വർക്കല ശിവഗിരി മഠാധിപതിയുടെ അനുഗ്രഹാശിരസുകളോടെ ഗുരുദേവ ജയന്തി ആഘോഷിച്ചു.

മെൽബൺ: ശ്രീനാരായണ ഗുരുദേവ സൊസൈറ്റി ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്‍റെ  നൂറ്റി അറുപത്തി മൂന്നാമത് ജന്മദിനാഘോഷവും അതിനോടനുബന്ധിച്ച് പ്രത്യേക ഭജനയും, ഗുരുപൂജയും, ഓസ്‌ട്രേലിയയിലെ മെൽബണിൽ സെപ്റ്റംബർ 10 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 6 മണിവരെ ആഘോഷിച്ചു. വർക്കല ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദജി ഫോണിലൂടെ പ്രേത്യേക ചതയദിന ആശംസ സന്ദേശം നൽകുകയും ശിവഗിരി മഠത്തിന്‍റെ  എല്ലാ ആശംസകളും അറിയിക്കുകയും അതുപോലെ ലോകം ഇന്ന് ഉറ്റു നോക്കുന്ന ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള സന്ദേശങ്ങളും ദർശനങ്ങളുമാണ് ഗുരുദേവന്റേത് എന്ന് പ്രേത്യേകം പറയുകയുണ്ടായി.

ശ്രീനാരായണ ഗുരുദേവന്‍റെ ദർശനങ്ങൾ ലോകത്തെമ്പാടുമുള്ള ജനങ്ങളിലും എത്തിക്കാൻ എല്ലാ ശ്രീനാരായണീയ ഭക്തരുടെയും ആവശ്യമാണെന്നും, വളരെ സങ്കീർണമായ ഒരു കാലത്തിലൂടെ ലോകവും ലോകജനതയും കടന്നുപോയി കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ ശ്രീനാരായണീയ ദർശനങ്ങൾ അവരിലേക്കെത്തിക്കുമ്പോഴാണ് അവർ ഏതു മതവിശ്വാസിയോ, നിരീശ്വരവാദിയോ ആയാലും അവർക്കെല്ലാം സ്വീകാര്യമായ ഒന്നായി മാറുന്നത്. അത് കൊണ്ട് തന്നെയാണ് ഗുരുവിനെ ലോകഗുരു അഥവാ വിശ്വ ഗുരു എന്ന് വിളിക്കുന്നതെന്നും ദൈവീകത്വം മനസ്സിലാക്കാതെ ഇവിടെ കാമ ക്രോധ ലോഭ മോഹ മത മാത്സര്യങ്ങൾ നടക്കുന്നത് കൊണ്ടാണ് നമ്മളിൽ അശാന്തിയും പ്രശ്നങ്ങളും ഉണ്ടാവുന്നതെന്നും അത് മാറ്റിയെടുക്കാൻ ഗുരുദേവന്റെ ആശയങ്ങളിലൂടെ നല്ല മനസുള്ള ശ്രീനാരായണീയ ഭക്തർക്ക് കഴിയുമെന്നും ലോകത്തിനു വെളിച്ചം പകരാൻ ശ്രീ നാരായണ ഗുരുദേവ സൊസൈറ്റി ഓസ്‌ട്രേലിയയ്ക്കു കഴിയട്ടെ എന്നും സ്വാമിജി ആശംസിച്ചു. മെൽബണിലെ ശ്രീനാരായണീയ ഭക്തർ രൂപംകൊടുത്ത SNGSA യുടെ തുടർ നടപടികളിലേക്ക് സ്വാമിജിയുടെയും ശിവഗിരിമഠത്തിന്റെയും എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു. എസ്എൻഡിപി ബ്രിസ്ബേൻ പ്രസിഡന്റ് ശ്രീ ബൈജു ഇലഞ്ഞികൂടി തന്റെ ആശംസാ പ്രസംഗത്തിൽ വിവിധ മതവിഭാഗങ്ങൾ ഒന്നിച്ചു ജീവിക്കുന്ന ഈ രാജ്യത്ത് ഗുരുദേവന്റെ ദർശനങ്ങൾ ക്കുള്ള പ്രസക്തി എടുത്തുപറയുകയുണ്ടായി. ഒപ്പം ശ്രീനാരായണ ഗുരുദേവ സൊസൈറ്റി ഓസ്ട്രേലിയയ്ക്ക് എല്ലാവിധ സഹകരണവും ആശംസയും നേർന്നു.

SNGSA യുടെ തുടർപരിപാടികളിലേക്കും, എല്ലാ മാസങ്ങളിലും നടക്കുന്ന ഭജനയിൽ പങ്കെടുക്കാനും താല്പര്യമുള്ളവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 0450964057/0432839807