ഇറാനിലെ ചബഹാർ തുറമുഖം ഇന്ത്യ ഏറ്റെടുത്തു; പാക്കിസ്ഥാനും ചൈനയ്ക്കും മറുപടി.

ഇറാനിലെ ചബഹാർ തുറമുഖം ഇന്ത്യ ഏറ്റെടുത്തു; പാക്കിസ്ഥാനും ചൈനയ്ക്കും മറുപടി.

ന്യൂഡൽഹി: ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യ ഏറ്റെടുത്തു. തുറമുഖത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട 10 വർഷത്തെ നടത്തിപ്പിനുള്ള കരാറിലാണ് ഇന്ത്യയും ഇറാനും ഒപ്പുവച്ചത്. ഇതോടെ ചബഹാർ തുറമുഖത്തിലൂടെയുള്ള ചരക്കുനീക്കങ്ങളുടെ നിയന്ത്രണം ഇന്ത്യയുടെ കരങ്ങളിലായിരിക്കും. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലെ ചരക്കുനീക്കത്തിന് പ്രധാന ഹബ്ബായി തുറമുഖം മാറുമെന്നാണ് കരുതുന്നത്. ഒപ്പം ഇന്ത്യയെ ലക്ഷ്യം വെച്ച് പാക്കിസ്ഥാനും ചൈനയും ഒപ്പിട്ട തുറമുഖ കരാറിനുള്ള മറുപടി കൂടിയായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.

കരാർ ഒപ്പിടുന്നതിനായി കേന്ദ്ര ഷിപ്പിങ് മന്ത്രി സ‍ർബാനന്ദ സോനോവാൾ ഇറാനിലെത്തിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ വിദേശത്ത് ഒരു തുറമുഖത്തിൻ്റെ നടത്തിപ്പ് കരാറിൽ ഒപ്പിടുന്നത്. അഫ്ഗാനിസ്ഥാൻ, മധ്യേഷ, യൂറോഷ്യയിലെ അതിർത്തി മേഖല എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത പാതയൊരുക്കൽ കൂടിയാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനിലെ ഗ്വാദ‍ർ തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത് ചൈനയൊരുക്കുന്ന ബെൽറ്റ് ആൻ്റ് റോഡ് പദ്ധതിക്കുള്ള മറുപടി കൂടിയാണിത്. ചബഹാർ തുറമുഖം നടത്തിപ്പ് ഏറ്റെടുത്ത ഇന്ത്യ ഇനി ഇതിനെ ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാസ്പോർട് കോറിഡോറുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുക. ഇൻ്റർനാഷണൽ നോർത്ത് സൗത്ത് ട്രാസ്പോർട് കോറിഡോർ ഇന്ത്യയുടെ അഭിമാന പദ്ധതികളിൽ ഒന്നാണ്. ഇറാൻ വഴി റഷ്യയിലേക്ക് ഇന്ത്യക്ക് വേഗത്തിലെത്താനാവുന്ന പാതയൊരുക്കലാണ് ലക്ഷ്യം. പാക്കിസ്ഥാനെ ഒഴിവാക്കിക്കൊണ്ട് അഫ്‌ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യക്ക് എത്താനാവും എന്നതാണ് ഇതിൻ്റെ നേട്ടം.

അതുമാത്രമല്ല അറബിക്കടലിലെ ചൈനയുടെ സാന്നിധ്യത്തെ നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യയ്‌ക്ക് സഹായകരമാകും. മധ്യേഷ്യയിൽ സംഘർഷ സമാനമായ സാഹചര്യം നിലനിൽക്കെയുള്ള ഇന്ത്യൻ മന്ത്രിയുടെ സന്ദർശനവും കരാറിൽ ഒപ്പുവെച്ച നടപടിയും മുന്നോട്ട് വെക്കുന്ന സന്ദേശം ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും. ഇതുകൂടാതെ ബംഗാൾ ഉൾക്കടലിൽ മ്യാന്മറിലെ സിത്വെ തുറമുഖത്തിന്റെ പ്രവ‍ർത്തനം ഏറ്റെടുക്കാനുള്ള ഇന്ത്യ പോർട്സ് ഗ്ലോബലിന്റെ ശുപാർശ ഏപ്രിലിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു.