സ്റ്റുഡൻ്റ് വിസയ്ക്കുള്ള ബാങ്ക് സേവിങ്സ് പരിധി കൂട്ടി

കാൻബറ: വിദ്യാഭ്യാസത്തിനായി ഓസ്ട്രേലിയയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികളുടെ ബാങ്ക് സേവിങ്സ് പരിധി ഉയർത്തി. രാജ്യാന്തര വിദ്യാർഥികൾ ഇനി മുതൽ 29,710 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. വെള്ളിയാഴ്ച മുതലാണ് പ്രാബല്യം. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയ സ്റ്റുഡൻ്റ് വിസയുമായി ബന്ധപ്പെട്ട ബാങ്ക് സേവിങ്സ് പരിധി ഉയർത്തിയത്. ഒക്ടോബറിൽ 21,041 ഓസ്ട്രേലിയൻ ഡോലറിൽ നിന്ന് 24,505 ഡോളറായി സേവിങ്സ് പരിധി ഉയർത്തിയിരുന്നു.

സ്റ്റുഡന്റ് വീസ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയന്ത്രണവും. 2022 -ൽ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയ ശേഷം കുടിയേറ്റക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധന, വാടകയ്ക്ക് പോലും വീടുകൾ കിട്ടാനില്ലാത്ത അവസ്ഥ മുതലായവ സർക്കാരിന് സമ്മർദ്ദമായി മാറിയിട്ടുണ്ട്.

പ്രധാനമന്ത്രി ആന്‍റണി അൽബാനീസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ സർക്കാർ ഉയർന്ന ഐഇഎൽടിഎസ് സ്‌കോറുകളും വർധിച്ച സാമ്പത്തിക ആവശ്യങ്ങളും ഉൾപ്പെടെ വീസ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. വിദേശ വിദ്യാർത്ഥികൾ നീണ്ട കാലം ഓസ്ട്രേലിയയിൽ തന്നെ തങ്ങുന്നത് അവസാനിപ്പിക്കാനുള്ള നിയന്ത്രണങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗമാണ് ഓസ്ട്രേലിയയുടെ വരുമാനത്തിൻ്റെ വലിയ ഭാഗം. 36.4 ബില്യൺ ഓസ്ട്രേലിയൻ ഡോളറാണ് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ 2022-23 കാലത്ത് ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ നേടിയത്. എന്നാൽ കുടിയേറ്റം ക്രമാതീതമായി കൂടുന്നത് സർക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. 2023 ജനുവരി-സെപ്റ്റംബർ കാലയളവിൽ 1.22 ലക്ഷം ഇന്ത്യൻ വിദ്യാർഥികളാണ് ഓസ്‌ട്രേലിയയിൽ പഠിച്ചിരുന്നത്.

രാജ്യത്ത് നിരവധി കോളേജുകൾ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നുണ്ടെന്ന മുന്നറിയിപ്പും സർക്കാർ നൽകിയിട്ടുണ്ട്. രാജ്യത്ത് വ്യാജ റിക്രൂട്ട്മെൻ്റുകളും നിർബാധം തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള 34 സ്ഥാപനങ്ങൾക്ക് ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിട്ടുണ്ട്. കുടിയേറ്റത്തിൽ 2023 സെപ്തംബർ 30 -ലെ കണക്ക് പ്രകാരം 60% വർധനയുണ്ടായി. എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിലൂടെ കുടിയേറുന്നവരുടെ എണ്ണം നിയന്ത്രിക്കാനാവുമെന്നാണ് ഓസ്ട്രേലിയൻ സർക്കാർ കണക്കുകൂട്ടുന്നത്.