ശബരിമല മുതല്‍  രാഷ്ട്രീയ കൊലപാതകം വരെ

ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് ഉയരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, സംസ്ഥാനത്ത് ഇത്തവണ പതിവിനു വിപരീതമായി ദേശീയ വിഷയങ്ങളെക്കാള്‍ സംസ്ഥാന വിഷയങ്ങളായിരികും ഒരുപക്ഷെ മുന്‍പന്തിയില്‍ നില്‍ക്കുക. മാത്രമല്ല ദേശീയ തലത്തില്‍ ബി.ജെ.പി നയിക്കുന്ന    എന്‍.ഡി.യും കോണ്‍ഗ്രെസ് നയിക്കുന്ന യു.പി.യെയും നേര്‍ക്ക്നേര്‍ ഏറ്റുമുട്ടുമ്പോള്‍ , കേരളത്തില്‍ മുഖ്യ മത്സരം പതിവുപോലെ യു.ഡി.എഫും എല്‍.ഡി എഫും തമ്മിലാണല്ലോ. എല്‍.ഡി.എഫ്  ജയിച്ചാലും ഡല്‍ഹിയിലെത്തുമ്പോള്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുക എന്നല്ലാതെ മറ്റു മാര്‍ഗം ഇല്ലയെക്കില്‍ കൂടിയും, ഇവിടെ അവര്‍ അരയും തലയും മുറുക്കി ഏറ്റുമുട്ടും.ശബരിമല വിഷയത്തില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനേയും പാര്‍ട്ടിയെയും ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറിയതും കൊലപാതകത്തിന് പിന്നിൽ സി പി എം പ്രാദേശിക നേതൃത്വമാ‍ണ് എന്ന് വ്യക്തമാകുകയും ചെയ്തതതോടെ സി.പി.എം മുന്നണി കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്. പുറത്തിറങ്ങിയ സര്‍വേകള്‍ എല്ലാം അവര്‍ക്ക് പ്രതികൂലവുമാണ്.

പ്രളയവും ശബരിമലയും കടന്നു പിണറായി സര്‍ക്കാര്‍  ആയിരം ദിവസത്തിലെത്തിയപ്പോള്‍  കാസര്‍ഗോട്ടുണ്ടായ  ഇരട്ടക്കൊലപാതകം സര്‍ക്കാരിനുണ്ടാക്കിയ കളങ്കം  കനത്തതാണ്. ബന്ധു നിയമനങ്ങളും , ശശീന്ദ്രന്‍-തോമസ്‌ ചാണ്ടി  വിവാദവും ഒഴിച്ചാല്‍.വലിയ അഴിമതികള്‍ ഇല്ലാതെ ഇതുവരെ എത്തിയ പിണറായി സര്‍ക്കാരിനു ശബരിമലയില്‍ അടി തെറ്റി. സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യവും വാശിയും വിശ്വാസികളെ സര്‍ക്കരിനെതിരാക്കി. എന്‍.എസ്.എസിനെ ഒതുക്കാന്‍ എസ്.എന്‍,ഡി.പി.യെ കൂടെ കൂട്ടി .നവോദ്ധാനത്തിന്‍റെ പേരില്‍ വനിതാമതിലും തീര്‍ത്തു. പക്ഷെ രണ്ടു വനിതകളെ പിന്‍വാതിലിലൂടെ സന്നിധാനത്തെത്തിച്ചപ്പോള്‍ കേരളം മുഴുവന്‍ വിശ്വാസികളുടെ അമര്‍ഷം അണപൊട്ടി. ശബരിമല സ്ത്രീ പ്രവേശനം പിണറായി വിജയന്‍റെ വാട്ടര്‍ ലൂ ആകുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അതോടൊപ്പം ശബരിമല മുതലാക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിന്‌ സര്‍ക്കാരിനെ അടിക്കാന്‍ ഇരട്ട കൊലപാതകത്തിലൂടെ വടിയും കൊടുത്തു.

