പുതിയ ത്രിരാഷ്‌ട്ര സഖ്യവുമായി ഇന്ത്യയും യു എ ഇയും ഫ്രാൻസും; ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കും.

പുതിയ ത്രിരാഷ്‌ട്ര സഖ്യവുമായി ഇന്ത്യയും യു എ ഇയും ഫ്രാൻസും; ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കും.

ന്യൂഡൽഹി: പുതിയ ത്രിരാഷ്‌ട്ര സംഖ്യത്തിന്റെ ഭാഗമായി ഇന്ത്യ, ഫ്രാൻസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ചർച്ച നടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് നടത്തിയത്. സമുദ്ര സുരക്ഷ, പ്രാദേശിക കണക്റ്റിവിറ്റി, ഊർജം, ഭക്ഷ്യ സുരക്ഷ, വിതരണ ശൃംഖല പ്രതിരോധം എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് മൂന്ന് രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.

ഫ്രഞ്ച്, യൂറോപ്പ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടർ (ഏഷ്യ, ഓഷ്യാനിയ) ബെർട്രാൻഡ് ലോർത്തോളറിയും ഡെപ്യൂട്ടി ഡയറക്ടർ (മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക) ഇമ്മാനുവൽ സുക്വെറ്റും ഫ്രഞ്ച് ടീമിനെ നയിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് ആന്റ് ട്രേഡ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ അഹമ്മദ് ബുർഹൈമയാണ് യു എ ഇ-യെ പ്രതിനിധീകരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (യൂറോപ്പ് വെസ്റ്റ്) സന്ദീപ് ചക്രവർത്തി, ജോയിന്റ് സെക്രട്ടറി (ഗൾഫ്) വിപുൽ എന്നിവർ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

മൂന്ന് രാജ്യങ്ങളും ഈ മേഖലയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ യോഗത്തിൽ പങ്കുവെച്ചു. രാജ്യത്തെ ജനങ്ങൾ തമ്മിൽ സാംസ്‌കാരികമായും പ്രതിരോധ ശേഷിയിലൂടെയും ഉള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ പറ്റിയും കൂടി ആലോചിച്ചു.