കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി ഇന്ന് വിഷു.

പ്രതീക്ഷയുടെ പുതുവെളിച്ചം നൽകി ഇന്ന് വിഷു. കേരളത്തിന്റെ സ്വന്തം കാർഷികോത്സവമാണ് വിഷു. വിളവെടുപ്പിന്റെ ആഘോഷമായും വിഷുവിനെ കാർഷിക കേരളം കണക്കാക്കുന്നു.

മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാം വിഷുവും വരുന്നു. മലയാള മാസം മേടം ഒന്നിന് വിഷുക്കണി ഇല്ലാതെ വിഷു ആഘോഷിക്കുന്നത് ഒരിക്കലും അർത്ഥ പൂർണമാകുന്നില്ല. വിഷു എന്ന് പറയുമ്പോൾ വിഷുക്കണിയും കൈനീട്ടവുമാണ് മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത്. വിഷുവിന് നാടൻ പച്ചക്കറികൾ ഉപയോഗിച്ചുള്ള സദ്യയും നിർബന്ധമാണ്.

ഐതീഹ്യ പ്രകാരം, നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആചരിക്കുന്നത്. മറ്റൊരു ഐതീഹ്യം എന്നത് രാവണന്റെ മേൽ ശ്രീരാമൻ നേടിയ വിജയത്തെ അനുസ്മരിക്കുന്നതാണ്.

കേരളത്തോടൊപ്പം അയൽ സംസ്ഥാനങ്ങളിലും അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരുകൊല്ലം നിലനിൽക്കുമെന്ന വിശ്വാസവുമുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രതീക്ഷയുടെ വിഷുകണിയൊരുക്കി എല്ലാം ശുഭകരമാകുന്ന നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും.

എല്ലാ മലയാളീപത്രം വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.