ഏകാന്തത..

ഏകാന്തത..

ഏകാന്തതയുടെ ദിനങ്ങള്‍..
ഓര്‍മ്മകളുടെ പടവിൽ..
ആകുലതകള്‍ ചേര്‍ന്ന് വേട്ടയാടുന്നില്ല..
ഒറ്റക്കിരിക്കാന്‍ സുന്ദരമായ ഇടങ്ങളിൽ പുസ്തകവും പാട്ടുകളും..
എന്നിട്ടും.. മടുപ്പും ആവര്‍ത്തനങ്ങളും ചേര്‍ന്ന് എന്റെ പുസ്തകം
അടച്ചു വെക്കുന്നു…

മുറിയിലിപ്പോള്‍ ഇരുട്ട്..
ജാലകത്തിനു പുറത്ത് നിലാവ്..
പുറത്തെ മരങ്ങളില്‍
പാവമൊരു കാറ്റ് താളം പിടിക്കുന്നു..
അകലെ എവിടെയോ
ഏതൊക്കെയോ പക്ഷികള്‍
ഓര്‍മ്മകളെ കൂകിയുണര്‍ത്തുന്നു..
രാത്രിയാണ്.. ഒന്നും
ചെയ്യാനില്ലാത്തൊരു പാതിര..
മേശപ്പുറത്ത് പുസ്തകങ്ങള്‍ ചിതറിക്കിടക്കുന്നു..
വായിച്ചു തീര്‍ക്കാനാവാതെ
ബാക്കിയായ അക്ഷരങ്ങള്‍..

പണ്ടിങ്ങനെയേ ആയിരുന്നില്ല..
ഓരോ പേജുകളും ഉള്ളിനുള്ളിലേക്കു തുളച്ചു കയറുമായിരുന്നു..
വാക്കുകള്‍ ജീവിതാനുഭവങ്ങളുമായി കലഹിച്ച്..
ഓര്‍മ്മകളുടെയും ചിന്തകളുടെയും അജ്ഞാതമായ ശിഖരങ്ങള്‍ സ്പര്‍ശിക്കുമായിരുന്നു..
കേട്ടു കേട്ടു കൊതി തീരാതെ
ഹൃദയത്തിന്റെ ഏതൊക്കെയോ അറകളില്‍ കറങ്ങിത്തിരിയും സ്വരങ്ങള്‍..

ജനലിനപ്പുറം..
ഇളം കടും പച്ചകള്‍.. മഞ്ഞകള്‍..
കാറ്റ് പിടിക്കുന്നു.. ഇലകളില്‍..
നിറങ്ങളുടെ ഉന്മാദം..
മണ്ണില്‍ നിഴല്പ്പൂരം..

പാതികണ്ണടച്ചീ പകലിന്റെ
സൂചിയില്‍ നൂല്‍
കോര്‍ത്തുകോര്‍ത്തിരുട്ടിന്‍..
തിരശ്ശീലചേര്‍ത്തു തുന്നും വരെ..🌿

മിനി കൃഷ്ണൻ

(കവിത അയച്ചു തന്നത് ജിയ ജോർജ്)