പള്ളി കൊമ്പൌണ്ടിലെ നാടന്‍ പച്ചകറി കൃഷിയില്‍ മികച്ച വിളവെടുപ്പ്.

സിഡ്നി: സിഡ്നിയിലെ  സെന്റ്റ് തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്സ്‌ കത്തീഡ്രല്‍ പള്ളിയുടെ കൊമ്പൌണ്ടില്‍  ആരാധനാ ഗീതങ്ങള്‍ കേട്ട് വളര്‍ന്ന  പച്ചകറി കൃഷിയില്‍ നിന്ന്  നൂറുമേനി വിളവെടുപ്പ്. കൃഷിയെ സ്നേഹിക്കുന്ന ഒരുകൂട്ടം   ഇടവകാംഗങ്ങളുടെ  മനസ്സില് ഉദിച്ച ആശയമായിരുന്നു സണ്‍‌ഡേ സ്കൂള്‍ ഹാളിനോടു ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് കേരളത്തിലെ നാടന്‍ പച്ചകറികള്‍ കൃഷി ചെയ്യുക എന്നത്. ഇടവക വികാരിയുടേയും, കമ്മിറ്റി അംഗങ്ങളുടേയും പിന്തുണയും സഹകരണവും ഇവര്‍ക്ക് പ്രോത്സാഹനവുമായി.അങ്ങനെ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പച്ചകറി കൃഷിയാണ്  വിശ്വാസികളുടെയും  കാഴ്ചക്കാരുടെയും മനം നിറച്ചു  തഴച്ചു വളര്‍ന്നു നൂറുമേനി വിളവു നല്‍കുന്നത്.

 

പയര്‍, പടവലം, കുംമ്പളം,പാവല്‍, വെള്ളരി, വെണ്ടക്ക, മുരിങ്ങക്ക, പച്ചമുളക്, മത്തന്‍, കോവക്ക വഴുതന തുടങ്ങി ഇവിടുത്തെ തോട്ടത്തില്‍ ഇല്ലാത്ത പച്ചകറികള്‍ ഒന്നും  തന്നെയില്ല.  കൂടാതെ മുന്തിരിയും നാരങ്ങയും ഓറഞ്ചും ഒക്കെ ഇവിടെ കിളിച്ചു വരുന്നുണ്ട്.  തീര്‍ത്തും ജൈവ വളങ്ങള്‍ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. ഇവിടെ ഉത്പാദിക്കുന്ന പച്ചകറികള്‍  പള്ളിയിൽ തന്നെയാണ് വിപണനവും നടത്തുന്നത്.എല്ലാ ഞായറാഴ്ചയും ആരാധനക്ക് ശേഷം ലേലം വിളിക്കുന്ന നാടന്‍ പച്ചകറികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്‌. കൂടാതെ ഇടവകാംഗങ്ങള്‍ക്ക് വേണ്ട കറിവേപ്പിലയും പുതിനയിലയും  ഒക്കെ ഇവിടെ തന്നെ നട്ടു വളര്‍ത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം കൂടുതല്‍ പഴ വര്‍ഗങ്ങളും പച്ചകറികളും  കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടവകയിലെ കൃഷി സ്നേഹികള്‍.