മലയാള സിനിമയുടെ വിഹായസ്സിലേക്കു ഓസ്‌ട്രേലിയയിൽ നിന്നും ഒരാൾ…

ബ്രിസ്ബേന്‍:  അധികം പ്രതീക്ഷയില്ലാതെ വന്നു കേരളത്തിലെ തീയേറ്ററുകളിൽ ‘ഇര’ എന്ന ചിത്രം നിറഞ്ഞോടുമ്പോൾ ഓസ്‌ട്രേലിയൻ  മലയാളികൾക്കും  സന്തോഷിക്കാം…‘ഇര’യെന്ന സർപ്രൈസ് ഹിറ്റിനു തൂലിക ചലിപ്പിച്ചത് ബ്രിസ്‌ബേൻ മലയാളി ആയ ‘നവീൻ ജോൺ  ‘ ആണ്.

വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈജു എസ് എസ് സംവിധാനം ചെയ്ത ‘ഇര ‘ യിൽ ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് , മിയ ജോർജ് ,നിരഞ്ജന അനൂപ്, അലൻസിയാർ , ശങ്കർ രാമകൃഷ്ണൻ , കൈലാസ്  തുടങ്ങി ഒരു  വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്.ഒരു സിനിമക്കായുള്ള വർഷങ്ങളായുള്ള  പ്രയത്നമാണ് ഇരയുടെ വൻ വിജയത്തിൽ നവീനെ യും സൈജുവിനെയും  കൊണ്ടെത്തിച്ചത്. വൈശാഖും ഉദയകൃഷ്ണയും ചേർന്ന് ഒരു നിർമാണ കമ്പനി തുടങ്ങാനിരിക്കെയാണ് നവീനും സൈജുവും ‘ഇര’യുടെ കഥയുമായി അവരെ സമീപിച്ചത്.കഥ കേട്ട് ഇഷ്ടപ്പെട്ട ‘ പുലിമുരുകന്‍റെ’ സംവിധായകനും എഴുത്തുകാരനും  ‘ഇര’  അവരുടെ  ആദ്യത്തെ സിനിമയായി പ്രഖ്യാപിക്കുകയായിരുന്നു.

 

ആദ്യ ദിവസങ്ങളിൽ സാധാരണമായി തുടങ്ങിയ ചിത്രം രണ്ടുനാൾ കഴിഞ്ഞപ്പോൾ ‘ഹൌസ് ഫുൾ ‘ ആവുകയായിരുന്നു.കഥയും സസ്‌പെൻസും അടക്കം പ്രസിദ്ധീകരിച്ചു  ‘ഇര’ എന്ന  ചിത്രത്തെ  തകർക്കാൻ ഒരു പ്രമുഖ പത്രം മുന്നിട്ടിറങ്ങിയിട്ടും മലയാളി പ്രേക്ഷകർ ‘ഇര’യെ ഇരു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.ഇരയുടെ വൻ വിജയത്തോടെ നവീനും തിരക്കേറുകയാണ് .സൈജുവുമായുള്ള രണ്ടാമത്തെ ചിത്രം, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങി ഒരുപിടി പ്രൊജെക്ടുകളാണ് നവീന്റെതായി വരാനിരിക്കുന്നത്.

റെനിയാണ്  നവീന്‍റെ ഭാര്യ , മക്കൾ ആര്യൻ, വിസ്മയ.

നവീൻ ജോണിന്‍റെ  ‘ഇര ‘ക്കും ഇനി വരുന്ന സിനിമകൾക്കും  മലയാളി പത്രത്തിന്‍റെ  ആശംസകൾ