മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 1

മലയാള ചൊല്ലുകളും ശൈലികളും

പഴയ കാലത്തെ മനുഷ്യരുടെ സുദീർഘമായ അനുഭവങ്ങളും നിരീക്ഷണങ്ങളും നർമബോധവും ഒത്തുചേർന്നു ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണല്ലോ മലയാള പഴഞ്ചൊല്ലുകളും ശൈലികളും.

കേരളത്തിലെ കിഴക്കൻ മലനിരകളിൽ നിന്നു ഉത്ഭവിച്ചു പടിഞ്ഞാറു അറബിക്കടലിലേക്കു നിരവധി നദികളും, പുഴകളും, ആറുകളും, തോടുകളും ഒഴുകുന്നു. ഇവയിലെല്ലാം വലുതും ചെറുതുമായ അരുവികളും കൈത്തോടുകളും എത്തുന്നു. എല്ലാം ജലസമൃദ്ധങ്ങളുമായിരുന്നു. അവയുടെ ഇരുകരകളും ഫലഭൂയിഷ്ഠമായ സമതലങ്ങളും ആയിരുന്നു. അവയെല്ലാം കൃഷിസ്ഥലങ്ങളായി. ഭൂരിഭാഗവും നെൽപ്പാടങ്ങളായി. അവയുടെ സംരക്ഷണ ബണ്ടുകളിൽ തെങ്ങും കമുകും വച്ചുപിടിപ്പിച്ചു ബലം നൽകി. അങ്ങനെ കേരളം ഒരു വിളനിലമായി. അതുകൊണ്ട് കൃഷിയുമായി ബന്ധപ്പെട്ടു കൂടുതൽ ശൈലികളും ചൊല്ലുകളും ഉണ്ടായി.

“പഴഞ്ചൊല്ലിൽ പതിരില്ല” എന്ന ചൊല്ല് എടുക്കുമ്പോൾ അതിലുണ്ട് ഒരു പതിര്. നെൽകതിരുകളിൽ അരിമണിയുള്ളത്, അരിമണിയില്ലാത്തത് എന്നു രണ്ടായി തരംതിരിക്കും. മണിയില്ലാത്തത് ‘പതിര്’. അപ്പോൾ പഴഞ്ചൊല്ലിൽ പതിരൊണ്ടോ? ഒരിക്കലും ഇല്ല.

കൃഷി ഉപജീവനമാർഗം ആക്കിയിരുന്ന പൂർവികരുടെ മനസ്സിൽ “അന്നവിചാരം മുന്നവിചാരം” എന്ന ചൊല്ലാണ് മുൻപന്തിയിൽ. കൃഷിയിറക്കുന്നതിനു നല്ല വിത്തുകൾ വേണം. കാരണം “വിത്തുഗുണം പത്തുഗുണം” എന്നു അവർക്കറിയാം. എന്നു മാത്രമല്ല “തൊണ്ണൂറ് ചാലുപൂട്ടി വെണ്ണീറു കോരിയെറിഞ്ഞാൽ ഒന്നുക്ക് ആയിരം” വിളവ് ലഭിക്കും എന്നും അറിയാം. അതിനാൽ നന്നായി നിലം ഉഴുതു ശരിയാക്കും. ആണ്ടിൽ രണ്ടു തവണ കൃഷി ചെയ്യും. മുണ്ടകനും വിരിപ്പും. “മുണ്ടൊൻ നട്ടു മുങ്ങണം വിരിപ്പു നട്ടു ഉണങ്ങണം” എന്നത് അനുസരിച്ചു ആണ്ടിൽ രണ്ടു കൃഷി. “കുംഭമാസത്തിൽ മഴപെയ്താൽ കുപ്പയും പൊന്നാകും”, “ചിങ്ങം ഞാറ്റിൽ ചിനുങ്ങി ചിനുങ്ങി” എന്ന ചൊല്ലും കൃഷിയിൽ അവർക്കു തുണയായിട്ടുണ്ട്.

തുടരും —

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 2