സിഡ്‌നി സീറോ മലബാർ ഇടവകയിൽ ക്രിസ്തുരാജന്‍റെ തിരുന്നാൾ നവംബർ 24,25,26 തിയതികളിൽ

സിഡ്‌നി: സിഡ്‌നി ഹോൾസ്‌വർത്തി ക്രിസ്തുരാജ സീറോ മലബാർഇടവകയിൽ ഇടവകമദ്ധ്യസ്ഥനായ ക്രിസ്തുരാജന്‍റെ  തിരുന്നാൽ നവംബർ 24,25,26 തിയതികളിൽ ആഘോഷിക്കും. തിരുന്നാളിന് ഒരുക്കമായുള്ള ഏഴ് ദിവസത്തെ നൊവേന നവംബർ 18(ശനിയാഴ്ച) ആരംഭിക്കും. നവംബർ 18-ാം തിയതിയിലെ നൊവേനക്കും ദിവ്യബലിക്കും ഇടവക വികാരി ഫാ. തോമസ് ആലുക്ക മുഖ്യകാർമ്മികത്വം വഹിക്കും. നവംബർ 19-ാം തിയതി(ഞായറാഴ്ച) രാവിലെ 10.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും മെൽബൺ സെന്റ് തോമസ് രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ മുഖ്യകാർമ്മികത്വം വഹിക്കും. നവംബർ 20 മുതൽ 23 വരെ വൈകീട്ട് 7 മണിക്കുള്ള ദിവ്യബലിയിലും നൊവേനക്കും ഫാ.സ്റ്റാൻലി ഒ.എഫ്.എം, ഫാ.ജോഷി ഒ.എഫ്.എം., ഫാ.അഗസ്റ്റിൻ തറപ്പേൽ, ഫാ. ജോബി കടമ്പാട്ട്പറമ്പിൽ എന്നീ വൈദികർ നേതൃത്വം നല്കും.

നവംബർ 24(വെള്ളിയാഴ്ച) വൈകീട്ട് 7 മണിക്ക് സിഡ്‌നി റീജിയൺ എപ്പിസ്‌കോപ്പൽ വികാരിയും ഇടവക വികാരിയുമായ ഫാ.തോമസ് ആലുക്ക തിരുന്നാൾ കൊടിയേറ്റം നിർവ്വഹിക്കുന്നതോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഡയറക്ടർ ഫാ. ഫ്രെഡി ഇലവുത്തുങ്കൽ മുഖ്യകാർമ്മികനായിരിക്കും. നവംബർ 25(ശനിയാഴ്ച)വകീട്ട് 4 മണിക്ക് ഫാ.ബൈജു എംജിഎൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് ഇടവകദിനാഘോഷവും മതബോധന സ്‌കൂൾ വാർഷികവും ഫാ.ബൈജു എം.ജി.ഏൽ ഉത്ഘാടനം ചെയ്യും. കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി ഫുഡ്സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. നവംബർ 26(ഞായറാഴ്ച) തിരുന്നാൾ ദിനത്തിൽ വൈകീട്ട് 4.30 ന് അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ ദിവ്യബലിയിൽ ഫാ. ജോഷി തെക്കിനേടത്ത് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.തോമസ് കുറുന്താനം തിരുന്നാൾ സന്ദേശം നല്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിൽ ചെണ്ടമേളവും ബാൻഡ്‌സെറ്റും ഉണ്ടായിരിക്കും. പൊൻകുരിശും വെള്ളികുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹര പ്രദക്ഷിണത്തിൽ ഇടവക ജനങ്ങളെല്ലാവരും അണിചേരും. ക്രിസ്തുരാജന്റെ തിരുന്നാളിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. തോമസ് ആലുക്കയും കൈക്കാരന്മാരും തിരുന്നാൾ കമ്മിറ്റിക്കാരും അറിയിച്ചു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