അഴിമതി അരമന അരഭ്രാന്തന്മാരുടെ നാട് ?

അഴിമതി അരമന അരഭ്രാന്തന്മാരുടെ നാട് ?

അടിതൊട്ടു മുടിയോളം, മുടിതൊട്ട് അടിയോളം അഴിമതിയുടെ അടിത്തറ മാന്തി അടയിരിക്കുന്ന അല്ലെങ്കിൽ അടി തകർന്ന കപ്പൽപോലെ അതിമോഹം ചക്രശ്വാസം വലിക്കുന്ന നാട്ടിൽ നിന്ന് അഴിമതി ആട്ടിയോടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകില്ലേ? പാലക്കാട്ട് ചാലി ശേരിയിൽ സംസ്ഥാന തദ്ദേശദിനാഘോഷം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ “മികച്ച സേവനം ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണം. സർക്കാർ സ്ഥാപനങ്ങളിൽ വരുന്നവർ ദയ ചോദിച്ചുവരുന്നവരല്ല. അവർക്ക് അർഹമായ കാര്യങ്ങളാണ് ചോദിക്കുന്നത്. പണം ആവശ്യപ്പെടുന്നത് മാത്രമല്ല, സേവനങ്ങൾ താമസിപ്പിക്കുന്നതും, അവകാശങ്ങൾ നിഷേധിക്കുന്നതും അഴിമതിയാണ്”. മുഖ്യമന്ത്രിയുടെ ഈ ഉപദേശം മംഗളകരമെങ്കിലും ദുസ്വഭാവികളും ദുഷ്ടമനസ്സുള്ള മനുഷ്യരുടെ ഹൃദയ ത്തിൽ നിന്ന് നിത്യവും വെള്ളംപോലെ ചോർന്നുപോകുകയല്ലേ? കേരളത്തിൽ പടർന്നുപന്തലിച്ച അഴിമതിയിലൂടെ കോടിശ്വരന്മാരായ എത്ര പേരെ തുറുങ്കിലടക്കാൻ സാധിച്ചു? കേരളത്തിലെ കൈക്കൂലി, അഴിമതി മാലിന്യലേപനം എത്ര കുളിച്ചു ശുദ്ധി വരുത്തിയാലും ആ മാലിന്യം മാറിപോകില്ല. അഴിമതി, കൈക്കൂലി വരദാനമായി കണ്ട് ഏറ്റവും കൂടുതൽ പണം കൈപറ്റുന്നവർക്ക് എല്ലാം വർഷവും പാരിദോഷികം കൊടുത്തു് ആദരവോടെ ആദരിക്കണം അല്ലെങ്കിൽ ഈ അഴിമതി വീരന്മാരെ ഉന്മുലനാശം വരുത്താൻ തുറുങ്കിലടക്കണം. ഇവർക്ക് ഇപ്പോഴുള്ള പണിയെക്കാൾ നല്ലത് ജയിലിലെ കൃഷിപ്പണിയാണ്. പാവങ്ങളെ ചൂഷണം ചെയ്യുന്ന ഈ അധികാരിവർഗ്ഗത്തെ, പകൽ കൊള്ളക്കാരെ, രാത്രിയിൽ ബോധമില്ലാത്ത ഈ ചൂഷക വർഗ്ഗത്തെ ആരാണ് പാലൂട്ടി വളർത്തിയത്? പടിയടച്ചു പിണ്ഡം വെയ്‌ക്കേണ്ടത് ആരാണ്?

