മലയാളിക്ക് നരേന്ദ്രമോദിയുടെ വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്പ്രസ്.

മലയാളിക്ക് നരേന്ദ്രമോദിയുടെ വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്പ്രസ്.

കേരളത്തിലും വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ എത്തി. ഈ മാസം 22-ന് ട്രയൽ റൺ നടക്കും. രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.

‘ആത്മനിർഭർ ഭാരത്’ അഥവാ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രകാരം പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തതും നിർമ്മിച്ചതുമാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ. വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ ട്രയൽ റൺ 2018- ഒക്ടോബറിലാണ് നടത്തിയത്. 2019 ഫെബ്രുവരിയിൽ ദില്ലി-വാരണാസി റൂട്ടിലാണ് ആദ്യ എക്‌സ്പ്രസ് ഓടി തുടങ്ങിയത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്‌സ്പ്രസ്.

52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് സാധിക്കും. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ 6-7 മണിക്കൂർ എടുക്കുമെങ്കിൽ വന്ദേ ഭാരത് എക്‌സ്പ്രസിൽ വെറും 3 മണിക്കൂറിൽ എത്താൻ സാധിക്കും. കേരളത്തിൽ എക്‌സ്പ്രസ് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റിപ്പോർട്ട്.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേഭാരത് എക്‌സ്പ്രസുകൾ രൂപകല്പനയും നിർമ്മാണം നടക്കുന്നത്. സെമി ഹൈ സ്പീഡ് ഇന്റർസിറ്റി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റാണ് യഥാർത്ഥത്തിൽ ഇത്തരം എക്‌സ്പ്രസ് ട്രെയിനുകൾ. ട്രെയിൻ 18 എന്നും ഇതിന് വിളിപേരുണ്ട്. ട്രക്കിന്റെ ശേഷിയനുസരിച്ച് 200 കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാൻ സാധിക്കും. എല്ലാ സീറ്റുകളും റിക്ലൈനർ സീറ്റുകളാണ്. എക്‌സിക്യൂട്ടിവ് കോച്ചിലാകട്ടെ 180 ഡിഗ്രി റൊട്ടേറ്റിംഗ് സീറ്റുകളുമുണ്ട്. ട്രെയിൻ ചലിക്കുന്ന ദിശ അനുസരിച്ച് സീറ്റിന്റെ ദിശ തിരിക്കാമെന്ന് ചുരുക്കം. സീറ്റുകൾക്ക് മുന്നിൽ 32 ഇഞ്ച് സ്‌ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ ഇൻഫോടെയിൻമെന്റിന് അവസരം ഒരുക്കുകയാണ് ഇതിലൂടെ. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പറും നൽകിയിട്ടുണ്ട്. പൂർണ്ണമായും ശീതികരിച്ച ട്രെയിനുകൾക്ക് ഇരു ഭാഗത്തും ഡ്രൈവർ ക്യാബിനുകൾ സജ്ജീകരിച്ചിട്ടുണ്ട്. അതിനാൽ ദിശമാറ്റാൻ സമയനഷ്ടം ഉണ്ടാകില്ല.

ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകൾ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങൾ. വന്ദേഭാരതിലെ വിശാലമായ ജനാലകൾ പുറം കാഴ്ച ആവോളം ആസ്വദിക്കാൻ വഴിയൊരുക്കുന്നു. ഒപ്പം ബാഗേജിന് വേണ്ടി കോച്ചുകളിൽ കൂടുതൽ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.

ഈ മാസം 24-ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി 25-ന് വന്ദേഭാരത് ഉദ്ഘാടനം ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ റെയിൽവേയ്‌ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.