പാക്കിസ്ഥാനിൽ വ്യാപക ആക്രമണം: ആറ് ചൈനീസ് എൻജിനിയർമാ‍ർ കൊല്ലപ്പെട്ടു.

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ നടന്ന ചാവേറാക്രമണത്തിൽ ആറ് ചൈനീസ് എൻജിനിയർമാ‍ർ കൊല്ലപ്പെട്ടു. ഇസ്ലാമബാദിൽ നിന്ന് എൻജിനിയർമാർ താമസിക്കുന്ന ദാസുവിലുള്ള അവരുടെ ക്യാമ്പിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ദാസു അണക്കെട്ടിന് സമീപം ഇതാദ്യമല്ല ആക്രമണമുണ്ടാവുന്നത്. 2021 -ൽ നടന്ന ആക്രമണത്തിൽ 13 എൻജിനിയർമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒൻപതുപേർ ചൈനക്കാരായിരുന്നു. ഇവർ സഞ്ചരിച്ച ബസ് ബോംബ് വച്ച് തക‍‍‌‍ർ‌ക്കുകയായിരുന്നു. വൈദ്യുതി നിലയത്തിന്റെ നിർ‌മാണത്തിന് എത്തിയ എൻജിനിയർമാരാണ് അന്ന് കൊല്ലപ്പെട്ടത്.

മറ്റൊരു സംഭവത്തിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാവികസേനാ താവളത്തിൽ ആക്രമണം നടത്തിയ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു. പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ വ്യോമതാവളമായ തുർബത്തിലെ പിഎൻഎസ് സിദ്ദിഖിന് നേരെ ആക്രമണം ഉണ്ടായതു. ഏറ്റുമുട്ടൽ മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നതായും വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ (BLA) മജീദ് ബ്രിഗേഡ് ഏറ്റെടുത്തു.

ബലൂചിസ്ഥാനിലെ ചൈനീസ് നിക്ഷേപത്തോടുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അറിയിച്ചു. ചൈനയും പാക്കിസ്ഥാനും മേഖലയിലെ വിഭവങ്ങൾ ചൂഷണം ചെയ്യുകയാണ്. ഈ വർഷം ബലൂചിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഈ വർഷമാദ്യം മാച്ച് ജയിൽ ഭേദിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. അന്ന് ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. ഏതാനും ദിവസം മുൻപ് ഗ്വാദർ തുറമുഖത്തു സുരക്ഷാസേന 8 ഭീകരരെ വെടിവച്ചുകൊന്നു.

അതിനിടെ ഇന്ത്യയുമായി വ്യാപാര ബന്ധം പുനരാരംഭിക്കാൻ പാക്കിസ്ഥാന്റെ പുതിയ സർക്കാർ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനരാരംഭിക്കണമെന്ന് പാക്കിസ്ഥാനിലെ വ്യവസായ പ്രമുഖർ മുറവിളി കൂട്ടുകയാണ്. കൂടിയാലോചനകൾ നടത്തി സാധ്യത പരിശോധിക്കുമെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു. 2019 ഓഗസ്റ്റ് മുതൽ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുകയാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ അസാധുവാക്കിയതിനെ തുടർന്നായിരുന്നു നടപടി. എന്നാൽ തീരുമാനം പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിച്ചു. ഇതോടെയാണ് ബന്ധം പുനഃസ്ഥാപിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലാണ് തങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധയെന്നും ദാർ പറഞ്ഞു.