ചൈന ചൈനയുടേതെന്നു പറയുന്ന തയ്‌വാന്റെ ചരിത്രം

ചൈന ചൈനയുടേതെന്നു പറയുന്ന തയ്‌വാന്റെ ചരിത്രം

കിഴക്കനേഷ്യയിലെ ഒരു ദ്വീപാണ് തായ്‌വാൻ. ചൈനീസ്, തായ്‌വാനീസ, മൻഡറിൻ എന്നിവയാണ് ദ്വീപിലെ പ്രധാന ഭാഷകൾ. തയ്‌വാനിലെ ആദ്യ താമസക്കാർ ഓസ്ട്രോനേഷ്യൻ ഗോത്ര ജനങ്ങളാണ്. ഇവർ ഇന്നത്തെ തെക്കൻ ചൈനീസ് പ്രദേശത്തുനിന്നു വന്നവരാണെന്നാണു കരുതപ്പെടുന്നത്. എഡി 239 മുതലാണ് ചൈനീസ് രേഖകളിൽ തയ്‌വാൻ ദ്വീപിനെക്കുറിച്ചു പരമാർശിക്കപ്പെടുന്നത്. അന്നത്തെ ചക്രവർത്തി പ്രദേശം പരിശോധിക്കാനായി ഒരു സംഘമാളുകളെ അയച്ചിരുന്നു. പിന്നീട് 1624 – 1661 വരെ ഡച്ച് കോളനിയായിരുന്നു. 1683 – 1895 വരെ ചൈനയുടെ ക്വിങ് ഭരണത്തിനു കീഴിലായിരുന്നു തയ്‌വാൻ. 17ാം നൂറ്റാണ്ടു മുതൽ ചൈനയിൽനിന്ന് നിരവധിപ്പേർ അവിടേക്ക് കുടിയേറിപ്പാർത്തു.

1895 ൽ ആദ്യ ചൈന – ജപ്പാൻ യുദ്ധത്തിൽ‌ ജപ്പാൻ ജയിച്ചതിനെ തുടർന്ന് ക്വിങ് ഭരണകൂടത്തിനു തയ്‌വാനെ ജപ്പാനു വിട്ടുകൊടുക്കേണ്ടിവന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടപ്പോൾ തയ്‌വാനിൽനിന്ന് അവർ പിന്മാറി. പിന്നാലെ, യുദ്ധത്തിലെ ജേതാക്കളിൽ ഒന്നായ റിപ്പബ്ലിക് ഓഫ് ചൈന (അന്നത്തെ ചൈനീസ് ഭരണകൂടം) സഖ്യകക്ഷികളായ യുഎസിന്റെയും യുകെയുടെയും പിന്തുണയോടെ തയ്‌വാൻ ഭരിച്ചുതുടങ്ങി. 1945-ൽ ജപ്പാൻ പരാജയപ്പെട്ടതിനെത്തുടർന്ന് കുമിംഗ്താങ് കക്ഷിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിലുള്ള യുദ്ധം പുനരാരംഭിച്ചു. യുദ്ധം അവസാനിപ്പിക്കാനും ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 1949 ഒക്ടോബർ 1-ന് മാവോ സേതൂങ് വിപ്‌ളവം ജയിച്ച് ജനകീയ ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. വൻകരയിലെ ചൈനീസ് ഭൂവിഭാഗങ്ങളുടെ നിയന്ത്രണം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ലഭിച്ചു.

ആഭ്യന്തര യുദ്ധത്തിൽ മാവോ സെദുങ്ങിന്റെ കമ്യൂണിസ്റ്റ് പോരാളികളോടു പരാജയപ്പെട്ടു നാടുവിട്ട അന്നത്തെ ചിയാങ് കൈ–ഷെക്കിന്റെ സംഘം (കുമിൻതാങ് സർക്കാർ – കെഎംടി) തയ്‌വാനിലാണ് എത്തിയത്. തുടർന്ന് തായ്‌പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു. അദ്ദേഹം യുഎസ് സഹായത്തോടെ സ്ഥാപിച്ച ഭരണത്തിനു കീഴിലായിരുന്നു ദീർഘകാലം തയ്‌വാൻ ജനത. തയ്‌വാനാണ് യഥാർഥ ചൈന റിപ്പബ്ലിക് എന്ന് ചിയാങ് അവകാശപ്പെടുകയും കമ്യൂണിസ്റ്റ് വിരുദ്ധരായ രാജ്യങ്ങൾ ഇത് അംഗീകരിച്ചു കൊടുക്കയും ചെയ്തു. അങ്ങനെ തയ്‌വാന്റെ റിപ്പബ്ലിക് ഓഫ് ചൈന എന്ന നാമം ഇന്നും തുടരുന്നു.

തയ്‌വാൻ വിഭജിച്ചുപോയ പ്രവിശ്യ മാത്രമാണെന്നും അതിനെ തങ്ങളോടു കൂട്ടിച്ചേർക്കുകയാണ് അന്തിമ ലക്ഷ്യമെന്നുമുള്ള നിലപാടിൽ ചൈന ഒരിക്കലും ഇളവു വരുത്തിയിട്ടില്ല. ഈ വിഷയത്തിലുള്ള ശീതയുദ്ധകാലത്തെ സംഘർഷങ്ങൾക്ക് അയവു വന്നത് 1980–90 കളിൽ ചൈന സാമ്പത്തിക ഉദാരവൽക്കരണത്തിലേക്കു തിരിയുകയും തയ്‌വാനിൽ ജനാധിപത്യവൽക്കരണം നടക്കുകയും ചെയ്തതോടെയാണ്. ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്റായിരിക്കേ 1979 -ൽ ചൈന-യുഎസ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഏക ചൈനാ നയം അംഗീകരിച്ചതിനു പിന്നാലെ തയ്‌വാനുമായി ഉണ്ടായിരുന്ന നയതന്ത്രബന്ധം അവസാനിപ്പിച്ച യുഎസ്, അവിടെത്തെ യുഎസ് എംബസി അടച്ചുപൂട്ടുകയും ചെയ്തു. നയതന്ത്രരംഗത്ത് ബെയ്ജിങ്ങിനു പൂർണാഗീകാരം നൽകിയെങ്കിലും പിൻവാതിൽ വഴിയുള്ള യുഎസ് ഇടപെടൽ തയ്‌വാനിൽ തുടർന്നു. 1979 -ൽ തന്നെ തായ് വാൻ റിലേഷൻസ് ആക്ട് എന്നൊരു നിയമം യുഎസ് പാർലമെന്റ് പാസാക്കി. ദ്വീപുരാജ്യം ആക്രമിക്കപ്പെട്ടാൽ യുഎസ് അവരെ പിന്തുണയ്ക്കുമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. തയ്‌വാനും ചൈനയും തമ്മിലുള്ള ഭിന്നതകൾ ക്രിയാത്മക ചർച്ചകളിലൂടെയാണു പരിഹരിക്കേണ്ടതെന്ന പരസ്യ നയവും യുഎസ് സ്വീകരിച്ചുപോന്നു.

തായ്‌വാൻ ഒരു രാജ്യമായി ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. തെക്കു കിഴക്കൻ ചൈനയിൽനിന്ന് ഏതാണ്ട് 100 മൈൽ ദൂരമുണ്ട് തയ്‌വാനിലേക്ക്. നിലവിൽ 13 രാജ്യങ്ങൾ മാത്രമാണ് തയ്‌വാനെ സ്വതന്ത്രപരമാധികാര രാജ്യമായി കണക്കാക്കുന്നത്. മറ്റു രാജ്യങ്ങൾക്കൂടി ആ കൂട്ടത്തിലേക്കു ചേരാതിരിക്കാൻ വലിയ നയതന്ത്ര സമ്മർദ്ദമാണ് ചൈന നടത്തുന്നത്.

ചൈനയുടെ ഭീഷണി തള്ളി നാൻസി പെലോസി തായ‍്‍വാനിൽ; സൈനിക വിമാനങ്ങൾ അയച്ച് ചൈനയുടെ പ്രകോപനം.