പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികള്‍ 

പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികള്‍
ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി  താലോലിച്ച്  ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട് ചേര്‍ന്നു ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  മുന്തിരിവള്ളിയും  അത്തിവൃക്ഷവും നീരൊഴുക്കുമുള്ള  ഇസ്രായേല്‍ രാജ്യത്ത് അധികാരവും സമ്പത്തുമുപയോഗിച്ച് (ബി.സി. 922 – 961) ല്‍  ലോകാത്ഭുതമായ യേറുശലേം  ദേവാലയം ശലോമോന്‍ രാജാവ് നിര്‍മ്മിച്ചു. അത്  ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൗരോഹിത്യ പ്രേരണയാല്‍ നിര്‍മ്മിച്ചതായിരുന്നു. സ്വര്‍ണ്ണം നിറഞ്ഞ ആ ദേവാലയത്തെ പല സാമ്രാജ്യങ്ങളും ആക്രമിച്ച് കൊള്ള ചെയ്തിട്ടുണ്ട്. ഇന്ന് അതിന്റെ അവശിഷ്ടമായുള്ളത് ഒരു മതിലാണ്.  ലോകമെങ്ങുമുള്ള യഹൂദര്‍ വന്ന് അതില്‍ തലതല്ലി പ്രാര്‍ത്ഥിക്കുന്നത് കാണാം. നഷ്ടപ്പെട്ട ദേവാലയം പുനരുദ്ധരിക്കാന്‍ അവര്‍ ഒരു വസന്തകാലം നോക്കിയിരിക്കുന്നു. ‘ശാലോം’ എന്നാല്‍ സമാധാനം എന്നാണ്. മതരാജ്യമായ ഇസ്രായേലില്‍ മാത്രമല്ല ഇറാന്‍, പാക്കിസ്ഥാന്‍ അങ്ങനെ പല മത രാജ്യങ്ങളിലും സമാധാനമില്ല. അസമാധാനത്തിന് കാരണം ജാതി മത രാഷ്ട്രീയ കൂട്ടുകെട്ടുകളാണ്. രാമന്റെ  അയോദ്ധ്യ ക്ഷേത്രം തിളങ്ങുന്ന നക്ഷത്രമായി ലോകമെങ്ങുമുള്ള വിശ്വാസ തീര്‍ത്ഥാടകരുടെ ഒരു സംഗമഭൂമിയായി മാറുമ്പോള്‍ അവിടെ സമാധാനം  പുഞ്ചിരിതൂകുന്ന  പുലരിയായി വിടരണം.
ഇന്ത്യയില്‍ ഇബ്രാഹിം ലോദിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയാണ് ബാബര്‍ (ജഹ്റുദീന്‍ മുഹമ്മദ്, ഇ.ഡി  1483 -1530)  ദില്ലി സിംഹാസനം പിടിച്ചെടുക്കുന്നത്. അദ്ദേഹത്തെ ചരിത്രം വിലയിരുത്തുന്നത് മഹാനായ ഭരണാധികാരി, സര്‍ദാര്‍ പട്ടേലിനെപോലെ നാട്ടുരാജ്യങ്ങളെ ഒരു കുടകീഴില്‍ കൊണ്ടുവന്നു. (എന്റെ പട്ടേല്‍ ജീവചരിത്രം’ കാരിരുമ്പിന്റെ കരുത്തി’ലും എഴുതിയിട്ടുണ്ട്) കലാസാഹിത്യത്തെ വളര്‍ത്തിയ വ്യക്തി തുടങ്ങിയ നന്മയുടെ പ്രതീകങ്ങളായിട്ടാണ്. ധാരാളം മാനുഷിക മൂല്യങ്ങളുണ്ടായിരുന്ന  ബാബര്‍ എന്തിനാണ് രാമക്ഷേത്രം തകര്‍ത്ത് അവിടെ മസ്ജിദ് തീര്‍ത്തതെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. അതിന് ചിലര്‍ നല്‍കുന്ന ഉത്തരം  അദ്ദേഹത്തിന്റെ സേനാനായകനായിരുന്ന മീര്‍ ബാഖി ഹിന്ദുക്കളോടുള്ള വിരോധമെന്നാണ്.  ഇങ്ങനെ വാദപ്രതിവാദങ്ങള്‍ പലതുണ്ട്. എന്തായാലും  2003 -ല്‍    പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് മസ്ജിദിന് താഴെ ക്ഷേത്രമുണ്ടായിരുന്നു എന്നാണ്.   ഇങ്ങനെ സിന്ധുനദിതട സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ സര്‍ അലക്‌സാണ്ടര്‍ കണ്ണിങ് ഹാം കണ്ടെത്തിയിട്ടുണ്ട്. ഭൂമി തുരന്നുചെന്നാല്‍  ഭാരതത്തിന്റെ പല ഭാഗങ്ങളിലും  ഇതിഹാസ ചരിത്രങ്ങള്‍  ഉറങ്ങികിടക്കുന്നത് കാണാം. മനുഷ്യരെ തമ്മിലകറ്റുന്ന, സമൂഹത്തില്‍ കലഹ മുണ്ടാക്കുന്ന ഗവേഷണ ദേവന്മാരെ ഇനിയും നിങ്ങള്‍ ഭൂമിക്കടിയിലൂടെ   തുരന്നുപോകുന്നത് ഏത് ദൈവത്തെത്തേടിയാണ്?
