ചൈനയുടെ ഭീഷണി തള്ളി നാൻസി പെലോസി തായ‍്‍വാനിൽ; സൈനിക വിമാനങ്ങൾ അയച്ച് ചൈനയുടെ പ്രകോപനം.

ചൈനയുടെ ഭീഷണി തള്ളി നാൻസി പെലോസി തായ‍്‍വാനിൽ; സൈനിക വിമാനങ്ങൾ അയച്ച് ചൈനയുടെ പ്രകോപനം.

തായ‍്‍പേയി: ചൈനയെ വെല്ലുവിളിച്ച് അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാനിൽ എത്തി. നാൻസി പെലോസി തായ്‌വാനിൽ എത്തിയാൽ അമേരിക്ക കനത്ത വില നൽകേണ്ടി വരുമെന്ന് ചൈന ഭീഷണി മുഴക്കിയിരുന്നു. തയ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നൽകുന്നതിനാണ് ഈ സന്ദർശനമെന്ന് തയ്‌വാനിലെത്തിയ നാൻസി പെലോസി ട്വീറ്റ് ചെയ്തു. യുഎസും ചൈനയും 1979-ൽ ഉണ്ടാക്കിയ ഉടമ്പടിയുടെ യാതൊരു ലംഘനവും അമേരിക്ക നടത്തുന്നില്ലെന്നും പെലോസി ട്വിറ്ററിൽ കുറിച്ചു.

അതേസമയം, പെലോസിയുടെ സന്ദർശനത്തെ ‘തീക്കളി’ എന്നു വിശേഷിപ്പിച്ച ചൈന, പ്രതിഷേധം കടുപ്പിച്ചു. 1.4 ബില്യൻ ചൈനീസ് പൗരൻമാരെ ശത്രുക്കളാക്കിയ യുഎസ്, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു. ചൈനയെ വെല്ലുവിളിച്ച് യുഎസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി.

നാൻസി പെലോസിയുടെ സന്ദർശനത്തിന് തൊട്ടുമുൻപ് ചൈനയുടെ യുദ്ധവിമാനങ്ങൾ തായ്‌വാൻ അതിർത്തി കടന്ന് പറന്നതായുള്ള റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്. ചൈനീസ് പ്രകോപനത്തിന് പിന്നാലെ അമേരിക്കൻ പടക്കപ്പലുകൾ ജപ്പാനിൽ നിന്ന് തായ‍്‍വാനിലേക്ക് തിരിച്ചിരുന്നു. ചൈനയുടെ യുദ്ധ വിമാനമായ എസ്‌യു-35 വിമാനങ്ങളാണ് തായ്‌വാൻ കടലിടുക്കിൽ എത്തിയത്. പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ ചെെനയുടെ നീക്കങ്ങൾ തായ്‌വാൻ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ നാലു യുദ്ധക്കപ്പലുകള്‍ യുഎസ് തയ്‌വാന്റെ കിഴക്കായി കടലിൽ വിന്യസിച്ചിട്ടുണ്ട്. പതിവു നടപടികളുടെ ഭാഗമാണ് ഇതെന്നാണ് വിശദീകരണം. ദക്ഷിണ ചൈന കടലിലൂടെ പോയ യുഎസ്എസ് റൊണാൾഡ് റീഗൻ ഇപ്പോൾ തയ്‌വാനു കിഴക്ക് ഫിലിപ്പീൻസ് കടലിലുണ്ട്. യുഎസ്എസ് ആന്റിയെറ്റാം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നിവയും റൊണാൾ‍‍ഡ് റീഗന് ഒപ്പമുണ്ട്. യുഎസ്എസ് ട്രിപ്പൊളിയും മേഖലയിലുണ്ട്.

25 വർഷത്തിനിടെ തായ്‌വാൻ സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന അമേരിക്കൻ നേതാവാണ് യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കർ ആയ നാൻസി പെലോസി. തൻ്റെ പ്രതിനിധി ആയല്ല നാൻസി പെലോസി തായ്‌വാനിലേക്ക് പോകുന്നത് എന്ന് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.പെലോസിയെ തടയില്ലെന്നും അവർക്ക് തായ്‌വാൻ സന്ദർശിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും ആയിരുന്നു വൈറ്റ് ഹൗസ് നിലപാട്. ഏഷ്യൻ പര്യടനത്തിൻ്റെ ഭാഗമാണ് തൻ്റെ സന്ദർശനം എന്നും ഇത് അമേരിക്കയുടെ വിദേശകാര്യ നയത്തിന് വിരുദ്ധമല്ലെന്നും നാൻസി പെലോസി തായ്‌വാനിൽ ഇറങ്ങിയ ശേഷം പ്രസ്താവനയിൽ അറിയിച്ചു.

രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ്‌വാൻ തങ്ങളുടെ പ്രവിശ്യയാണ് എന്നാണ് ചൈനയുടെ അവകാശവാദം. തായ‍‍്‍വാന്റെ നയങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്ന നിലപാടാണ് എല്ലാ കാലത്തും ചൈന സ്വീകരിക്കുന്നത്. തായ‍്‍വാനിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഈ കാലമത്രയും ചൈന എതിർത്തിരുന്നു. ഇത് മറികടന്ന് തായ‍്‍വാൻ സന്ദർശിക്കാനുള്ള പെലൊസിയുടെ നീക്കം ചൈനയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ചൈനയുടെ പ്രതികരണം. പെലൊസിയുടെ സന്ദർശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ‍്‍വാൻ വിഷയത്തിൽ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാൽ ചൈനയുടെ നിലപാട് തായ‍്‍വാൻ അംഗീകരിക്കുന്നില്ല.

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു; തായ്‌വാൻ സന്ദർശിച്ചാൽ ഗുരുതര പ്രത്യാഘാതമെന്ന് ചൈന.