സെമി ഫൈനലുകള്‍ ആരംഭിക്കുന്നു. മോദിക്കും രാഹുലിനും അഗ്നിപരീക്ഷ

അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള,  സെമി ഫൈനലെന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടക്കുക്കുയാണ്. 2014-ല്‍ മോദിക്കുണ്ടായിരുന്ന പ്രഭാവം ഇപ്പോഴില്ല.  രണ്ടു വര്‍ഷം മുന്‍പ് വരെ മോദിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കഴിവും ജനസമ്മിതിയുമുള്ള മറ്റൊരു  ദേശീയ നേതാവും ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പോടെ അടിമുടി മാറിയ രാഹുല്‍ഗാന്ധി കാലക്രമേണ  മോദിക്ക് ഒത്ത എതിരാളിയായി രൂപപെട്ടു കഴിഞ്ഞു. നോട്ടു നിരോധനവും ചരക്ക്, സേവന നികുതിയും, ഇന്ധന വില വര്‍ധനയും , ഭരണം മറന്നുള്ള രാഷ്ട്രീയവും മോദിയുടെ പ്രഭാവം തല്ലികെടുത്തി എന്ന് പറയുന്നതാവും ശരി. കഴിഞ്ഞ തവണ മോദി പ്രഭാവത്തില്‍ ഭരിക്കാന്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി ഇത്തവണ വിയര്‍ക്കും എന്നതില്‍ സംശയമില്ല. മോദിക്കും  ചാണക്യനായ അമിത്ഷായ്ക്കും  ഇതുവരെ കളിച്ച തന്ത്രങ്ങളൊന്നും മതിയാവില്ല അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പ് ജയിക്കാന്‍.

മോദി പ്രഭാവത്തില്‍ ഇന്ദ്രപ്രസ്ഥവും, ഒന്നൊന്നായി സംസ്ഥാനങ്ങളും പിടിച്ചക്കി ,കോണ്ഗ്രെസ് മുക്ത ഭാരതം എന്ന സ്വപ്നത്തിലേക്ക് മുന്നേറിയ ബി.ജെ.പിക്ക് സ്വന്തം തട്ടകത്തില്‍ പോലും  കാലിടറി തുടങ്ങിയിട്ടുണ്ട്. മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ കഷ്ടിച്ച്, നിരങ്ങിയാണ് ബിജെപി അധികാരത്തിലെത്തിയത്. ഇത് വരെ ഉപതെരഞ്ഞെടുപ്പ് നടന്ന 30 ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായത് 6 സിറ്റിംഗ് സീറ്റുകളില്‍ മാത്രം. 9  സിറ്റിംഗ് സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. സമീപ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, കര്‍ണ്ണാടകയിലും എല്ലാം ബി.ജെ.പി തോല്‍വികള്‍ ഏറ്റു വാങ്ങി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍  മോദി തരംഗമുണ്ടാവില്ല എന്നാണു ഇപ്പോള്‍ പുറത്തിറങ്ങികൊണ്ടിരിക്കുന്ന എല്ലാ സര്‍വേകളും പറയുന്നത്. മാത്രമല്ല ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോടെ പ്രതിപക്ഷത്തിന്‍റെ ,പ്രത്യേകിച്ച് കോണ്ഗ്രസ്സിന്‍റെ പെര്‍ഫോമന്‍സ് ഗ്രാഫ് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പ്രകടനവും, പ്രതിപക്ഷപാര്‍ട്ടികള്‍ പൊതുവില്‍ യോജിച്ചതുമാണ് മോദിയെ വെട്ടിലാക്കിയിരിക്കുന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. സെമി ഫൈനലുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെയും സ്വാധീനിക്കുംഇതില്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കു നേരെയുള്ള പോരാട്ടമാണ്  നടക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസും തെലങ്കാന രാഷ്ട്രസമിതിയും തമ്മിലും  മിസോറമില്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മിലുമാണ് മത്സരം .തെലങ്കാന ഒഴികെയുള്ള മറ്റു മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയാണ് ഭരിക്കുന്നത്. മിസോറാം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും  ബിജെപിക്ക് അടിപതറുമെന്നാണ്  പുറത്തു വന്നു കൊണ്ടിരിക്കുന്ന സര്‍വ്വേകള്‍ എല്ലാം പ്രവചിക്കുന്നത്.  കടുത്ത ഭരണ വിരുദ്ധ വികാരമാണ് ഇവിടെയൊക്കെ ബി.ജെ.പിയെ കാത്തിരിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് ജയിച്ചുകയറിയാല്‍ കോണ്‍ഗ്രസ്സിന്‍റെ  തലവര തിരുത്തിയെഴുതാനുള്ള ശേഷി ഈ വിജയങ്ങള്‍ക്ക് ഉണ്ടാവും. അങ്ങനെയെങ്കില്‍ കൂടുതല്‍ ശക്തനായ രാഹുലിനെയായിരിക്കും 2019 ലെ തിരഞ്ഞെടുപ്പില്‍  മോദിക്ക് നേരിടേണ്ടിവരിക.അതു കൊണ്ട്  ലോക്‌സഭാ അംഗത്തിന് മുന്‍പുള്ള അവസാന ലാപ്പില്‍ വിജയത്തോടെ ഓടിത്തീര്‍ക്കേണ്ടത് മോദിയ്ക്കും അമിത് ഷായ്ക്കും അങ്ങേയറ്റം അനിവാര്യമാണ്. പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയുടെ ഭാഗമായ മൂന്ന് വലിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം.


വാല്ക്കഷണം: അടിയന്തരാവസ്ഥയിലൂടെ അധികാരത്തിന്‍റെ പരിധി വിട്ടപ്പോള്‍ ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രി  ഇന്ദിരയെ തോല്‍പിച്ചു മൂലയ്ക്കിരുത്തിയ ജനത,  നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പിലാക്കി സാധാരണക്കാരുടെ പൊറുതിമുട്ടിച്ച മോദിയെ ഒരുപാടു കാലം സഹിക്കുമെന്നു കരുതാന്‍ ന്യായമില്ല.