സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്  മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ മുന്നണികള്‍ ഒരുക്കങ്ങള്‍ തുടങ്ങി. പ്രളയം അതിജീവിക്കുന്നതിനിടക്ക് തിരഞ്ഞെടുപ്പ് വരുന്നത് ഭരിക്കുന്ന ഗവണ്മെന്ടിനു വലിയ പരീക്ഷണമാണ്. എന്നാല്‍ ദേശീയ വിഷയങ്ങള്‍ക്ക് ദാരിദ്ര്യം ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം കാര്യമായ ചലനം സൃഷ്ട്ടിച്ചേക്കില്ല. മാത്രമല്ല റാഫേല്‍ വിമാന ഇടപാട്, എണ്ണവില വര്‍ധന, രൂപയുടെ മൂല്യ തകര്‍ച്ച തൊഴിലില്ലായ്മ, തുടങ്ങിയ എല്ലാ പ്രധാന വിഷയങ്ങളും രാജ്യത്ത് സജീവ ചര്‍ച്ചയാകുകയാണ്. കൂടാതെ സംസ്ഥാനത്ത് സജീവമായി നിലനില്‍ക്കുന്ന  ശബരിമല  സ്ത്രീ പ്രവേശന വിധിയും. കുറെ നാളായി ഉറങ്ങികിടന്ന പാര്‍ട്ടി ആസ്ഥാനങ്ങളും  ഓഫീസുകളും ഒക്കെ വീണ്ടും സജീവമായി തുടങ്ങി.  ഇനി അങ്ങോട്ട്‌ തിരഞ്ഞെടുപ്പ് ചൂട്.

പതിവിനു വിപരീതമായി കോണ്‍ഗ്രസാണ് ഇത്തവണ കളത്തില്‍ ആദ്യം ഇറങ്ങിയത്. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനും   കാത്തിരിപ്പിനും ഒടുവില്‍  കെ പി സി സിക്ക് അധ്യക്ഷനെ നിയമിച്ചു,അതും കേരളത്തിലെ പ്രബലമായ കോണ്‍ഗ്രസ്‌ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തിനും സ്വാധീനത്തിനും വഴങ്ങാതെ. കെ പി സി സിയുടെ   പ്രസിഡണ്ടായി മുതിർന്ന നേതാവ്  മുല്ലപ്പള്ളി രാമചന്ദ്രനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി എം.ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്‍ എന്നിവരെയും  നിയമിച്ചു. പ്രചാരണ സമിതി അധ്യക്ഷസ്ഥാനം കെ.മുരളീധരനാണ്. ബെന്നി ബെഹനാണ്  യു.ഡി.എഫ്. കണ്‍വീനര്‍. സാമുദായിക സമവാക്യവും ഗ്രൂപ്പ് സമവാക്യവും പാലിച്ചപ്പോള്‍ കെ പി സി സിക്കുണ്ടായത് ജംബോ നേതൃത്വം. പാര്‍ട്ടി പുനസംഘടനയ്ക്ക് പിന്നാലെ ലോകസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയുയുടെ ലിസ്റ്റും പാര്‍ട്ടി ഹൈക്കമാന്ഡിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്തുള്‍പ്പടെ പാര്‍ട്ടി കണ്‍വെന്‍ഷനുകളും നടത്തി. തെക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന്‌ പ്രതീക്ഷയുള്ള സംസ്ഥാനം കോണ്‍ഗ്രസാണ്. മാത്രമല്ല ബി.ജെ.പിക്ക് യാതൊരു സാധ്യത ഇല്ലാത്തതും. പക്ഷെ തോലിപ്പുറത്തുള്ള ചികിത്സയാണ് ഇപ്പോള്‍ നടത്തിയത്. ഗ്രൂപ്പുകള്‍ ഇല്ലാത്ത കോണ്‍ഗ്രസ്‌ കേരളത്തില്‍ മിഥ്യ മാത്രം. ഒരു ഗ്രൂപ്പിന്‍റെയും ലേബലില്ലാത്ത മുല്ലപ്പള്ളിക്ക് ഗ്രൂപ്പ് സമര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയുമോ എന്നതും പ്രസക്തമാണ്. ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം പാലിച്ചു വന്ന ജംബോ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്ന് കാലം തെളിയിക്കും.  അതോടൊപ്പം മാണിയെ കൂടെ ചേര്‍ത്തത് ഇപ്പോഴും ദഹിക്കാത്ത അണികള്‍ കോട്ടയത്ത് എങ്ങനെ പ്രതീകരിക്കും എന്നു കണ്ടറിയാം.

