കൊറോണ വൈറസിന് വാക്സിനുമായി ഇസ്രയേൽ; പ്രതീക്ഷയോടെ ലോകരാജ്യങ്ങൾ

കൊറോണ വൈറസിന് വാക്സിനുമായി ഇസ്രയേൽ, പ്രഖ്യാപനം വൈകാതെ; പ്രതീക്ഷയോടെ ലോകരാജ്യങ്ങൾ

കൊറോണ വൈറസ് കോവിഡ് -19 നുള്ള വാക്സിൻ വികസിപ്പിച്ചതായി ഇസ്രയേലിലെ ശാസ്ത്രജ്ഞർ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജറുസലേമിലെ മാധ്യമ റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മേൽനോട്ടത്തിലുള്ള ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞർ അടുത്തിടെ വൈറസിന്റെ ജൈവശാസ്ത്രപരമായ സംവിധാനങ്ങളും ഗുണങ്ങളും മനസ്സിലാക്കുന്നതിൽ സുപ്രധാനമായ മുന്നേറ്റം നടത്തിയതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ദിനപത്രമായ ഹാരെറ്റ്സ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ കൊറോണവൈറസ് ഭീതിയിലാണ്. പ്രതിരോധിക്കാൻ കയ്യിൽ ഒന്നുമില്ലാതെ ലോകരാജ്യങ്ങൾ ആശങ്കയിലാണ്. ഇതിനിടെയാണ് കൊറോണവൈറസ് വാക്സിൻ ലഭിക്കുമെന്ന റിപ്പോർട്ട് ഇസ്രയേലിൽ നിന്നു വരുന്നത്. എന്നാൽ, പ്രതിരോധ പ്രക്രിയയ്ക്ക് വാക്സിനേഷൻ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ടിനോട് പ്രതികരിച്ചത് മറ്റൊരു രീതിയിലാണ്.

ലോകപ്രശസ്ത ഗവേഷണ വികസന ഏജൻസിയാണ് ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. പരിചയസമ്പന്നരായ ഗവേഷകരെയും ശാസ്ത്രജ്ഞരെയും മികച്ച അറിവും നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളുളള സ്ഥാപനമാണിത്. വൈറസിന് ഒരു മെഡിക്കൽ പ്രതിവിധി ഗവേഷണം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമായി പരിചയസമ്പന്നരായ 50-ലധികം ശാസ്ത്രജ്ഞർ ഇപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്. മധ്യ ഇസ്രയേലി പട്ടണമായ നെസ് സിയോനയിൽ സ്ഥിതി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച് 1952 -ൽ ഇസ്രയേൽ പ്രതിരോധ സേനയുടെ സയൻസ് കോർപ്സിന്റെ ഭാഗമായി സ്ഥാപിക്കുകയും പിന്നീട് ഒരു സിവിലിയൻ ഓർഗനൈസേഷനായി മാറുകയും ചെയ്തു. ഇത് സാങ്കേതികമായി പ്രധാനമന്ത്രിയുടെ ഓഫിസ് മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. പക്ഷേ പ്രതിരോധ മന്ത്രാലയവുമായി അടുത്ത ആശയവിനിമയത്തിലുമാണ്.

റിപ്പോർട്ട് പ്രകാരം കോവിഡ് -19 നായി ഒരു വാക്സിൻ വികസിപ്പിക്കുന്നതിന് സംവിധാനങ്ങൾ വിനിയോഗിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകിയതായി പറയപ്പെടുന്നു. അത്തരമൊരു വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാധാരണ പ്രക്രിയയ്ക്ക് മൃഗങ്ങളെ ഉപയോഗിച്ചുള്ള പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഒരു നീണ്ട പ്രക്രിയ ആവശ്യമാണ്. ഇതിനുശേഷം ക്ലിനിക്കൽ പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട്. പാർശ്വഫലങ്ങളുടെ പൂർണ്ണ സ്വഭാവവും വ്യത്യസ്ത ജനസംഖ്യയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിൽ ആഗോളതലത്തിൽ 20-ലധികം വാക്സിനുകൾ വികസിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ നിരവധി ചികിത്സകൾ ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. എന്നാൽ, വെറും 90 ദിവസത്തിനുള്ളിൽ കൊറോണവൈറസിനെ നേരിടാൻ വാക്സിൻ നൽകാമെന്ന് ഇസ്രായേൽ ഗവേഷകർ വെളിപ്പെടുത്തി.

Courtesy: Manorama