മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 2

മലയാള ചൊല്ലുകളും ശൈലികളും

മനുഷ്യകുലത്തിന്റെ മുന്നോട്ടുള്ള ജീവിതപ്രയാണത്തിൽ വെളിച്ചം നൽകുന്ന വിളക്കുമരങ്ങൾ ആണല്ലോ പഴഞ്ചൊല്ലുകൾ.

നല്ല മഴ കിട്ടി. നിലമൊരുക്കി. വിത്തു വിതച്ചു. ചാലുകീറി. വെള്ളം ഒഴുക്കി, നിലം ഉണക്കി. “വിളയും വിത്തും മുളയിലെ അറിയാം” എന്നതുകൊണ്ട് കാത്തുനിന്നു. നെൽവിത്ത് ഞാറായി വളർന്നു. നല്ലതും മോശവും ഉണ്ട്. കരയിൽ വിതച്ചവയിൽ നിന്നു നല്ലതു പറിച്ചെടുത്തു മോശമായവയുടെ സ്ഥാനത്തു നട്ടു. “തിന വിതച്ചാൽ തിന കൊയ്യും “ എന്നാണല്ലോ പ്രമാണം.

“ചെളിയിൽ തല്ലിയാൽ നീളെ തെറിക്കും” എന്നത് ചെളി നിറഞ്ഞ പാടങ്ങൾ ഉഴുതുമറിക്കുമ്പോൾ കിട്ടിയ അനുഭവത്തിന്റെ വെളിച്ചത്തിൽ കൈവന്നതാകാം. രാഷ്ട്രീയത്തിലും മറ്റും പോരു മുറുകുമ്പോൾ ഈ ചൊല്ലു ഓർക്കുന്നത് നന്ന്.

“ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം” എന്നു പറയുമ്പോൾ “നിങ്ങളുടെ അധ്വാന ഫലം നിങ്ങൾ അനുഭവിക്കും” എന്ന ബൈബിൾ വചനവും ഓർമയിൽ വരുന്നു.

സമയം സന്ധിയായി. പാടത്തു പണി കഴിഞ്ഞു. അടുത്തു തൊടുണ്ട് അല്ലെങ്കിൽ കുളമുണ്ട്. ദേഹം ശുചിയാക്കണം. തോർത്തുമെടുത്തു അങ്ങോട്ടേക്ക് പോയി. “ആകെ മുങ്ങിയാൽ കുളിരില്ല” എന്നതിനാൽ എടുത്തൊരു ചാട്ടം. നീർക്കാൻ കുഴിയിട്ടു മുങ്ങും. നന്നായി കുളിച്ചു കര കയറും. ഇപ്പോൾ മനസ്സും ശരീരവും ശുദ്ധമാകും.

ദിവസങ്ങൾ കടന്നു പോയി. പാടങ്ങൾ കൊയ്യാറായി. വിളവു പരിശോധിക്കുമ്പോൾ ഒരു കാര്യം പിടികിട്ടി. “താണ കണ്ടത്തിൽ എഴുന്ന വിള “. അതു സ്വാഭാവികം.

കൊയ്‌ത്തിനായി ആളെ വിളിച്ചുകൂട്ടും. അവരിൽ ചിലർ കരയോട് അടുത്തുള്ള പാടങ്ങൾ തെരെഞ്ഞെടുക്കും. കാരണമുണ്ട് “താഴെ കൊയ്തവർ ഏറെ ചുമക്കണം”. കളത്തിനടുത്തായാൽ അധികം ചുമക്കാതെ കളത്തിലെത്താം.

കറ്റകൾ മെതിച്ചു. നെല്ലുണക്കി. ഇനി പതിരു കളയണം. “കാറ്റത്തു തൂറ്റണം” എന്നുള്ള അറിവിൽ കോരികയിൽ നെല്ലു കോരി കാറ്റിന്റെ ഗതി നോക്കി താഴേക്കു വീഴ്ത്തും കുറേശ്ശയായി. നല്ല മണികൾ അടുത്തുവീഴും. പതിരുകൾ അകലേക്കും.

“തന്നതു തന്നതു തിന്നാൽ പിന്നെയും പിന്നെയും തമ്പുരാൻ തരും” എന്നതുകൊണ്ടു തീറ്റിപണ്ടാരങ്ങൾ ആകരുത്. “അധികമായാൽ അമൃതും വിഷം” എന്നാണല്ലോ.

“അന്നദാനം മുന്നദാനം” നല്ലതു തന്നെ. പക്ഷേ, ചിലരുടെ “ചൊറിങ്ങും കൂറങ്ങും” സ്വഭാവം മനസ്സിലാക്കിയിരിക്കണം. അവരോടു നമുക്കു പറയാം “തന്നതും തിന്നതും മറക്കരുത് “, “ഉണ്ടചോറ്റിൽ കല്ലിടരുത് “ എന്നൊക്കെ.

“പുത്തരിയിൽ കല്ലുകടിക്കുക” എന്ന അനുഭവം ഉണ്ടാകാത്തവർ ആരുമേ കാണില്ല കടം വാങ്ങുകയാണെങ്കിൽ “ഉണ്ടു മുഷിഞ്ഞവനോട് ഉരുളയും കണ്ടു മുഷിഞ്ഞവനോട് കടവും വാങ്ങണം”.

“പാടത്തു പണി ചെയ്താൽ വരമ്പത്തു കൂലി കിട്ടും” എന്നു ഇക്കാലത്തും നാം കേൾക്കാറുണ്ട്. പക്ഷേ പണ്ടു കാലത്തു പണി ചെയ്യാതിരുന്നാലും വരമ്പത്തു കിട്ടുമായിരുന്നു നല്ല അടി.

“മുത്താഴം കഴിഞ്ഞാൽ മുള്ളിന്മേലെങ്കിലും കിടക്കണം” എന്നതു അധ്വാനിക്കുന്നോർക്കു മാത്രമാണെന്ന് ഓർക്കുക.

“ചോളച്ചോറ്റിനു തേരകത്തില കറി”,”തവിടു തിന്നാലും തകൃതി കളയരുത്”, “ഊതിക്കുടിക്കാൻ കഞ്ഞിയില്ല, ഊറ്റം കൊണ്ടു പൊറുതിയില്ല”, ഉണ്ടാൽ മയക്കം ഉണ്ടില്ലെങ്കിൽ കറക്കം” എന്നിവയെല്ലാം സാധാരണ ജീവിതത്തിൽ കാണുകയും കേൾക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ്.

കഞ്ഞി കുടിക്കണമെന്നുണ്ടെങ്കിൽ അരി വേവിച്ചെടുക്കണം. അടുപ്പും വിറകും വേണം. അരി നാഴിയാണെങ്കിലും അടുപ്പുകല്ലുകൾ മൂന്നു വേണം. മോഡേൺ കിച്ചനിൽ അടുപ്പു വേണ്ടെങ്കിലും വിറകടുപ്പുകൾക്കു മൂന്നു കല്ലു തന്നെ വേണം.

തുടരും..

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 1