മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 9

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 9

കാക്കക്കുഞ്ഞുങ്ങൾ മലയാളികൾക്ക് സുപരിചിതം. മനുഷ്യരുടെ കണ്ണിൽ ഭംഗിയൊട്ടുമില്ലാത്ത കുഞ്ഞുങ്ങൾ. കാക്കക്കൂടു കണ്ടാൽ കല്ലെറിയാത്ത കുട്ടികൾ പണ്ടില്ലായിരുന്നു. അങ്ങനെ “കാക്കക്കൂട്ടിൽ കല്ലെറിയുക” എന്ന ശൈലി ആരംഭിക്കുന്നു. കല്ലെറിഞ്ഞാലുള്ള ഫലം കണ്ടിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. “വടി കൊടുത്തു അടി വാങ്ങുക” എന്നതായിരിക്കും അതിന്റെ ഫലം. “കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞു” തന്നെ എന്നോർക്കുക. കാക്കകൾ മഴയത്തും വെള്ളക്കെട്ടിലും ഇറങ്ങി കുളിക്കും. പക്ഷേ “കാക്ക കുളിച്ചാൽ കൊക്കാകുമോ”.

ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്തമാണല്ലോ. “കുട്ടിച്ചാത്തനെ കുഴിയിൽ ചാടിക്ക”, “കുളത്തിൽ മുങ്ങി, കിണറ്റിൽ പൊങ്ങുക”, “കുഴിയാനയെ ആറാട്ടുകൊമ്പനാക്കുക” എന്നിവയെല്ലാം ഓരോരുത്തരുടെയും സ്വഭാവരീതികൾ വെളിപ്പെടുത്തുന്ന ചൊല്ലുകളാണല്ലോ.

പൂച്ച പാൽ കുടിക്കുന്നത് നമ്മൾ കണ്ടിരിക്കും. കണ്ണടച്ചു പാൽ കുടിക്കുമ്പോൾ അതിന്റെ മനസ്സിൽ മറ്റാരും തന്റെ പ്രവൃത്തി കാണില്ല എന്ന മനോഭാവം ആയിരിക്കണം. അങ്ങനെ “പൂച്ച പാൽ കുടിക്കുന്നതു പോലെ” ആരും കാണുകയില്ല എന്ന മട്ടിൽ കാര്യങ്ങൾ ചെയ്യുന്നവർ നമുക്കു ചുറ്റിലും ധാരാളം ഉണ്ടല്ലോ.

“എഴുതാപ്പുറം വായിക്കുക”, “മറുപുറം വായിക്കുക” എന്നിവയിലൂടെ പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്നവർ കുറവല്ലല്ലോ. “തോക്കിൽ കടന്നു വെടിവയ്ക്കുക” എന്നതുപോലെ അസ്ഥാനത്തു കയറി അപകടം വരുത്തിവയ്ക്കുക ചിലർക്കു രസമുള്ള കാര്യമാണ്. രക്ഷകരായി എത്തുന്നവരെ ഉപദ്രവിക്കുന്നതിലാണ് ചിലർക്കു സന്തോഷം. അങ്ങനെയുള്ളവരെ “തോളിലിരുന്നു ചെവി കടിക്കുക” പ്രവൃത്തി ചെയ്യുന്നവരുടെ കൂടെകൂട്ടാം. “ചോരയും ചോറും മറക്കുക”, “കുളിച്ച കുളം മറക്കുക” എന്നിവ നന്ദികേടിന്റെ പര്യായങ്ങൾ. “കൃതഘ്നനില്ല നിഷ്കൃതി”. ദോഷങ്ങൾക്കെല്ലാം പരിഹാരമുണ്ട്, നന്ദികേടിനുമാത്രം അതില്ല.

“തീയും നുണയും കുറച്ചു മതി” എന്നറിയാമെങ്കിലും “പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി” പോലെ നടന്നു പ്രശ്നങ്ങൾ വഷളാക്കുക ചിലർക്കു ഹരമാണ്. “കുളം കലക്കി മീൻ പിടിക്കുക”, “കുളം കലക്കി പരുന്തിനു കൊടുക്കുക”, വ്യത്യസ്ത മനുഷ്യരുടെ വ്യത്യസ്ത പ്രവൃത്തികൾ. പ്രശ്നങ്ങളുണ്ടാക്കി അതിൽനിന്നു മുതലെടുപ്പു നടത്തുന്നു ഒരു കൂട്ടർ, മറുകൂട്ടർ മറ്റുള്ളവരെയും അതിലേയ്ക്കു വലിച്ചിടുന്നു.

“മലർന്നു കിടന്നു തുപ്പിയാൽ മാറത്തു വീഴും”, “പല്ലിട കുത്തി മണപ്പിക്കരുത്” എന്നീ സംഗതികൾ അവനവനു തന്നെ ദോഷമാണെന്നു അറിയാമെങ്കിലും “വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട്” എന്ന മട്ടിൽ ചെയ്യാതെ “മാനം വേണമെങ്കിൽ മൗനം നന്ന്” രീതി അവലംബിയ്ക്കുക.

തുടരും…

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 8