ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

ഭരണഘടനാ വിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചു നടത്തിയ പ്രസംഗം സൃഷ്ടിച്ച രാഷ്ട്രീയ കൊടുങ്കാറ്റിൽ പിടിച്ചുനിൽക്കാനാകാതെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാജി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയ്‌ക്ക് രാജിക്കത്ത് കൈമാറിയത്. യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് രാജിവയ്‌ക്കാൻ നിർദ്ദേശിച്ചത് എന്നാണ് വിവരം. ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഇതോടെയാണ് രാജിവയ്‌ക്കാൻ മന്ത്രിയ്‌ക്ക് മേൽ സമ്മർദ്ദം ശക്തമായത്.

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രി പദം രാജി വെച്ച ചെങ്ങന്നൂർ എം എൽ എ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവായി. സിആർപിസി 156/3 പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. കൊച്ചി സ്വദേശിയായ ഹൈക്കോടതി അഭിഭാഷകന്റെ പരാതി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.

രണ്ടാം പിണറായി സർക്കാർ ഒരു വർഷവും 47 ദിവസവും പിന്നിട്ടപ്പോഴാണു മന്ത്രിസഭയിൽനിന്ന് ആദ്യത്തെ രാജി. രാജിവയ്ക്കാതെ പറ്റില്ലെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വവും സംസ്ഥാന നേതാക്കളും തമ്മിൽ ഇന്നലെ രാവിലെ തന്നെ ധാരണയായിരുന്നു. രാജിയാകും ഉചിതമെന്ന സന്ദേശം രാവിലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രിക്കു ലഭിച്ചിരുന്നു. അഡ്വക്കറ്റ് ജനറൽ സർക്കാരിനു നൽകിയ നിയമോപദേശവും എതിരായിരുന്നു.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടിഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചെന്നുമായിരുന്നു പരാമർശം.

അതേസമയം, പരാമർശം പിൻവലിക്കാൻ സജി ചെറിയാൻ തയ്യാറായിട്ടില്ല. എം എൽ എ സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോടും പ്രതികരണം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാജി തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും ആണ് സജി ചെറിയാൻ പറയുന്നത്. തന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്ത് ഉപയോഗിച്ചു എന്നാണ് സജി ചെറിയാൻ സ്വയം ന്യായീകരിക്കുന്നത്.