ഇന്ത്യയിൽ 15 ലക്ഷം രൂപ വരുമാനമുള്ള പ്രവാസികൾക്കു പദവി പോകും.

ന്യൂഡൽഹി ∙ പ്രവാസികൾക്ക് ഇന്ത്യയിലെ ബിസിനസിൽനിന്നോ തൊഴിലിൽനിന്നോ മുൻവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്തു നികുതി നൽകാതിരിക്കുകയും ചെയ്താൽ പ്രവാസിയായി കണക്കാക്കില്ലെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തി ധനകാര്യ ബിൽ പാർലമെന്റ് പാസ്സാക്കി. വിദേശത്തു നികുതി നൽകാത്തവർക്ക് പ്രവാസി പദവി നഷ്ടമാകുമെന്ന നിർദേശം വിവാദമായതിനാലാണ് 15 ലക്ഷമെന്ന അധിക വ്യവസ്ഥ ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയത്. പാർലമെന്റിന്റെ ഇരു സഭകളും ചർച്ചയില്ലാതെയാണ് ബിൽ പാസാക്കിയത്. 120 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചാൽ പ്രവാസി പദവി നഷ്ടപ്പെടുമെന്നതിനു പുറമെയുള്ള വ്യവസ്ഥയായാണു ധനമന്ത്രി നിർമല സീതാരാമൻ ഈ ഭേദഗതി നിർദേശിച്ചത്.

വിദേശത്ത ടൂർ പാക്കേജ് നൽകുന്നവർ, തുകയുടെ 5% ആദായ നികുതിയിനത്തിൽ ഈടാക്കണണമെന്നു ബജറ്റിൽ നിർദേശിച്ചിരുന്നു. മറ്റാവശ്യങ്ങൾക്കു വിദേശത്തേക്കു ബാങ്കുകളും മറ്റും നൽകുന്ന പണം 7 ലക്ഷം രൂപവരെയെങ്കിൽ സ്രോതസ്സിൽ 5% നികുതി ഈടാക്കേണ്ടതില്ലെന്ന ഭേദഗതി പാസാക്കി. 7 ലക്ഷത്തിൽ കൂടുതലാണ് നൽകുന്നതെങ്കിൽ, അധിക തുകയ്ക്ക് 5% നികുതി ഈടാക്കാം. വിദേശത്തേക്കു നൽകുന്ന പഠനവായ്പയാണെങ്കിൽ, 7 ലക്ഷത്തിൽ കൂടുതലുള്ള തുകയ്ക്ക് 1.5% ആയിരിക്കും നികുതി.

ബാങ്ക്, സഹകരണ സംഘം, പോസ്റ്റ് ഓഫിസ് എന്നിവയിലെ ഒന്നോ അതിലധികമോ അക്കൗണ്ടിൽനിന്നായി മുൻവർഷത്തിൽ 1 കോടി രൂപയിൽ കൂടുതൽ പണമായി പിൻവലിച്ചവരിൽ നിന്ന് 2% ആദായ നികുതി ഈടാക്കാമെന്ന നിർദേശത്തിന്റെ ഭേദഗതിയിലൂടെ അധിക വ്യവസ്ഥ ഉൾപ്പെടുത്തി. ഇനി, ആദായ നികുതി റിട്ടേൺ നൽകുന്നവർക്കാവും 2% നിരക്ക്. കഴിഞ്ഞ 3 വർഷം നികുതി റിട്ടേൺ നൽകിയിട്ടില്ലാത്തവർക്ക് 25 ലക്ഷത്തിൽ കൂടുതൽ പണമായി ലഭിച്ചിട്ടുണ്ടെങ്കിൽ 2% നികുതി; 1 കോടിയിൽ കൂടുതലാണ് ലഭിച്ചിട്ടുള്ളതെങ്കിൽ 5% നികുതി ഈടാക്കാം.