മനുഷ്യരുടെ കരവിരുതില്‍ അണിഞ്ഞൊരുങ്ങിയ പല ദേവാലയങ്ങള്‍, ഭീമന്‍ കോട്ടകള്‍ തകര്‍ത്തെറിയപ്പെട്ട കാലങ്ങളുണ്ട്. പണിയാനൊരു കാലം, തകര്‍ക്കാനൊരു കാലം.  ഇതെല്ലം സംഭവിക്കുന്നത് ആത്മാവിന്റെ, സത്യത്തിന്റെ വെളിച്ചം മനുഷ്യരില്ലാത്തതാണ്.  യഥാര്‍ത്ഥ ഭക്തരില്‍ ഈശ്വരന്റെ നിശ്വാസവും സുഗന്ധവുമുണ്ടായിരിക്കും. അവരുടെ ഹൃദയവും വീട്ടിലെ പൂജാമുറിയും ദേവാലയമാണ്. ഒരു വ്യക്തിയുടെ ആത്മചൈതന്യം എന്തെന്ന് ചോദിച്ചാല്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന സ്നേഹമാണ്. ആത്മവിലലിയുന്ന സംഗീതമാണ്.  മനുഷ്യര്‍ ആത്മീയ ചിന്തകളില്‍ നിന്ന് അധികാര ആഢംബര ദുര്‍മോഹങ്ങളിലേക്ക് പോകുന്നതുകൊണ്ടാണ് ആത്മാവിനെ അനുഭവിക്കാന്‍ സാധിക്കാത്തത്. അവിടെ ജഡികമോഹങ്ങള്‍ ആത്മാവിന് എതിരാണ്. മുന്‍കാലങ്ങളില്‍ അധികാരമുറപ്പിക്കാന്‍ യുദ്ധങ്ങളായിരുന്നെങ്കില്‍ ഇന്ന് പല രാജ്യങ്ങളിലും യുദ്ധങ്ങള്‍ നടത്തുന്നത് മതങ്ങളാണ്. മത മൗലിക വാദികള്‍, മതഭ്രാന്തന്മാര്‍, വര്‍ഗ്ഗീയവാദികള്‍ ഒരു ഭാഗത്തും മതേതരവാദികള്‍ മറുഭാഗത്തും തമ്മിലടിക്കുന്നു. ഈ പ്രപഞ്ചശക്തി ഒരു മതവുമുണ്ടാക്കിയിട്ടില്ല. അക്ഷരം വായിക്കുന്നവന്‍, ആത്മാവിനെയറിയുന്നവന്‍ ഇവരുടെ ഇരകളായി മാറില്ല. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കെട്ടുകാഴ്ചകള്‍ കണ്ടാല്‍ പുരാതന കാലത്ത് ജീവിച്ചിരുന്ന ശലോമോനും ബാബറും ഈ പുരോഗമന-ആത്മീയ വാദികളും  തമ്മില്‍ എന്താണ് വിത്യാസം? ഈ ആധുനിക യുഗത്തിലും വികല ചിന്തകള്‍. കാലം പുരോഗമിച്ചത് ഇവര്‍ അറിഞ്ഞില്ലേ?
