ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ്‌ സ്റ്റേറ്റ് സ്‌കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി മലയാളി വിദ്യാർത്ഥിനിയും

സിഡ്‌നി: ഒളിമ്പിക് പാർക്കിൽ 2019 നവംബർ 6, 7 തീയതികളിൽനടന്ന ന്യൂ സൗത്ത് വെയിൽസ് പ്രൈമറി സ്‌കൂൾ സ്റ്റേറ്റ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 12 വയസ് പ്രായമുള്ള പെൺകുട്ടികളുടെ 4 x 100 മീറ്റർ റിലേ ഫൈനലിൽ സെറീന ജോർജും ടീം അംഗങ്ങളായ ഇസബെല്ല, ടെയ്‌ല, സാമന്ത എന്നിവരും സ്വർണം നേടി. 

ഹീറ്റ്സിലും സെമിഫൈനലിലും ഉടനീളം ഒന്നാം സ്ഥാനം നിലനിർത്തിയ സെറീനയുടെ ടീം തുടർന്ന്  54.45 സെക്കൻഡിൽ ഫൈനൽ പൂർത്തിയാക്കി. ഏകദേശം 3500 ഓളം സ്കൂളുകളുള്ള ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിലെ CIS (Combined Independent Schools) -നെ പ്രതിനിധീകരിച്ചാണ് സ്റ്റേറ്റ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സെറീനയുടെ ടീം പങ്കെടുത്തത്. 

അന്ന സോളിയുടെയും ഡോ. ​​സുശീൽ ജോർജ്ജ് സ്റ്റീഫന്‍റെയും മകളാണ് സെറീന. കേരളത്തിലെ ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശികളായ ഡോ. ​​സുശീലും കുടുംബവും  സിഡ്നിയിലെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ അംഗങ്ങളാണ്. സെറീന മുമ്പ് വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കുകയും റെക്കോർഡുകൾ സ്ഥാപിക്കുകയും നിരവധി മെഡലുകൾ നേടുകയും ചെയ്തിട്ടുണ്ട്.