ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; ഇരുരാജ്യങ്ങളിലേയ്ക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ.

ടെൽ അവീവ്: ഇറാൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാന്റെ ഏത് ഭീഷണിയും നേരിടാൻ തയ്യാറാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണമുണ്ടായാൽ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രതികരിച്ചു. ഇറാൻ വിട്ടുപോകണമെന്ന് ജർമനി, റഷ്യ, തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി. സംഘർഷ സാധ്യതയുള്ളതിനാൽ ഇസ്രയേൽ, ഇറാൻ, ലബനൻ, പലസ്തീൻ പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഫ്രാൻസും പൗരന്മാർക്കു മുന്നറിയിപ്പു നൽകി.

മേഖലയിലെ നിലവിലെ ‘സാഹചര്യം’ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് ഇന്ത്യ ഗവണ്മെന്റ് നിർദേശം നൽകി. ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന ഇറാന്റെ ഭീഷണികൾക്കിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം.

ഇറാന്റെ മുന്നറിയിപ്പില്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേലിനും സഖ്യരാജ്യങ്ങളുടെ സൈനിക സംവിധാനങ്ങള്‍ക്കും നേരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിരുന്നു. 100-ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെട്ട വന്‍ ആക്രമണമാണ് ഇറാന്‍ നടത്താനിരിക്കുന്നതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇസ്രായേലിനെ സംരക്ഷിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇറാന് വിജയിക്കാനാകില്ലെന്നും പറഞ്ഞു.

ഇസ്രയേൽ ഹമാസ് സംഘർഷം ആറു മാസമായി തുടരുന്നതിനിടെ ഇറാൻ ഇസ്രയേലിനെതിരെ രംഗത്ത് വരുന്നത്. സംഘർഷം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇസ്രയേലുമായുള്ള പിരിമുറുക്കം കുറയ്ക്കാൻ ഇറാനെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരോട് യുഎസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇറാൻ നേരിട്ട് ആക്രമിച്ചില്ലെങ്കിലും ഇറാന്റെ പിന്തുണയുള്ള ആക്സിസ് ഓഫ് റസിസ്റ്റൻസ് തീവ്രവാദി സഖ്യം ഏതു നിമിഷവും ആക്രമിച്ചേക്കുമെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു. വടക്കൻ, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രയേൽ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസീറത്തിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കര, നാവിക, വ്യോമ ആക്രമണത്തിനു പിന്നാലെ ഇന്നലെ സൈന്യം ക്യാംപിൽ പരിശോധന ആരംഭിച്ചു. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുമായുള്ള സംഘർഷത്തിൽ 2 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ ഒരു പ്രാദേശിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. അൽ ഫറാ അഭയാർഥി ക്യാംപിനു സമീപമുള്ള ടുബാസ് പട്ടണത്തിലായിരുന്നു സംഘർഷം.

ഈദ് ദിനത്തില്‍ ഹമാസ് നേതാവിന്റെ മക്കളെയും പേരക്കുട്ടികളെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. വടക്കന്‍ ഗസ്സയിലെ ഷാതി അതിര്‍ത്തിയിലാണ് ഇസ്മയില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. ഇസ്രായേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതുമുതല്‍ 33,400 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്ക് മേല്‍ കഠിനമായ ഉപരോധമാണ് ഇസ്രായേല്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്രയേലിലും ഗസ്സയിലുമായി രണ്ട് ദശലക്ഷത്തിലധികം ജനങ്ങള്‍ യുദ്ധം മൂലം പട്ടിണിയിലാണ്.