‘മോദി മാതൃക’ പിന്തുടര്‍ന്ന് ഓസ്‌ട്രേലിയയും പഴയ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നു സൂചന.

കള്ളപ്പണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നോട്ട് അസാധുവാക്കലിന്‍റെ ചുവടുപിടിച്ച് ഓസ്‌ട്രേലിയയും പഴയ നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നു സൂചന. ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ ഹരീന്ദര്‍ സിദ്ധു ഒരു ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് നോട്ടു നിരോധനം ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്.

കള്ളപ്പണത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തെ അഭിനന്ദിച്ച ഹരീന്ദര്‍ സിദ്ധു, സര്‍ക്കാര്‍ നടപടി പൂര്‍ണമായി വിജയിച്ചാല്‍ ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ ആഴത്തിലുള്ള മാറ്റമായിരിക്കും അതുകൊണ്ടുവരിക എന്ന് അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയില്‍ ഇതിനോടകം കള്ളപ്പണം തടയാന്‍ ഒരു പ്രത്യേക സേന തന്നെ രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യ- ഓസ്‌ട്രേലിയ വ്യവസായ ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് വളരെ അധികം പുരോഗമിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സാമ്പത്തികകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അടുത്തവര്‍ഷം തുടര്‍ ചര്‍ച്ചകള്‍ക്കായി ഓസ്‌ട്രേലിയന്‍ പ്രതിനിധി സംഘം ഇന്ത്യയിലെത്തുമെന്നും ഹരീന്ദര്‍ പറഞ്ഞു.