കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമ നിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന്.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; നാമ നിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഇന്ന്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ നയിക്കാന്‍ ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ആകുകയാണ്. ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.എന്‍ ത്രിപാഠി എന്നിവരില്‍ ഒരാള്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വൈകിട്ടോടെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കി അംഗീകരിക്കപ്പെട്ട പത്രികകൾ ഏതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ , കെ എൻ ത്രിപാഠി എന്നിവരാണ് നിലവിൽ പത്രിക സമർപ്പിച്ചിട്ടുള്ളത്. ഖാർഗെ പതിനാലും തരൂർ അഞ്ചും പത്രികകളാണ് സമർപ്പിച്ചത്. കാര്‍ത്തി ചിദംബരം, മാത്യു കുഴല്‍നാടന്‍, കെ.എസ് ശബരി നാഥന്‍ തുടങ്ങിയ യുവനേതാക്കള്‍ ഉള്‍പ്പെടെ അറുപത് പേര്‍ തരൂരിനെ പിന്തുണച്ച് പത്രികയില്‍ ഒപ്പുവെച്ചു.

ഇന്ത്യയിലെ പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികളില്‍ മിക്കതും നേതാക്കള്‍ക്ക് 75 വയസ്സ് പ്രായപരിധി നിശ്ചയിക്കുമ്പോള്‍ കോണ്‍ഗ്രസ് എണ്‍പതു വയസ്സുകാരനെ അധ്യക്ഷനാക്കാന്‍ അധ്യക്ഷനാക്കാന്‍ തയ്യാറെടുക്കുന്നു എന്നൊരു പ്രത്യേകതയും ഈ ഇലക്ഷനുണ്ട്. നെഹ്റു കുടുംബത്തിന്‍റേയും ഹൈക്കമാൻഡിന്‍റേയും പിന്തുണയോടെ മത്സരിക്കുന്ന മല്ലികാര്‍ജ്ജുൻ ഖാര്‍ഗേയ്ക്ക് വിമത വിഭാഗമായ ജി23 -ന്റെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

തിരുവനന്തപുരം എംപിയായ ശശി തരൂരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാര്‍ഗ്ഗേയുടെ പ്രധാന എതിരാളി. ഇന്നലെ രാവിലെ എഐസിസി ആസ്ഥാനത്ത് എത്തി നാമനി‍ര്‍ദേശ പത്രിക സമര്‍പ്പിച്ച ശശി തരൂര്‍ പിന്നാലെ പ്രചാരണ പത്രികയും പുറത്തിറക്കി. മാറ്റം ആഗ്രഹിക്കുന്നവര്‍ ഒപ്പമുണ്ടാകും എന്ന് തരൂര്‍ പ്രത്യാശ പങ്കുവെച്ചു. ഇന്ന് മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകത്തിൽ സന്ദർശനം നടത്തുന്ന ശശി തരൂർ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. സംസ്ഥാനങ്ങളിലെ വോട്ടർമാരായ നേതാക്കളുമായി തരൂർ കൂടി കാഴ്ച നടത്തും.