സിറിയയിലും ഇറാഖിലും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം.

സിറിയയിലും ഇറാഖിലും ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം.

ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം തുടങ്ങി. സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡൻ പറഞ്ഞു.

ഞായറാഴ്ച ജോർദനിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. ഇറാൻ റെവല്യൂഷണറി ഗാർഡിന്റേയും ഇവർ പിന്തുണയ്‌ക്കുന്ന തീവ്രവാദ സംഘടനകളുമായും ബന്ധമുള്ള 85-ലധികം ഇടങ്ങൾ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ വ്യോമാക്രമണം. കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന ഇടങ്ങൾ, ആയുധ സംഭരണ ശാലകൾ, അവ വിതരണം നടത്തുന്ന ഇടങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.