രാജഭരണകാലങ്ങളില്‍ മനുഷ്യമൂല്യങ്ങളോ, മനുഷ്യസമത്വമോ, സ്വാതന്ത്ര്യമോ ഇല്ലാതെ അരാജകത്വത്തില്‍ അല്ലെങ്കില്‍  ഇരുണ്ട കാലത്ത്  ജീവിക്കുമ്പോഴാണ് ബ്രിട്ടീഷ് ഭരണമെത്തുന്നതും പല അന്ധവിശ്വാസങ്ങളും തുടച്ചു നീക്കപ്പെട്ടത്.  കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഗുരുദേവന്‍ പറഞ്ഞു ജനങ്ങളെ  ബോധവല്‍ക്കരിക്കാന്‍ ഒരു മാര്‍ഗ്ഗമായുള്ളത് വിദ്യ അല്ലെങ്കില്‍ അറിവ്. അതുപോലും സവര്‍ണ്ണ പൗരോഹിത്യം അനുവദിച്ചില്ല.  തിരുവിതാംകൂറിലെ നല്ല ഭരണകര്‍ത്താക്കള്‍ മനുഷ്യരെ അറിവിലേക്ക് വളര്‍ത്താന്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി.  പ്രമുഖരായ ബുദ്ധിജീവികളുടെ പുസ്തകങ്ങളും പഠനങ്ങളും നാട്ടിലെത്തിച്ചു. നിര്‍ഭാഗ്യമെന്ന് പറയാന്‍ ഇന്ന്  ഇന്ത്യയില്‍ പഠിപ്പിക്കുന്നത് ജാതി, മതം, അരാഷ്ട്രീയം, കച്ചവട സിനിമകളോടുള്ള അതിരറ്റ വികാരപ്രകടനങ്ങളാണ്. ഇവിടെയെല്ലാം നടക്കുന്നത് ചൂഷണങ്ങളാണ്. പിറന്നുവീഴുന്ന കുഞ്ഞിനെയും ജാതിയില്‍ മുദ്രകുത്തി ഒരു ജനതയെ മുഴുവന്‍ അതിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്നു. അതിന്റെ മറവില്‍ അധികാരത്തിലെത്തുന്നു. ഇത് എന്ത് ജനാധിപത്യമാണ്?
സമൂഹത്തില്‍ നടക്കുന്ന വൈകല്യങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനും നിസ്സഹയരായ പാവങ്ങളെ സഹായിച്ചതിനും ഭാരതത്തില്‍ എത്രയോ നല്ല മനുഷ്യര്‍ കൊല്ലപ്പെട്ടു.  കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍, ഗൗരിലങ്കേഷ്, മുഹമ്മദ് അഖലാഖ്, സ്റ്റാന്‍ സ്വാമി, ഗ്രഹാം സ്‌റ്റൈന്‍സ്, ഇന്‍ഡോര്‍ റാണി എന്നറിയപ്പെടുന്ന സിസ്റ്റര്‍ റാണി മരിയ ഇങ്ങനെ ചരിത്രത്താളുകളില്‍ ഇടം പിടിച്ച വര്‍ഗ്ഗീയ വാദികളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ ധാരാളമാണ്.  ഇവരാരും രാജ്യദ്രോഹ കുറ്റം ചുമത്തിയവരല്ല. മനുഷ്യ നന്മകള്‍ക്കായി പ്രവര്‍ത്തിച്ചവരാണ്. ഈശ്വര ചൈതന്യം എന്തെന്നറിയാത്ത പിശാചിന്റെ സന്തതികള്‍ക്ക് മനഃസമാധാനം കിട്ടുമോ?
ഇന്ത്യയിലെ രാജാധിപത്യവും പൗരോഹിത്യവും നമ്മെക്കൊണ്ടെത്തിച്ചത്  മനുഷ്യ മൃഗങ്ങളെ കൊലപ്പെടുത്തി  രക്തം കുടിച്ച് ദേവീ ദേവന്മാരെ പ്രീതിപ്പെടുത്തി ആത്മീയ രംഗത്ത് ഒരു ജീര്‍ണ്ണ സംസ്‌കാരം വളര്‍ത്തുന്നതിലായിരുന്നു.  ആ കാടത്ത അനാചാരത്തില്‍  നിന്ന്  മനുഷ്യര്‍  മാറി വായനയിലും അറിവിലും അഭിനിവേശമുള്ളവരായി മാനവികത എന്തെന്ന് ഭൂരിപക്ഷമില്ലെങ്കിലും ന്യൂനപക്ഷക്കാരായി മാറി ശക്തവും സുന്ദരവുമായ ഒരു ഭാവിയിലേക്ക് കടന്നുവന്നിട്ടുണ്ട്.  മുന്‍പ് ബുദ്ധമത ക്ഷേത്രങ്ങള്‍ പലതും തകര്‍ക്കപ്പെട്ടു.  മണിപ്പൂരില്‍ എത്രയോ ക്രിസ്തീയ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇന്ത്യയില്‍ പലയിടത്തും ന്യൂനപക്ഷങ്ങള്‍ പാവങ്ങള്‍, ദളിതര്‍ ദുഃഖ ദുരിതമനുഭവിക്കുന്നു.   ദരിദ്ര്യവര്‍ഗ്ഗത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ എന്തെന്ന് തിരിച്ചറിയാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലെങ്ങും   സ്വജനപക്ഷവാദം മാത്രമല്ല ജാതീയ വര്‍ഗ്ഗീയതകള്‍ വളര്‍ത്തി രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്നത് കാണാതിരിക്കരുത്.  ഇന്ത്യയുടെ രാഷ്ട്രപിതാവ് 1930 -ല്‍ പറഞ്ഞത് ‘എന്റെ മതം എന്റെ രാജ്യമാണ്’ ഇത് പറയാന്‍ നട്ടെല്ലില്ലാത്തവര്‍ അധികാരത്തിനായി ജാതിമതങ്ങളെ  മുന്‍നിര്‍ത്തി ഇന്ത്യന്‍ ജനാധിപത്യത്തെ ഒരു വില്പന ചരക്കാക്കി മാറ്റുന്നതല്ലേ കാണുന്നത്?
ജാതി മതം നോക്കി കാണപ്പെടാത്ത ദൈവങ്ങളെ നോക്കി  സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതാണോ രാജ്യസ്നേഹം? ഇവരാണോ ജനസേവകര്‍? പാശ്ചാത്യ രാജ്യങ്ങളില്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ ജൂപ്പിറ്റര്‍, ജുനോ തുടങ്ങി നൂറുകണക്കിന്  ദേവീദേവന്മാരുടെ വിഗ്രങ്ങള്‍ ഗ്രീസടക്കം യൂറോപ്പിലെങ്ങും തകര്‍ന്നുതരിപ്പണമായത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അത് എന്റെ പല യാത്രാവിവരണങ്ങളില്‍ എഴുതുകയും ചെയ്തു. ലോക ദാരിദ്ര്യ പട്ടികയില്‍ ഇന്ത്യയുടെ റാങ്ക് നിര അത്ര നല്ലതല്ല. ഒരു രാജ്യം ഒരു സംസ്ഥാനം നേരിടുന്ന നീറുന്ന പ്രശ്‌നങ്ങളെ ജാതിപ്പുതപ്പ് മാറ്റി പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് വേണ്ടത് മനസ്സിന്റെ വിശാലതയാണ്.  ജീവിതത്തില്‍ വേദനയും മധുരവും ഒഴുവാക്കാനാവാത്ത കുടിയിറക്കലും കുടിയൊഴിപ്പിക്കലുമാണ്. കലഹം അതിന്റെ കൂടപ്പിറപ്പുകളാണ്. അവിടെ പരിഹാസ്യരായി ഏത് മത വിശ്വാസിയാലും മാറരുത്.  മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന ഈ ദേവാലയങ്ങളും ദൈവങ്ങളും നമ്മുടെ   മരണത്തോടെ അവസാനിക്കുന്നു.  അധികാരത്തിന് വേണ്ടി ആരാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് സ്വയം തീരുമാനിക്കുക. ജാതിമത അതിര്‍വരമ്പുകള്‍ വലിച്ചെറിയുക.  ഇന്ത്യയുടെ സമത്വം, സാഹോദര്യത്തിനായി നിലകൊള്ളുക. പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ മ്യൂസിയങ്ങളായി മാറ്റി ടൂറിസത്തില്‍ പുരോഗതി കൈവരിക്കുക.  എന്തും കണ്ട്  പുളകിതരായി മഥിക്കുന്ന ഒരു ജനത ദൈവങ്ങളെ വില്പനചരക്കായി വിറ്റഴിക്കരുത്.  ഇന്നത്തെ  ഇന്ത്യന്‍ ആത്മീയ കേന്ദ്രങ്ങളില്‍ കേരളമടക്കം  ഈശ്വരന്റെ കാലടികളോ  അതോ പിശാചിന്റെയോ  ഒരു നിമിഷമോര്‍ക്കുക.
കാരൂര്‍ സോമന്‍, ചാരുംമൂട്