യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കും.

കീവ്: റഷ്യ യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത 4 പ്രവിശ്യകൾ രാജ്യത്തോട് കൂട്ടിച്ചേർക്കും. യുക്രെയ്നിലെ കിഴക്കൻ, തെക്കൻ മേഖലയിലെ ഈ പ്രവിശ്യകൾ യുക്രെയ്നിന്റെ 15 ശതമാനത്തോളം വരും. നിലവിൽ റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച റഷ്യ ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ചയാണു പൂർത്തിയായത്. ലുഹാൻസ്ക് (98%), ഡോണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ പ്രവിശ്യകളിലെ ജനങ്ങൾ തങ്ങളുടെ ഭാഗമാകാൻ ഹിതപരിശോധനയിൽ സമ്മതമറിയിച്ചെന്നാണു റഷ്യയുടെ അവകാശവാദം. മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ സാന്നിധ്യത്തിൽ ഇന്നു നടക്കുന്ന ചടങ്ങിൽ 4 പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ ഉടമ്പടി ഒപ്പുവയ്ക്കും.

റഷ്യ കയ്യടക്കിയ വടക്കുകിഴക്കൻ പ്രദേശങ്ങൾ ഓരോന്നായി യുക്രെയ്ൻ സേന തിരിച്ചുപിടിക്കുന്ന സാഹചര്യത്തിലാണു റഷ്യയുടെ കൂട്ടിച്ചേർക്കൽ നടപടി. 2014 -ൽ ക്രൈമിയ കൂട്ടിച്ചേർക്കാനും റഷ്യ ഇതേ രീതിയാണു പിന്തുടർന്നത്. ഇതേസമയം ഹിതപരിശോധന തട്ടിപ്പാണെന്നു യുക്രെയ്നിനു പുറമേ യുഎസും ജർമനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളും ആരോപിച്ചു. കൂട്ടിച്ചേർക്കുന്ന പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നു ജി7 രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ വീഴുമെന്ന കണക്കുകൂട്ടലിലാണ് റഷ്യ ആക്രമണം തുടങ്ങിയത്. പക്ഷേ, ഏഴു മാസം പിന്നിടുമ്പോഴും ശക്തമായി പിടിച്ചുനിൽക്കുകയാണ് യുക്രെയ്ൻ. ആക്രമണത്തിന്റെ പേരിൽ റഷ്യയ്ക്കെതിരെ രാജ്യാന്തര തലത്തിൽ വിമർശനവും ഉപരോധങ്ങളും ഉണ്ടാകുമ്പോഴും റഷ്യയോടു വിധേയത്വം പുലർത്തുന്ന മേഖലകളിൽ ഹിതപരിശോധന നടത്തി അവയെ കൂട്ടിച്ചേർക്കാൻ ആണ് റഷ്യ ശ്രമിക്കുന്നത്.