നല്ലൊരു ശുഭകാര്യത്തിനായി സർക്കാർ സ്ഥാപനങ്ങളിൽ ചെല്ലുന്നവർക്ക് വഴികാട്ടിത്തരാൻ പച്ചപ്പുല്ല് കണ്ട പശുവിനെപോലെ പലയിടത്തും ഏജന്റന്മാരുണ്ട്. ഉന്നതരുടെ ആദരവ് പിടിച്ചുപറ്റിയിട്ടുള്ള ഈ കൂട്ടർ സർക്കാർ സ്ഥാപനങ്ങളിൽ പച്ചപിടിച്ചങ്ങനെ വളരുന്നു. നിത്യവും കിട്ടുന്ന കള്ളപ്പണത്തിന്റെ ഒരു വിഹിതം ഉന്നതർക്കുമുണ്ട്. ഇവർ അധികാരത്തിലുള്ളവരുടെ വീണമീട്ടുന്ന ഉപകരണങ്ങളാണ്. കൊട്ടാരഗോപുരങ്ങളിൽ മദാലസുന്ദരിമാരുടെ മിഴികൾ ചലിക്കുന്നതും അവരുടെ കൈകൊട്ടിക്കളികളും കണ്ടിട്ടുണ്ട്. ഇവിടെയെല്ലാം വിനീത ദാസന്മാരെപോലെ പാവങ്ങൾ താണുവണങ്ങി നിൽക്കുന്നു. അർഹതയുള്ളവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാണ് സർക്കാർ സ്ഥാപനങ്ങൾ. അവർ കൊടുക്കുന്ന നികുതിപ്പണമാണ് ശമ്പളം, പെൻഷനായി കൊടുക്കുന്നത്. എന്നിട്ടും ഈ മൂഢന്മാർ, ദുഷ്ടന്മാർ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ നിന്ന് കയ്യിട്ട് വാരുന്നു. ഈ പണക്കിഴി ഇങ്ങനെ തഴച്ചുവളരാൻ കാരണം ഇവരുടെ മുഖത്തു് കാർക്കിച്ചു തുപ്പാൻ, തൊഴിലിൽ നിന്ന് പിരിച്ചുവിടാൻ കരുത്തുള്ളവർ ഇല്ലാത്തതല്ലേ?

ഈ ആധുനിക കാലത്തു് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ഒരു തൊഴിലാളി വരുന്നതും പോകുന്നതും നിർണ്ണയിക്കാൻ ബയോമെട്രിക് പഞ്ചിംഗ് സംവിധാനമില്ലാത്തതും ഈ കൂട്ടർക്ക് തണലാണ്. ചുരുക്കം സ്ഥാപനങ്ങളിൽ ഉണ്ടെന്ന് അറിയാം. ഇഷ്ടമുള്ളപ്പോൾ വരിക പോകുക എന്നത് ചുമതലകളിൽ നിന്ന് ഒളിച്ചോടാനുള്ള അവസരമൊരുക്കുന്നു. ഇത് ബോധപൂർവ്വം ഒഴുവാക്കുന്നത് യൂണിയനുകളാണ്. യൂണിയൻ നേതാക്കന്മാരായി നടക്കുന്നവരിൽ കൂടുതലും ജോലി ചെയ്യാൻ താല്പര്യമില്ലാത്ത അലസന്മാരാണ്. ഇവരിൽ പലർക്കും നിയമനം കിട്ടിയതും പിൻവാതിൽ വഴിയാണ്. ഓഫീസിൽ നിന്ന് അപ്രത്യക്ഷമായാൽ ആരും ചോദിക്കില്ല. ഈ കൂട്ടർ ഉന്നതമായ ആദർശങ്ങൾ പ്രസംഗിക്കും. ആ പറഞ്ഞതിന്റെ ഒരു പൂടപോലും പിന്നീട് കാണില്ല. സ്വന്തം ചുമതലകൾ തൊഴിലിടങ്ങളിൽ നിർവഹിക്കാത്തവർക്കെതിരെ, അഴിമതിക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാറില്ല. ഉത്തരവാദിത്വമില്ലാത്ത ഈ യൂണിയൻ നേതാക്കന്മാർ നമ്മുടെ പവിത്രങ്ങളായ സർക്കാർ സ്ഥാപനങ്ങളെ മലിനപ്പെടുത്തുക മാത്രമല്ല സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് വെല്ലുവിളി ഉയർത്തുന്നവരുമാണ്. എന്റെ ഗ്രാമത്തിലും ഇത്തരത്തിൽ കുടത്തിൽ വെച്ച വിളക്കു പോലെ നടക്കുന്ന കുട്ടി നേതാക്കളുണ്ട്. അവരുടെ പദവികൾ കേട്ടാൽ കുതിരകളുടെ കുളമ്പടി ശബ്ദമുണ്ടോ എന്ന് നോക്കും. ജീവിത ദർശനമോ കാഴ്ചപ്പാടോ ഇല്ലാത്തവർ മതതീവ്രവാദ വേലികെട്ടി അധികാരത്തിലെത്താൻ ജനങ്ങളെ പറ്റിക്കുന്നു.

