പാക് അധീന കാശ്മീരിൽ ജനകീയ പ്രക്ഷോഭം; സ്വാതന്ത്യം ആവശ്യപ്പെട്ടു ജനങ്ങൾ തെരുവിൽ.

ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ പാക് അധീന കാശ്മീരിൽ ജനങ്ങളുടെ പ്രക്ഷോഭം. പൊലീസുമായി ജനങ്ങൾ ഏറ്റുമുട്ടി. ശനിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്താൻ പൊലീസിനെ വിന്യസിച്ചതോടെ മേഖലയിലെ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങി. സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ അതിരൂക്ഷമായ സംഘർഷമാണ് അരങ്ങേറുന്നത്. പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ സൈന്യത്തെ വിന്യസിച്ചതും സ്ഥിതി വഷളാക്കി.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാക് അധികൃതർ പരാജയപ്പെട്ടതോടെ ആസാദി (സ്വാതന്ത്ര്യം) മുദ്രാവാക്യങ്ങളും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളുമായി ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. നികുതി വർദ്ധിപ്പിച്ചതിനൊപ്പം വൈദ്യുതി പ്രതിസന്ധി കൂടി വന്നത് ജനങ്ങളെ വലച്ചു. പാക് ഭരണകൂടത്തിന്റെ നിർദേശപ്രകാരം പ്രതിഷേധക്കാർക്കെതിരെ പൊലീസ് നരനായാട്ട് തുടങ്ങിയതോടെ ​ഗത്യന്തരമില്ലാതെ ജനങ്ങൾ തിരിച്ചടിച്ചു. പൊലീസുകാരെ നേരിടുന്ന കശ്മീരികളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

മുസാഫർബാ​ദിലും റാവലകോട്ടിലും പൊലീസുമായി ജനങ്ങൾ ഏറ്റുമുട്ടി. ഇന്ത്യയുടെ ഭാ​ഗമാകണമെന്ന് കശ്മീരികൾ ആവശ്യപ്പെടുന്ന പാക് അധീന കശ്മീരിലെ സുപ്രധാന മേഖലകളിലൊന്നാണ് റാവലകോട്ട്. പാക് ഭരണകൂടത്തിൽ നിന്നും മോചനം ലഭിക്കണമെന്നും ഇന്ത്യയുടെ ഭാ​ഗമാകണണമെന്നുമാണ് ഭൂരിഭാ​ഗം ജനങ്ങളുടെയും ആവശ്യം.

വെള്ളിയാഴ്ച ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. മംഗള ഡാമിൽ നിന്നുള്ള നികുതിരഹിത വെെദ്യുതി, ഗോതമ്പ് പൊടിക്ക് സബ്സിഡി എന്നിവ ആവശ്യപ്പെട്ടാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുസാഫറാബാദിലേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാർച്ചിനിടെ പൊലീസ് പ്രതിഷേധക്കാരെ വടികൊണ്ട് അടിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പാക് അധീന കശ്മീരിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്നും മേഖലയിലെ പത്തോളം ജില്ലകളിൽ പ്രതിഷേധം തുടരുകയാണെന്നുമാണ് റിപ്പോർട്ട്.

ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം.

ലഡാക്: അല്പം ചരിത്രം.