നരേന്ദ്രമോദി ഓസ്ട്രേലിയയിൽ എത്തുന്നു; സന്ദർശനം 22 മുതൽ 24 വരെ.

നരേന്ദ്രമോദി ഓസ്ട്രേലിയയിൽ എത്തുന്നു; സന്ദർശനം 22 മുതൽ 24 വരെ.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രേലിയയിൽ എത്തുന്നു. 22 മുതൽ 24 വരെയാണ് മോദിയുടെ ഓസ്ട്രേലിയൻ സന്ദർശനം. ജപ്പാനിൽ ജി-7 ഉച്ചകോടിക്കായി എത്തിയ മോദി 21 വരെ അവിടെ തുടരും. തുടർന്ന് പാപുവ ന്യൂഗിനിയിൽ ഇന്ത്യ–പസിഫിക് സഹകരണ ഫോറം ഉച്ചകോടിയിൽ പങ്കെടുത്തശേഷമാവും ഓസ്ട്രേലിയയിൽ എത്തുക. പാപുവ ന്യൂഗിനിയയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമാണിത്.

23-ന് സിഡ്‌നിയിൽ പ്രവാസികൾ നരേന്ദ്രമോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കും. അന്ന് നടക്കുന്ന പരിപാടിയിൽ ഓസ്‌ട്രേലിയൻ ബിസിനസ് മേധാവികളുമായി അദ്ദേഹം സംവദിക്കുകയും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും. 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി ഉഭയകക്ഷി ചർച്ച നടത്തും.

അതേസമയം  മെൽബണിൽ നടക്കാനിരുന്ന ക്വാഡ് (ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങളുടെ ഉച്ചകോടി റദ്ദാക്കി. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനം റദ്ദാക്കിയതുകൊണ്ടാണിതെന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു.

ലോകത്തെ ഏറ്റവും ശക്തരായ എഴ് ജനാധിപത്യരാജ്യങ്ങൾ പങ്കെടുക്കുന്ന ജി ഏഴ് ഉച്ചകോടിക്ക് ജപ്പാനിലെ ഹിരോഷിമയിൽ തുടക്കമായി. ജി-7 അംഗങ്ങളല്ലാത്ത ചൈനയുടെയും റഷ്യയുടെയും സാന്നിധ്യമായിരിക്കും ഇത്തവണ ഉച്ചകോടിയിലെ ശ്രദ്ധാകേന്ദ്രമാകുക. 1945-ൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്ക അണു ബോംബ് വർഷിച്ച ഹിരോഷിമയാണ് ജി7 വേദി എന്നത് ഉച്ചകോടിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. അംഗരാജ്യങ്ങളായ ജപ്പാൻ, കാനഡ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നിവയ്ക്ക് പുറമെ ഇന്ത്യ, വിയറ്റ്നാം, ഒസ്ട്രേലിയ, ബ്രസീൽ, ഇന്തൊനീഷ്യ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കും ക്ഷണമുണ്ട്. മൂന്ന് ദിവസം നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുണ്ട്.

ഓസ്ട്രേലിയയിൽ നടക്കാനിരുന്ന ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച റദ്ദാക്കിയ സാഹചര്യത്തിൽ ജപ്പാനിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായും ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.