കൊട്ടാരങ്ങളും നഗരങ്ങളും പടുത്തുയർത്തുന്ന നാട്ടിൽ സർക്കാർ സേവനങ്ങൾക്ക് എന്തുകൊണ്ടാണ് ഓൺലൈൻ സംവിധാനമൊരുക്കാത്തത്? ലോകമെങ്ങും ഈ സംസ്‌കാരം തഴച്ചുവളരുമ്പോൾ സ്വന്തം വീട്ടിലിരുന്ന് ആവശ്യങ്ങൾ നിറവേറ്റുമ്പോൾ കേരളത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറക്കി എന്തിനാണ് പീഡിപ്പിക്കുന്നത്? സ്വാർത്ഥ താൽപര്യങ്ങൾക്കായി കീഴാളന്മാരെ സൃഷ്ടിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ അഴിമതിയുടെ തടവുമുറികളാക്കരുത്. അങ്ങനെയെങ്കിൽ കൈക്കൂലി കൊടുക്കാൻ തടവുകാരെയും കിട്ടില്ല. ഇന്ത്യൻ ജനത എത്രനാളിങ്ങനെ സർക്കാർ സ്ഥാപനങ്ങളെ, ഭരണാധികാരികളെ ശപിച്ചും നിന്ദിച്ചും കണ്ണീരൊപ്പിയും ജീവിക്കും?

ജനാധിപത്യത്തിന്റെ മറവിൽ കോടിശ്വരന്മാർ, കൊള്ളക്കാർ, കഞ്ചാവ് മാഫിയകൾ, അഴിമതിക്കാർ എന്തുകൊണ്ട് വളരുന്നു? ജനങ്ങൾ ഭീതിജനകമായ അഴിമതിക്കറകളിൽ നിന്ന് എന്നാണ് മുക്തി നേടുക? സർവ്വതും പഠിച്ചുവളർന്ന മലയാളി കൈക്കൂലിക്കാരുടെ പിടിയിൽ നിന്ന്, സ്വാർത്ഥ താൽപര്യക്കാരുടെ, ജാതിമത അരാഷ്ട്രീയ അന്ധകാര – ആരവത്തിൽ നിന്ന് എന്നാണ് രക്ഷപ്പെടുക? ഏത് ഭൂമി ശാസ്ത്രത്തിൽ അടിയുറച്ചു് വിശ്വസിക്കുന്നവരായാലും ഇടുങ്ങിയ ചിന്താധാരകൾക്കപ്പുറം നാട്ടിൽ നടക്കുന്ന അനീതി, അഴിമതിയുടെ കാട് വെട്ടി തെളിയിക്കേണ്ടത് അരിവാൾ കൊണ്ടാകണം. ഇല്ലെങ്കിൽ അവിടെ സൂര്യപ്രകാശം കടക്കില്ല. പാവങ്ങളുടെ കണ്ണീരൊപ്പാൻ, ആവശ്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജോലിക്കാരുടെ അദ്ധ്വാന ഭാരം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യകളെ സൂക്ഷ്മമായി ഇഴപിരിച്ചെടുക്കണം. ഇല്ലെങ്കിൽ പാവങ്ങളുടെ ശാപം മന്ത്രച്ചരടുകളെഴുതിയ തകിടുകൾകൊണ്ടോ, കുന്തുരുക്കത്തിന്റെ പുകച്ചുരുളുകൾകൊണ്ടോ തടുക്കാനാകില്ല. കേരളത്തിലെ മതഭ്രാന്തുപോലെ അഴിമതിയും ഭ്രാന്തൻകോശങ്ങളിൽ നിന്നുണ്ടാകുന്ന മാനസിക രോഗമാണ്. അഴിമതി അരഭ്രാന്തു് യോഗ്യത നേടിയവർ അരമന മുഴുഭ്രാന്തിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു. ഈ അജ്ഞതയിൽ സർക്കാർ പങ്കാളികളാകാതെ കേരളത്തെ മാലിന്യ മുക്തമാക്കാൻ, അഴിമതിമുക്തമാക്കാൻ മുന്നിട്ടിറങ്ങണം. അതിന് ജനങ്ങളുടെ പങ്കാളിത്വമാണ് പ്രധാനം.

കാരൂർ സോമൻ
karoorsoman@yahoo.com

പ്രവാസിയുടെ പൂട്ടിയ വീടും പൂട്ടാത്ത പെട്ടിയും