മെല്‍ബണിലെ ദുഃഖ വെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ ബക്കസ് മാര്‍ഷ് മലമുകളില്‍

മെല്‍ബണ്‍: ദുഃഖ വെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കായി ബക്കസ് മാര്‍ഷ് മല മുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10 മണിക്കാണ് ബക്കസ് മാര്‍ഷിലെ മരിയന്‍ സെന്റര്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്. മെല്‍ബണ്‍, ബല്ലാരറ്റ്, ബെന്‍ഡിഗൊ, ജീലോങ്ങ്, ഹോര്‍ഷം എന്നീ സ്ഥലങ്ങളിലെ സീറോ മലബാര്‍ വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കും. മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യൂ കൊച്ചുപുരയ്ക്കല്‍, സെന്റ് മേരീസ് മെല്‍ബണ്‍ വെസ്റ്റ് ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേല്‍ എന്നിവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കും.

കഴിഞ്ഞ പത്തുവര്‍ഷമായി മെല്‍ബണിലെയും പരിസര പ്രദേശങ്ങളിലെയും വിശ്വാസികള്‍ ബക്കസ് മാര്‍ഷ് മലമുകളിലാണ് തിരുക്കര്‍മ്മങ്ങള്‍ക്കായി ഒരുമിച്ച് കൂടുന്നത്. മുന്‍ വര്‍ഷങ്ങളിലെ പോലെ അയ്യായിരത്തോളം പേര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ എത്തിചേരുമെന്ന് പ്രതീക്ഷിക്കുന്നു. മലമുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിപുലമായ സൗകര്യങ്ങളാണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. 

കത്തീഡ്രല്‍ ഇടവകയിലെ പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ റോക്‌സ്ബര്‍ഗ് പാര്‍ക്കിലെഗുഡ് സമരിറ്റന്‍ ദേവാലയത്തിലും റിസെവോര്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലും വൈകീട്ട് 7 മണിക്കുംഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച വൈകീട്ട് 7 മണിക്കും ആരംഭിക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