പ്രാണപ്രതിഷ്ഠ: അയോധ്യയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

പ്രാണപ്രതിഷ്ഠ: അയോധ്യയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.

അയോധ്യ: രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പ്രാര്‍ത്ഥന അയോധ്യയില്‍ പുരോഗമിക്കുകയാണ്. 150-ധികം പൂജാരിമാരാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നത്. പ്രതിഷ്ഠാ ചടങ്ങിന്റെ ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ തകൃതിയായി പുരോഗമിക്കുകയാണ്. പൌഷ മാസത്തിലെ ശുക്ല കൂര്‍മ ദ്വാദശിക്കാണ് പ്രാണ പ്രതിഷ്ഠ. ജനുവരി 16-നാണ് പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള പൂജകള്‍ തുടങ്ങിയത്. വ്യാഴാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത്. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്റെ വി​ഗ്രഹമാണ് സ്ഥാപിച്ചത്. കറുത്ത കല്ലുകൊണ്ടാണ് വി​ഗ്രഹം നിർമിച്ചത്. പ്രാൺ പ്രതിഷ്ഠക്ക് മുന്നോടിയായിട്ടാണ് വി​ഗ്ര​ഹം സ്ഥാപിച്ചത്. രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റി ബിംലേന്ദ്ര മോഹൻ പ്രതാപ് മിശ്രയുടെ മേൽനോട്ടത്തിലാണ് വിഗ്രഹം തെരഞ്ഞെടുത്തത്. ജനുവരി 22-ന് ഉച്ചയ്ക്ക് 12.20-നാണ് വിഗ്രഹ പ്രതിഷ്ഠ നടക്കുകയെന്നും അധികൃതര്‍ അറിയിച്ചു. 120 മുതൽ 200 കിലോ വരെയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ തൂക്കമെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

121 ആചാര്യന്മാരുടെ മേൽനോട്ടത്തിലാണ് പ്രാണപ്രതിഷ്ഠ നടക്കുക. ഗണേശ്വർ ശാസ്ത്രി ദ്രാവിഡിനാണ് മേല്‍നോട്ട ചുമതല. കാശിയില്‍ നിന്നുള്ള ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രധാന ആചാര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 150-ലധികം പാരമ്പര്യങ്ങളിൽ നിന്നുള്ള സന്യാസിമാർ, 50-ലധികം ആദിവാസി, ഗോത്ര വിഭാഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒപ്പം സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളുമുണ്ടാകും. ഗർഭ ഗൃഹത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയാകുന്നതോടെ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കും. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് അയോധ്യ ന​ഗരത്തിൽ സുരക്ഷ കർശനമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പ്രത്യേകതയോടെയാണ് അയോധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ രൂപഘടന തയാറാക്കിയത് അഹമ്മദാബാദിലെ വാസ്തുശിൽപികളായ ചന്ദ്രകാന്ത് സോംപുരയും മകൻ ആഷിഷ് സോംപുരയുമാണ്.‌‌ 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം. സോമനാഥ ക്ഷേത്രം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 100 ലധികം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത വാസ്തുശിൽപികുടുംബമാണ് സോംപുര കുടുംബം. മുഖ്യ വാസ്തുശിൽപി ചന്ദ്രകാന്ത് സോംപുരയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മക്കളായ ആഷിഷിന്റെയും നിഖിലിന്റെയും പിന്തുണയോടെയാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രവാസ്തുവിദ്യയിൽ തലമുറകളായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമുള്ള കുടുംബമാണ് സോംപുര.

ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് പൂർണമായും കല്ലുകളിലാണ്. ഇരുമ്പോ ഉരുക്കോ ഉപയോഗിച്ചിട്ടില്ല. ക്ഷേത്രനിർമാണത്തിന് ഉപയോഗിച്ച ഇഷ്ടികകളിൽ ‘ശ്രീറാം’ എന്നെഴുതിയിട്ടുണ്ട്. രാമേശ്വരത്തെ രാമസേതു നിർമാണത്തെക്കുറിച്ചുള്ള ഐതിഹ്യത്തിന്റെ ഓർമയ്ക്കാണ് ഇത്. മൂന്ന് നിലകളിലായി 2.7 ഏക്കറിലായി പരന്നു കിടക്കുന്ന രാമക്ഷേത്രം ഭക്തർക്ക് ഒരു നവാനുഭവം ആയിരിക്കും സമ്മാനിക്കുക. മൂന്നു നിലകളിൽ താഴത്തെ നിലയിൽ ശ്രീരാമന്റെ ജീവിതം പൂർണമായും ചിത്രീകരിക്കുന്നു. ശ്രീരാമന്റെ ദർബാർ ആയി പണി കഴിപ്പിക്കപ്പെടുന്ന ഒന്നാമത്തെ നില ആയിരിക്കും ഇവിടേക്ക് എത്തുന്ന ഭക്തരെ ഏറ്റവും അധികം ആകർഷിക്കാൻ പോകുന്നത്. രാജസ്ഥാനിലെ ഭരത്പുരിൽ നിന്നുള്ള പിങ്ക് സാൻഡ് സ്റ്റോൺ ആയ ബൻസി പഹർപുർ ഉപയോഗിച്ചാണ് ദർബാർ ഹാൾ പണികഴിപ്പിച്ചിരിക്കുന്നത്. 360 അടി നീളവും 235 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. മൂന്നു നിലകളുള്ള ക്ഷേത്രത്തിന് ആകെ 12 ഗേറ്റുകളാണ് ഉള്ളത്. നാഗർ ശൈലിയിലുള്ള 360 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഈ തൂണുകൾ.