തും മറുവശത്തും ഉണ്ടാകും.