ജനവാസമേഖലകൾ ഒഴിപ്പിച്ച് സൈനികനടപടി വിപുലമാക്കി ഇസ്രയേൽ.

ജറുസലേം: തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻ‍‍‍‍‍‍‍‍‍കാരെ ഒഴിപ്പിച്ചു. കിഴക്കൻ റഫയ്ക്കു പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരു ലക്ഷത്തിലേറെപ്പേർ റഫ വിട്ടതായാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. 3 ലക്ഷം പേർ സ്ഥലമൊഴിഞ്ഞതായി ഇസ്രയേൽ പറയുന്നു. ഗാസയുടെ തെക്കൻ നഗരമായ റാഫയിൽ കരയുദ്ധം വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ പ്രദേശങ്ങളിൽനിന്ന് ഒഴിയാൻ ശനിയാഴ്ച ഇസ്രയേൽ സൈന്യം പലസ്തീൻകാരോട് ഉത്തരവിട്ടിരുന്നു. സുരക്ഷിതമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച അൽ മവാസിയിലേക്കു പോകാനാണ് നിർദേശം.

യുദ്ധം മൂലം തകർന്നടിഞ്ഞ വടക്കൻ ഗാസയിൽ ഹമാസ് തിരികെയെത്തി ശക്തിപ്രാപിക്കുകയാണെന്നും അവിടം ലക്ഷ്യമാക്കി ഉടൻ നീങ്ങുമെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രി സമുച്ചയത്തിലെ 3 കൂട്ടക്കുഴിമാടങ്ങളിൽനിന്നായി 80 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. മധ്യഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ 8 കുട്ടികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. ഇതുവരെ 34,971 പലസ്തീൻകാരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.

അതിനിടെ പലസ്തീന് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നൽകുന്നതിനുള്ള പ്രമേയം ഐക്യരാഷ്ട്രസഭാ പൊതുസഭ വെള്ളിയാഴ്ച വൻഭൂരിപക്ഷത്തോടെ പാസാക്കി. പലസ്തീനെ യു.എന്നിലെ 194-ാം അംഗമാക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് രക്ഷാസമിതിയോട് പൊതുസഭ ആവശ്യപ്പെട്ടു. ഇപ്പോൾ യു.എന്നിൽ നിരീക്ഷകരാജ്യ പദവിയാണ് പലസ്തീനുള്ളത്. അറബ് രാഷ്ട്രങ്ങളും പലസ്തീൻ അതോറിറ്റിയും ചേർന്ന് കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യയുൾപ്പെടെ 143 രാജ്യങ്ങൾ അനുകൂലിച്ചു. ഇസ്രയേലും യു.എസുമുൾപ്പെടെ ഒമ്പത് രാജ്യങ്ങൾ എതിർത്തു. 25 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. യു.എൻ. പ്രമാണം കീറിയെറിഞ്ഞാണ് യു.എന്നിലെ ഇസ്രയേൽ സ്ഥാനപതി ഗിലാദ് എർദാൻ പ്രമേയത്തോടുള്ള അനിഷ്ടം പ്രകടിപ്പിച്ചത്.