ശബരിമല ഒരു ആചാര വിഷയം എന്നതില്‍ നിന്നും മാറി ഇപ്പോള്‍ ഒരു രാഷ്ട്രീയ വിഷയമായി മാറിക്കഴിഞ്ഞു. മാത്രമല്ല കേരളത്തിൽ ഒരുപക്ഷേ ആദ്യമായാണ് മതവിശ്വാസം അല്ലെങ്കില്‍ ആചാരലംഘനം  ഒരു  തിരഞ്ഞെടുപ്പ് വിഷയമാകുന്നത്. തുടക്കം മുതല്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതില്‍ എതിര് നിന്ന ബി.ജെ.പി  രാഷ്രീയ ലാഭത്തിന്നായി ഈ വിഷയം ഉപയോഗിച്ചു, ഇനിയും ഈ വിഷയം കത്തിച്ചു നിര്‍ത്തേണ്ടതും അവരുടെ ലക്ഷ്യവുമാണ്. കോണ്‍ഗ്രസിനു തുടക്കത്തില്‍  വ്യക്തമായ നിലപാടില്ലായിരുന്നു. ദേശീയ നേതിര്‍ത്വവും സംസ്ഥാന നേതിര്‍ത്വവും വ്യതസ്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടിനെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിനിറങ്ങിയ ബി.ജെ.പി ഇതില്‍ നേട്ടമുണ്ടാക്കും എന്നുകണ്ടപ്പോള്‍  ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ എതിര്‍പ്പുള്ള വിശ്വാസികള്‍ക്കൊപ്പം പരസ്യമായി നിലകൊള്ളാനാണ് കോണ്‍ഗ്രസും ശ്രമിച്ചു. മറു വശത്ത് നവോദ്ധാന മതിലുമായി സമൂഹത്തില്‍ ചേരിതിരിവ്‌ ഉണ്ടാക്കി ലാഭം കൊയ്യാമെന്ന് സി.പി.എമ്മും കരുതി. ചുരുക്കത്തില്‍ മോദിയുടെ ഭരണ വിലയിരുത്തലിന് പകരം ശബരിമല വിഷയം ആയിരക്കും കേരളത്തില്‍ ഇത്തവണ വിധി എഴുത്തില്‍ പ്രതിഫലിക്കുക.

കേരളത്തില്‍ പൊതുവേ ദേശീയ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫാണ് നേട്ടം കൊയ്യുന്നത്.ഇത്തവണയും സര്‍വേ റിപ്പോര്‍ട്ടുകള്‍ അതാണ്‌ ചൂണ്ടികാട്ടുന്നത്.കഴിഞ്ഞ തവണ സോളാര്‍ വിവാദവും മോദി തരംഗവും  ഇതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയില്ല .പതിവുപോലെ സീറ്റ് മാറലും ഗ്രൂപ്പ്‌ വാരലും കൊണ്ട് കോണ്‍ഗ്രെസ് എത്ര സീറ്റ് നഷ്ടപ്പെടുത്തുമെന്നതാണ് കേരളം ഉറ്റു നോക്കുന്നത്. അതു പോലെ സി.പി.എമ്മിന് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ അടുത്ത തവണ മത്സരിക്കാന്‍ കഴിയുമോ എന്നതും ഈ തിരഞ്ഞെടുപ്പ് തീരുമാനിക്കും. കേരളത്തില്‍ സീറ്റ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ദേശീയ പാര്‍ട്ടി സ്ഥാനം തന്നെ നഷ്ടപെടും. കാരണം ബംഗാളും ത്രിപുരയും ഒക്കെ അവരെ കൈവിട്ടു.

വാല്ക്കഷണം: പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളിൽ സിറ്റിങ്‌ സീറ്റുകളില്‍ പരസ്‌പരം മത്സരം വേണ്ടെന്നു സി.പി.എം. കോണ്‍ഗ്രസ്‌ ധാരണ. മാത്രമല്ല കേരളാതിര്ത്തി കടന്നാല്‍  മിക്കയിടത്തും ഇവര് ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിനുള്ളില്‍  ഇവര്‍ കൊലപാതകങ്ങളും അക്രമവും നടത്തുന്നു. കേരളം വിട്ടാല്‍  ഒറ്റകെട്ടും. നിലനില്‍പ്പിന്‍റെ രാഷ്ട്രീയത്തില്‍ ധാര്‍മ്മികതക്കെന്തു സ്ഥാനം?