പാക്കിസ്ഥാനുമായി യുദ്ധം പ്രഖ്യാപിച്ച്‌ ബലൂച് ലിബറേഷൻ ആർമി.

ഇസ്ലാമാബാദ്: ഇറാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി. പാക്കിസ്ഥാൻ ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും, ഒരിക്കലും നിശബ്ദരായിരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബലൂച് ലിബറേഷൻ പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഇറാനിലെ സിസ്താൻ-ബലൂച് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണം തങ്ങളുടെ ആളുകളെ ലക്ഷ്യമിട്ടായിരുന്നുവെന്നും, ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും പ്രസ്താവനയിൽ പറയുന്നു. പാക്കിസ്ഥാൻ ഇപ്പോൾ നടത്തിയ നീക്കത്തിന് വലിയ വില നൽകേണ്ടി വരും. ബലൂച് ലിബറേഷൻ ആർമി ഒരിക്കലും നിശബ്ദരായിരിക്കില്ല. ഞങ്ങൾ തീർച്ചയായും ഇതിന് പ്രതികാരം ചെയ്യും. പാക്കിസ്ഥാനെതിരെ ഞങ്ങൾ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും” ഇവർ വ്യക്തമാക്കി. പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണം എന്നതാണ് ഈ സംഘടനയുടെ പ്രധാന ആവശ്യം.

പാക്കിസ്ഥാൻ പ്രദേശത്തെ ബലൂചി ഗ്രൂപ്പായ ജെയ്‌ഷ് അൽ-അദ്‌ലിന്റെ ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങൾക്ക് നേരെ പാക്കിസ്ഥാനും ആക്രമണം നടത്തിയിരുന്നു. ഓപ്പറേഷനിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാൻ ആക്രമണത്തിൽ നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെ സഹോദര രാജ്യം എന്ന് വിശേഷിപ്പിച്ച ഇസ്ലാമാബാദ്, എല്ലാ ഭീഷണികളിൽ നിന്നും ദേശീയ സുരക്ഷയെ സംരക്ഷിക്കാനുമുള്ള പാക്കിസ്ഥാന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെ പ്രകടനമാണ് നടപടിയെന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ജെയ്‌ഷ് അൽ-അദലിന്റെ രണ്ട് താവളങ്ങൾ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെ അപലപിച്ച പാക്കിസ്ഥാൻ, ഇത്തരം നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അയൽ രാജ്യത്തിന് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ഹമാസ് യുദ്ധത്തെയും ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെയും ചൊല്ലി മദ്ധ്യേഷയിൽ പിരിമുറുക്കം വർദ്ധിക്കുന്ന സമയത്താണ് ഇറാന്റെ ആക്രമണവും പാക്കിസ്ഥാന്റെ പ്രത്യാക്രമണവും.

ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘർഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നത്തിൽ കരുതലുളള പ്രതികരണമാണ് ഇന്ത്യ നടത്തിയത്. ഇത് ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളത്. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾ സ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ബലൂചിസ്ഥാൻ: പാക്കിസ്ഥാന് നഷ്ടമാകുമോ?