ഇടതുമുന്നണി ചെങ്ങന്നൂരിലെ ചരിത്ര വിജയത്തിന്‍റെ ആലസ്യത്തില്‍ നിന്നിപ്പോഴും ഉണര്ന്നീട്ടില്ല. പ്രളയത്തിന്‍റെ ആരംഭത്തില്‍ പകച്ചു നിന്നെങ്കിലും പ്രളയാനന്തരം പ്രവര്‍ത്തനമികവ് കാണിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു എന്നതാണ് പൊതു വിലയിരുത്തല്‍. മാത്രമല്ല കേന്ദ്രത്തിന്‍റെ നിഷേധാത്മക നിലപാടുകള്‍ സര്‍ക്കാരിനനുകൂല വികാരവും ഉയര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ ബ്രൂവറി വിവാദവും ശബരിമല വിധിയും കമ്മൂണിസ്റ്റ് പാര്‍ട്ടിയെ  പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബാര്‍കോഴയ്ക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ ബ്രൂവറി വിവാദം കോണ്‍ഗ്രസ്‌ ഉപയോഗിക്കാതിരിക്കില്ല. ശബരിമല വിഷയം കലങ്ങി മറിയുകയാണ്. മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഈ വിവാദങ്ങള്‍  സജീവമായി നിലനിര്‍ത്തേണ്ടത് യു.ഡി.എഫിന്‍റെ  ആവശ്യവുമായ സ്ഥിതിക്ക്.

കഴിഞ്ഞ മാസം പുറത്തിറങ്ങിയ എ.ബി.പി.സി വോട്ടര്‍ സര്‍വേ പ്രകാരം കേരളത്തിലെ ഇരുപത് സീറ്റുകളില്‍ പതിനാറിടത്തും യു.ഡി.എഫ് ജയിക്കുമെന്നും എല്‍.ഡി.എഫിന് നാല് സീറ്റ് കൊണ്ട് തൃപ്തിപെടേണ്ടി വരുമെന്നുമാണ്. ബി.ജെ.പി പതിവുപോലെ അക്കൌണ്ട് തുറക്കില്ല എന്നും സര്‍വേ പറയുന്നു. എന്നാല്‍ കഴിഞ്ഞ തവണ രണ്ടാമത് എത്തിയ തിരുവനന്തപുരം പിടിക്കാന്‍ ബി.ജെ.പി കേന്ദ്ര പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ തന്നെ കളത്തില്‍ ഇറക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ മത്സര ഫലം പ്രവചനാതീതമാകും. കുമ്മനം രാജശേഖരന്‍ മാറി ശ്രീധരൻ പിള്ള സംസ്ഥാന അധ്യക്ഷന്‍ ആയ്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ്. ഇന്നത്തെ സാഹചര്യത്തില്‍ മോദി എന്ന ബ്രാന്‍ഡ്‌ കാട്ടി കേരളത്തില്‍ വോട്ട് പിടിക്കാന്‍ അവര്‍ക്ക് കഴിയുകയില്ല.

വാല്ക്കഷണം: കഴിഞ്ഞ തവണ ഇന്ത്യ മുഴുവന്‍ തകര്‍ന്നടിഞ്ഞപ്പോഴും പാര്‍ല മെന്റ്റിലെ  കോണ്‍ഗ്രസ്‌ എംപിമാരില്‍  പകുതിയും കേരളത്തില്‍ നിന്നായിരുന്നു. ഇത്തവണ അതിനു എന്തായാലും മാറ്റമുണ്ടാകും. രാഹുലിന്‍റെ കഴിവിനേക്കാള്‍ മോദിയുടെ ഇടിവായിരിക്കും അതിനു കാരണം. ഇടതുപക്ഷത്തിന്  ഇത്തവണ എം.പി.മാര്‍ ഉണ്ടായാല്‍ അത് മലയാളിയുമാരിക്കും. കാരണം ബംഗാളും ത്രിപുരയും ഇനി പ്രതീക്ഷിക്കണ്ട.