പരിശുദ്ധ പാത്രയർക്കീസ് ബാവയ്ക്ക് സിഡ്‌നിയിലേക്ക് സ്വാഗതം

സിഡ്‌നി: ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ നിതാന്ത വന്ദ്യ ദിവ്യ മഹാമഹിമ ശ്രി.മോറാൻ മോർ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സുകൊണ്ട്‌ 2017 ഒക്ടോബർ 30 മുതൽ നവംബർ 5 വരെ സിഡ്‌നിയിലെ വിവിധ ഇടവകകൾ സന്ദർശിച്ച് അനുഗ്രഹിക്കുന്നു. ഓസ്‌ട്രേലിയയിലെ സുറിയാനി ഓർത്തഡോക്‌സ് ആർച്ച് ഡയോസിസിൻ്റെ ആഭിമുഖ്യത്തിൽ തൻ്റെ പ്രഥമ സന്ദർശനം നിർവഹിക്കുന്ന പരിശുദ്ധ ബാവയ്ക്ക് നവംബർ 2 -ാം തീയതി വ്യാഴായ്ച്ച വൈകീട്ട് 6.30ന് സിഡ്നിയിലും പരിസരപ്രദേശങ്ങളിലും ഉള്ള യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പള്ളികളിലെ സഭാംഗങ്ങളും ക്നാനായ സുറിയാനി അതിഭദ്രാസന സഭാംഗങ്ങളും ചേർന്ന് സ്വീകരണം നൽകുന്നു.

ബ്ലാക്ക് ടൗണിലുള്ള ബോമൻ ഹാളിൽ പരിശുദ്ധ പിതാവിനെ സ്വീകരിച്ച് ആനയിക്കുന്നതും തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ പരിശുദ്ധ ബാവ കൽപിച്ച് സംസാരിക്കും. പിന്നീട് 8.45ന് സെവൺ ഹിൽസിലുള്ള സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ പിതാവിന് സ്വീകരണം നൽകുന്നതുമാണ്.നവംബർ 5-ാം തീയതി ലിഡ്‌കം സെന്റ് അഫ്രേം സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ പരിശുദ്ധ ബാവ വിശുദ്ധ ബലിയർപ്പിച്ച് അനുഗ്രഹിക്കുന്നതുമായിരിക്കും.

വാര്‍ത്ത : ജോണ്‍സന്‍ ഫിലിപ്പ്