ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാൻ; അമേരിക്ക ഇതിൽ ഇടപെടരുത് എന്നും മുന്നറിയിപ്പ്.

ടെഹ്റാൻ: ദമാസ്‌കസിലെ എംബസി കോമ്പൗണ്ടിൽ തങ്ങളുടെ രണ്ട് ജനറൽമാരെയും അഞ്ച് സൈനിക ഉപദേഷ്ടാക്കളെയും കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചു. സിറിയയിലെ ഇറാന്റെ താൽപ്പര്യങ്ങൾക്കെതിരായ ഇതുവരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ആക്രമണങ്ങളിലൊന്നാണ് ഈ ആക്രമണം. ഇതുവരെ, ഇറാൻ നേരിട്ട് യുദ്ധത്തില്‍ പ്രവേശിക്കുന്നത് ഒഴിവാക്കിയിരുന്നു. അതേസമയം, ഇസ്രായേലി-യുഎസ് ലക്ഷ്യങ്ങൾക്കെതിരായ സഖ്യകക്ഷികളുടെ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇറാൻ റെവല്യൂഷണറി ഗാർഡിലെ (ഐആർജിസി) ഏഴ് അംഗങ്ങളെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല.

സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം നടത്തിയത് ഇസ്രായേൽ ആണെന്ന് ആരോപിച്ചാണ് ഇറാന്റെ നീക്കം. അമേരിക്ക വിഷയത്തിൽ ഇടപെടാൻ വരരുതെന്നും, ഒഴിഞ്ഞ് നിൽക്കണമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ഹിസ്ബുള്ളയും ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിടുപ്പിക്കാനൊരുങ്ങുകയാണെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസ്രായേലിതിരായ നീക്കം കടുപ്പിക്കുകയാണെന്നും, അമേരിക്ക ഇടപെട്ടാൽ അവർക്കും തിരിച്ചടി കിട്ടുമെന്നുമാണ് രേഖാമൂലം കൈമാറിയ സന്ദേശത്തിൽ ഇറാനിയൻ പ്രസിഡന്റിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷിദി പറയുന്നത്. ഇതിന് മറുപടിയായി അമേരിക്കയുടെ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് അമേരിക്ക നിർദേശം നൽകിയതായും ജംഷിദി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. എന്നാൽ അമേരിക്ക ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്ക അതീവ ജാഗ്രതയിലാണെന്നും, ഒരു ആക്രമണം ഏത് സമയത്തും പ്രതീക്ഷിക്കുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളോ രഹസ്യാന്വേഷണ ഏജൻസിയുടെ കേന്ദ്രങ്ങളോ ആക്രമിക്കാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. ഹിസ്ബുള്ളയുടെ പിന്തുണയോടെയാകും നീക്കമെന്നാണ് പ്രാഥമിക വിവരം.

ബദ്ധശത്രുവായ ഇസ്രയേലിന് ‘അടി’ നൽകുമെന്ന് ഇറാൻ പറയുമ്പോഴും ഇതു നേരിട്ടാണോ അതോ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകളിലൂടെയാണോ എന്ന കാര്യം വ്യക്തമല്ല. പ്രത്യാക്രമണം പ്രതീക്ഷിക്കുന്ന ഇസ്രയേൽ കടുത്ത ജാഗ്രതയിലാണ്. യുദ്ധ സൈനികർക്കുള്ള അവധി റദ്ദാക്കുകയും റിസർവ് സൈനികരെ വിളിച്ചുവരുത്തുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു.