മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 12

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 12

കേരളം നദികളും കായലുകളും കൊണ്ടു സമ്പന്നമായ നാടാണല്ലോ. പഴയ കാലത്തു ജലമാർഗം ആയിരുന്നല്ലോ ചരക്കുകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിരുന്നത്. അതിനു ഉപയോഗിച്ചിരുന്ന വള്ളങ്ങളെ കെട്ടുവള്ളങ്ങൾ എന്നാണല്ലോ വിളിച്ചിരുന്നത്. ചരക്കുകൾ കയറ്റുമ്പോൾ വള്ളത്തിന്റെ ബാലൻസ് തെറ്റി മറിയുവാൻ സാധ്യത യുണ്ട്. അപ്പോൾ ചരക്കിന്റെ ഉടമസ്ഥർ വെള്ളത്തിൽ ചാടി തന്റെ മുതുകു വള്ളത്തിന് താങ്ങായി കൊടുക്കും. അങ്ങനെ “ചരക്കിട്ടവനെ മുതുകിടൂ” എന്ന ചൊല്ല് രൂപംകൊണ്ടു.

“കാലത്തെ തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കില്ല” എന്നറിയാവുന്ന തുഴച്ചിൽകാർ പ്രഭാതം പൊട്ടിവിരിയുന്നതിനു മുമ്പേ വള്ളം തുഴയും. നട്ടുച്ച നേരത്തെ കൊടുംവെയിലിലുള്ള തുഴച്ചിൽ പ്രയാസകരമാണെന്ന് അവർക്കറിയാം.

“മുത്തി വളർത്തിയ കുട്ടിയും മുക്കുവൻ പോറ്റുന്ന പട്ടിയും” ഒരുപോലെ അനുസരണം ഇല്ലാത്തവരായി തീരാം. “തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും” എന്നാണല്ലോ പറയുന്നത്. “ആറേ പോയവൻ നൂറു പ്രാകിയാൽ ഒന്നെങ്കിലും ഫലിക്കും”. അതുകൊണ്ട് മറ്റുള്ളവരുടെ ശാപം ഏറ്റുവാങ്ങാൻ ഇടയാക്കാതെ സംസാരവും പ്രവർത്തിയും നിയന്ത്രിക്കുക.

“വേലിയേൽ ഇരിക്കുന്ന പാമ്പിനെ എടുത്തു ശീലയിൽ വയ്ക്കുക” വേണ്ടാത്ത പ്രവൃത്തി അല്ലേ. എന്തിനു അനാവശ്യ പ്രവൃത്തി ചെയ്തു അനർത്ഥം വരുത്തിവയ്ക്കുന്നു. “പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും”. അതിനാൽ ചതിയും വഞ്ചനയും ജീവിതത്തിൽ നിന്നു ഒഴിവാക്കുക.

“പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നാൽ കൂരായണ കൂരായണ” എന്ന സ്വഭാവം കപട ഭക്തിയല്ലേ ചൂണ്ടിക്കാട്ടുന്നത്. ഏതു പ്രതിസന്ധിയെയും ധൈര്യമായി നേരിടുന്നവരെ “പാലം കുലുങ്ങിയാലും കേളൻ കുലുങ്ങുകയില്ല” എന്ന സ്വഭാവക്കാരായി കരുതുന്നതിൽ തെറ്റില്ല.

“പഠിച്ചതേ പാടു” അതുകൊണ്ട് ചെറുപ്പം മുതലേ നല്ല കാര്യങ്ങൾ പഠിച്ചു വളരുക. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കണം എന്ന ചിന്ത മനസ്സിൽ രൂപപ്പെടുവാനല്ലോ “നാലാൾ പറഞ്ഞാൽ നാടും വഴങ്ങണം” എന്ന ചൊല്ലിലൂടെ പറഞ്ഞുതരുന്നത്. “തൊണ്ടയിൽ പഴുത്താൽ കീഴ്പോട്ടിറക്കുകയെ നിവൃത്തിയുള്ളു” എന്നതു നമുക്കറിയാവുന്ന സംഗതിയാണല്ലോ.

സമയം ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല എന്ന കാര്യം “അയ്യർ വരുന്നതുവരെ അമാവാസി നിൽക്കുമോ?” എന്ന ചോദ്യത്തിലൂടെ നമ്മളോട് ചോദിക്കുന്നു. അതുകൊണ്ട് ചെയ്‌വാനുള്ളത് ചെയ്യേണ്ട സമയത്തു തന്നെ ചെയ്യുക.

ഓരോരുത്തരുടെയും വ്യത്യസ്ത കഴിവുകൾ തിരിച്ചറിയുകയും അതിനനുസരിച്ചുള്ള പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്‌താൽ നല്ലതായിരിക്കും എന്നു ചൂണ്ടിക്കാണിക്കുകയാണ് “കുന്തിരിക്കം വിറ്റു കാലം കഴിപ്പവൻ കുന്തപ്പയറ്റ് തുടർന്നാൽ നടക്കുമോ?” എന്നുള്ള ചൊല്ല്.

“ചക്കര കുടത്തിൽ കൈയിട്ടാൽ നക്കാതിരിക്കുമോ?” എന്നതു ചിലർക്കു ശരിയായിരിക്കാം ചിലർക്കു തെറ്റായിരിക്കാം. “തിന്നുമ്പോൾ പന്നിക്ക് ചെവി കേൾക്കയില്ല” എന്ന സംഗതി പന്നിയുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കുന്നു. “പച്ചവെള്ളം ചവച്ചു കുടിക്കുക” എന്നു ചിലരെക്കുറിച്ചെങ്കിലും നമ്മൾ പറഞ്ഞിട്ടുണ്ടാകാം. അവരെ നമ്മൾ പഞ്ചപാവങ്ങളായല്ലോ കണക്കാക്കുന്നത്.

“നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാൽ അതും അവർക്കൊരു തണൽ”. രാഷ്ട്രീയക്കാർ പരസ്പരം പഴിചാരുന്നതിനായി ഉപയോഗിക്കുന്ന ഒരു ചൊല്ലാണല്ലോ. കുരച്ചുകൊണ്ട് വരുന്ന നായ്ക്കളെ മെരുക്കുവാൻ ഉപായം പറഞ്ഞു തരുന്നു “കുരയ്ക്കുന്ന നായയ്ക്കു ഒരു പൂള് തേങ്ങ” എന്ന ചൊല്ല്.

“മറ്റമ്മ ചമഞ്ഞാൽ പെറ്റമ്മ ആകുമോ?” ഇല്ലല്ലോ. “അർത്ഥമുണ്ടായാൽ മദിച്ചുപോമേവരും”. അനുഭവങ്ങൾ സാക്ഷിപ്പെടുത്തിയ ഒരു ചൊല്ലു തന്നെ. “തങ്ക സൂചി തറച്ചാലും വേദനയുണ്ടാകും” എന്നതു മറക്കാതിരിക്കുക. “ആയിരം പൊന്നിൻ തൂമ്പയുണ്ടെങ്കിലും ഇരുമ്പിൻ തൂമ്പയുടെ ആവശ്യം വരും” എന്നതും ഓർക്കുക.

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 11

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 1