ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ; പ്രതിരോധ നീക്കങ്ങൾ ഇറാൻ ആരംഭിച്ചു.

ജറുസലം: സിറിയയിലെ നയതന്ത്രകാര്യാലയം ആക്രമിച്ച ഇസ്രയേലിന് ഇറാൻ തിരിച്ചടി നൽകിയതും അതിനു പകരംവീട്ടുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതും മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്. ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യം തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. അതേസമയം ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ചെറിയ പ്രകോപനത്തിനു പോലും ഉഗ്രമായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ടെഹ്റാനിലെ സൈനിക പരേഡ് ചടങ്ങിൽ പ്രഖ്യാപിച്ചു.

മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ തിരിച്ചടിച്ചേക്കുമെന്ന കണക്കുക്കൂട്ടലിൽ ഇറാൻ പ്രതിരോധ നീക്കങ്ങൾ ആരംഭിച്ചു. ആക്രമണത്തിനായി വ്യോമസേന സജ്ജമായി കഴിഞ്ഞിരിക്കുന്നുവെന്ന് ഇറാൻ അറിയിച്ചിരുന്നു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇറാന്റെ ചരക്കു കപ്പലുകൾക്ക് നാവികസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിറിയയിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവരുടെ മുതിർന്ന ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. കൂടാതെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും പ്രധാന നേതാക്കളെ ഒഴിപ്പിച്ചു. ഇറാനോടു പ്രതികാരത്തിന് ഇസ്രയേൽ തീരുമാനമെടുത്തു കഴി‍ഞ്ഞെന്നു ബ്രിട്ടിഷ് ‌വിദേശകാര്യമന്ത്രി ഡേവിഡ് കാമറൺ ജറുസലമിൽ പറഞ്ഞു.

ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഈജിപ്തിലെ കയ്റോ‍യിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ പുരോഗതി ഇല്ലെന്നും ഗാസ യുദ്ധം ആ മേഖല മുഴുവൻ വ്യാപിക്കുന്നതിനെ കരുതിയിരിക്കണമെന്നും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. തെക്കൻ ലെബനനിൽ ഇന്നലെ വ്യാപകമായി ഇസ്രയേൽ ആക്രമണം നടത്തി. വടക്കൻ ഇസ്രയേലിലെ അറബ് അൽ അറംഷെ ഗ്രാമത്തിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 13 പേർക്കു പരുക്കേറ്റു. ഗാസയിൽ ഇന്നലെ മാത്രം ഇസ്രയേ‍ൽ ആക്രമണത്തിൽ 56 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ മരണം 33,899 കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഏപ്രിൽ 13ന് രാത്രിയാണ് ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. അതിൽ 99 ശതമാനവും മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും പറയുന്നു. ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽനിന്നും യെമനിൽ നിന്നും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്ക അടക്കം സഖ്യകക്ഷികള്‍ തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് വിവരം. ഇസ്രയേല്‍ പ്രതികാരനടപടിയിലേക്ക് നീങ്ങിയാല്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനെ അറിയിച്ചിരുന്നു. ഇസ്രയേലിന് പ്രതിരോധത്തിനുള്ള ഏത് നടപടിക്കും പിന്തുണ ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി. ഇറാനെപ്പോലെ വലിയൊരു രാജ്യത്തോട് യുദ്ധമുഖം തുറന്ന് പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തുറന്നുവിടുന്നത് അതീവഗുരുതരസ്ഥിതി ഉണ്ടാക്കുമെന്ന വിലയിരുത്തലിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.

ഇറാന്റെ ഡ്രോണുകളും മിസൈലുകളും തകർത്തതായി ഇസ്രയേൽ; ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ.