അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ പൂർത്തിയായി, ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ പൂർത്തിയായി, ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു.

ദില്ലി: ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. 51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിച്ചത്. ‘മുഖ്യ യജമാനൻ’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണു പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ശ്രീകോവിലിൽ ഉണ്ടായിരുന്നു. കാശിയിലെ വേദപണ്ഡിതൻ ലക്ഷ്മികാന്ത് ദീക്ഷിതായിരുന്നു മുഖ്യ പുരോഹിതൻ. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20-നും 12.30-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിൻ്റെ മാത്രമല്ല വിനയത്തിൻ്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനിൽ കുംബ്ലെ, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സോനു നിഗം, രജനി കാന്ത്, റണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികളാണ് ക്ഷേത്രത്തിലെത്തിയത്. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നേതാക്കളും ക്ഷേത്രത്തിലെത്തിയിരുന്നു.

അയോധ്യയിലെ പ്രാണ പ്രതിഷ്ടയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനാ പരിപാടികളും നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തിലാണ് സംസ്ഥാനത്ത് വിവിധ ആഘോഷ പരിപാടികള്‍ നടന്നത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ചടങ്ങുകൾ നടന്നത്. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ബിജപി നേതാക്കളും പങ്കെടുത്തു. വൈകിട്ട് വീടുകളിൽ വിളക്ക് തെളിയിക്കുന്ന ചടങ്ങും നടക്കും. പ്രാണ പ്രതിഷ്ഠാ ചടങ്ങിനിടെ എന്‍എസ്എസ് ആസ്ഥാനത്ത് ജി സുകുമാരൻ നായര്‍ വിളക്ക് കത്തിച്ചു.