കാൻബറയിൽ പരി. കന്യാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാമറിയത്തിന്‍റെയും  ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. കാൻബറ സെൻറ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്കൊപ്പം ഇടവക ദിനാചരണവും നടക്കും.

നാലിന് വെള്ളിയാഴ്ച വൈകുന്നേരം 5.30-നു ഒകോണർ സെൻറ്. ജോസഫ് കത്തോലിക്കാ പള്ളിയിൽ വികാരി ഫാ. ഫാ. അബ്രഹാം നാടുകുന്നേൽ തിരുന്നാൾ കൊടിയേറ്റും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠയും,ലദീഞ്ഞും ചെണ്ടമേളവും നടക്കും. തുടർന്ന് വാഗാ വാഗാ സീറോ മലബാർ ഇടവക വികാരി ഫാ. ആന്റോ ചിരിയാകണ്ടത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും.

അഞ്ചാം തീയതി ശനിയാഴ്ച പീയേഴ്സ് മേൽറോസ് ഹൈസ്കൂൾ ഹാളിൽ ഇടവക ദിനാഘോഷം നടക്കും. രാവിലെ എട്ടിന് വികാരി ഫാ. അബ്രഹാം നാടുകുന്നേൽ അർപ്പിക്കുന്ന വി.കുർബാനയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് വൈകുന്നേരം അഞ്ചുവരെ ഇടവകാംഗളുടെയും സൺഡേ സ്കൂൾ കുട്ടികളുടെയും കായിക, വിനോദ മത്സരങ്ങൾ നടക്കും. വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ഓസ്ട്രേലിയൻ അപ്പസ്തോലിക നൂൺഷിയോ ആർച് ബിഷപ്പ് അഡോൾഫോ ടിറ്റോ യല്ലാന ഉത്ഘാടനം ചെയ്യും. തുടർന്ന് ഇടവകയിലെ വിവിധ വാർഡ് കൂട്ടായ്മകളും ഭക്ത സംഘടനകളും അവതരിപ്പിക്കുന്ന കലാവിരുന്നും തുടർന്ന് സ്നേഹ വിരുന്നും നടക്കും.

പ്രധാന തിരുന്നാൾ ദിനമായ ആറിന് (ഞായറാഴ്ച) വൈകുന്നേരം നാലിന് ഒകോണർ സെൻറ്. ജോസഫ് കത്തോലിക്കാ പള്ളിയിൽ ആഘോഷമായ തിരുന്നാൾ കുർബാന നടക്കും. മെൽബൺ വെസ്റ്റ് സെൻറ്. മേരീസ് സീറോ മലബാർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു തിരുന്നാൾ സന്ദേശം നൽകും.

ജോബിൻ ജോൺ കാരക്കാട്ടു, ബാബു ജോർജ്, അരുൺ ബിജു പുലികാട്ടു, സിയാൻ സിജു, ബെനഡിക്ട് ചെറിയാൻ, സജിമോൻ ജോസഫ്, എൽദോ പൗലോസ്, ബിജു വർഗീസ് എന്നിവരാണ് ഇത്തവണത്തെ തിരുന്നാൾ പ്രസുദേന്തിമാർ. വികാരി ഫാ. അബ്രഹാം നാടുകുന്നേൽ, കൈക്കാരന്മാരായ ജോബി ജോർജ്, ജോജോ കണ്ണമംഗലം, ജിബിൻ തേക്കാനത്ത്, തിരുന്നാൾ കമ്മിറ്റി കൺവീനർ ബെന്നി കണ്ണമ്പുഴ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുന്നാളിന്റെ നടത്തിപ്പിനായി പ്രവർത്തിക്കുന്നു. പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നര മുതൽ അടിമ വയ്ക്കുന്നതിനും കഴുന്ന് (അമ്പ്), മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾ വികാരി ഫാ. അബ്രഹാം നാടുകുന്നേൽ (ഫോൺ: 0469736317) ലഭിക്കും.

വാർത്ത:ജോമി പുലവേലിൽ