ഓസ്‌ട്രേലിയയിൽ ജൂൺ മാസത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ പോൾസ്റ്റാർ 2.

ഓസ്‌ട്രേലിയയിൽ ജൂൺ മാസത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ പോൾസ്റ്റാർ 2.

സിഡ്‌നി: ഇലക്ട്രിക് കാർ വിൽപ്പനയിൽ പോൾസ്റ്റാർ 2 ടെസ്‌ലയെ മറികടന്നു. ജൂൺ മാസത്തിൽ ഓസ്‌ട്രേലിയയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാർ പോൾസ്റ്റാർ 2 ആണ്. VFACTS ഇൻഡസ്ട്രി സെയിൽസ് ഡാറ്റ പ്രകാരം 201 പോൾസ്റ്റാർ 2 ഇലക്ട്രിക് സെഡാനുകൾ കഴിഞ്ഞ മാസം വിറ്റഴിച്ചു. മാർച്ചിൽ ഡെലിവറികൾ ആരംഭിച്ചതിന് ശേഷം ഇതുവരെ 562 വാഹനങ്ങൾ ആണ് വിൽപ്പന നടത്തിയത്.

രാജ്യത്തു ഏറ്റവും അധികം ഇലക്ട്രിക്ക് കാറുകൾ നിരത്തിൽ എത്തിക്കുന്ന ടെസ്‌ല ജൂൺ മാസത്തിൽ 172 വാഹനങ്ങൾ ആണ് വില്പന നടത്തിയത്. ടെസ്‌ലയുടെ ഉത്പാദനം കുറഞ്ഞതും സ്റ്റോക്ക് എത്തിച്ചേരാനുള്ള താമസവും ആണ് ഈ വില്പന ഇടിവിനു കാരണം. ജനുവരി മുതൽ മാർച്ച് വരെ 4400 വാഹനങ്ങൾ വിറ്റഴിച്ച ടെസ്‌ല ഏപ്രിൽ മുതൽ ജൂൺ വരെ 236 വാഹനങ്ങൾ മാത്രം ആണ് ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കാൻ സാധിച്ചത്.

ജൂണിലെ ഇലക്‌ട്രിക് കാർ വിൽപ്പനയിൽ ടെസ്‌ലയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്തു ഹ്യുണ്ടായ് അയോണിക് 5, 102 കാറുകൾ വിറ്റഴിച്ചു. ഇതേ കാലയളവിൽ ഹ്യൂണ്ടായ് കോന ഇലക്ട്രിക് 98 കാറുകളും വിറ്റഴിച്ചു.

1996-ൽ സ്ഥാപിതമായ ഒരു സ്വീഡിഷ് ഓട്ടോമോട്ടീവ് ബ്രാൻഡാണ് പോൾസ്റ്റാർ. 2015-ൽ വോൾവോ ഏറ്റെടുത്തു. സ്വീഡനിലെ ഗോഥൻബർഗിന് പുറത്തുള്ള ടോർസ്‌ലാൻഡയിലാണ് ഇതിന്റെ ആസ്ഥാനം. ചൈനയിലാണ് വാഹന നിർമ്മാണം നടക്കുന്നത്.