രാജ്യദ്രോഹികള്‍ രക്ഷപ്പെടരുത്

രാജ്യദ്രോഹികള്‍ രക്ഷപ്പെടരുത്

തൃശൂരില്‍ വന്ന പ്രധാനമന്ത്രി കേരളത്തിലെ സ്വര്‍ണ്ണക്കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് അറിയാമെന്ന് തുറന്നടിച്ചത് ലോക മലയാളികള്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്. ഇത് മലയാളിയുടെ മനസ്സില്‍ എന്നും പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ്. നാലഞ്ച് വര്‍ഷങ്ങളായി ദുരൂഹതകള്‍ ഉയരുന്നു. ഇതിലെ കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കില്‍ നമ്മള്‍ നാശോന്മുകമായ പതനത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ പ്രബലരായ ജന്മിമാരായിരുന്നെങ്കില്‍ ഇന്നത്തെ ജനാധിപത്യ നാഗരികതയില്‍ ലോകമെങ്ങും ബൂര്‍ഷ്വ – മുതലാളിത്വ, കൊള്ള, കൊല, വര്‍ഗ്ഗിയത, മയക്കുമരുന്ന്, അഴിമതി, യജമാനന്മാര്‍, ദാസന്മാര്‍ തുടങ്ങിയ പുതിയ വര്‍ഗ്ഗങ്ങള്‍ ജന്മമെടുത്തിരിക്കുന്നു. നിയമങ്ങളെ അനുസരിക്കുന്ന ജനാധിപത്യബോധമുള്ള കുറ്റാന്വേഷണ വകുപ്പുകള്‍ അവരുടെ കാര്യശേഷിയും ധീരതയും പ്രകടിപ്പിക്കേണ്ടത് കുറ്റവാളികളെ കണ്ടെത്തുന്നതിലാണ്. ഇല്ലെങ്കില്‍ രാജ്യദ്രോഹികളായ കുഴിയാനകള്‍ സമൂഹത്തില്‍ കൊലയാനകളായി മാറില്ലേ?

ഇന്നത്തെ വാര്‍ത്തയില്‍ കണ്ടത് അറബിക്കടലില്‍ സൊമാലിയന്‍ കൊള്ളക്കാര്‍ റാഞ്ചിയ ചരക്ക് കപ്പലിലെ ബന്ദികളെ മോചിപ്പിച്ചു ഇന്ത്യന്‍ നാവികസേന. കപ്പലിലിലുണ്ടായിരുന്നത് ഇന്ത്യന്‍ ജീവനക്കാരുള്‍പ്പെടെ 21 പേരാണ്. ഇന്ത്യയുടെ ഐ.എന്‍.എസ് ചെന്നൈ യുദ്ധക്കപ്പലാണ് നേതൃത്വം കൊടുത്തത്. നമ്മുടെ സ്വര്‍ണ്ണക്കടത്തില്‍ കപ്പലിന് പകരം വിമാനമാണ് ഉപയോഗിച്ചത്. നാവിക സേന മോചിപ്പിച്ചത് ഇരുപത്തിയൊന്നുപേരെയാണ്. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടവര്‍ ഗള്‍ഫിലുള്ളവരടക്കം പത്തിന് മുകളില്‍ വരാതിരിക്കില്ല. ഈ സ്വര്‍ണ്ണ കള്ളക്കടത്തുകാരെ ആരാണ് മോചിപ്പിച്ചത്? സ്വര്‍ണ്ണക്കടത്തില്‍ സ്ത്രീകളടക്കമുണ്ട്. ഇവര്‍ ഏത് കാണാമറയത്താണ് ഒളിഞ്ഞിരിക്കുന്നത്? ഇതിന്റെ ഉറവിടം മുതല്‍ അന്വേഷിക്കേണ്ടതല്ലേ? ബന്ദികളെ മോചിപ്പിക്കാന്‍ ഇന്ത്യയുടെ ഐ.എന്‍.എസ് യുദ്ധക്കപ്പല്‍ നേതൃത്വം കൊടുത്തതുപോലെ ഇന്ത്യയുടെ എന്‍.ഐ.എ പോലുള്ള കുറ്റാന്വേഷണ വകുപ്പുകള്‍ രാജ്യദ്രോഹികളെ കണ്ടെത്തി തുറുങ്കിലടക്കണം ഇല്ലെങ്കില്‍ നിയമവ്യവസ്ഥയുടെ പാപ്പരത്തമായി മറ്റുള്ളവര്‍ കണ്ടാല്‍ കുറ്റപ്പെടുത്താനാകുമോ?

ഒരു ജനതയുടെ നിയമാവലികളെ ദുര്‍ഗന്ധപൂരിതമാക്കുന്ന അല്ലെങ്കില്‍ തുരങ്കം വെക്കുന്നവരെ കണ്ടെത്തുക ആഭ്യന്തരവകുപ്പിന്റെ ചുമതലയാണ്. ഇങ്ങനെയുള്ള കൊള്ളക്കാര്‍ക്ക് സമ്പാദിച്ചുകൂട്ടാന്‍ ഉദ്യോഗസ്ഥരടക്കം അധികാരത്തിലിരുന്ന് അടിമപ്പണി ചെയ്യിക്കുന്നത് ആരാണ്? ഇതിലൂടെ മനസ്സിലാക്കുന്നത് സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി കൊള്ളചെയ്യാനും കൊലപാതകം നടത്താനും അടിമകളെ വാര്‍ത്തെടുക്കുന്നു. അത് ജാതിമതങ്ങളിലും ഇതുപോലുള്ള അടിമകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ജാതിമതങ്ങളില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍പോലെ ഈ രംഗത്ത് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്ന ധ്യാന ഗുരുക്കള്‍ ആരാണ്? ഇവര്‍ ധ്യാനങ്ങളില്‍ നിന്ന് ധ്യാനങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്നാല്‍ അവിടേക്ക് ചിറകുകള്‍ വിടര്‍ത്തി വരുന്നവര്‍ ധാരാളമാണ്. യൗവനക്കാരാണ് മുന്നില്‍. കുഴല്‍പ്പണം, ഹവാല ഇടപാടുകള്‍, മയക്കുമരുന്നുകള്‍ ഇങ്ങനെ എഴുത്തും വായനയും അറിയാത്തവരെ സമ്പന്നരാകുന്നു. അത് രാജ്യത്തോടുള്ള വെല്ലുവിളി മാത്രമല്ല നിയമവ്യവസ്ഥിതിയില്‍ ആധിപത്യം സ്ഥാപിക്കല്‍ കൂടിയാണ്. സ്വന്തം രാജ്യത്ത് നിത്യവൃത്തിക്ക് മാര്‍ഗ്ഗമില്ലാതെ ജനകോടികള്‍ ജീവിക്കുമ്പോഴാണ് കള്ളക്കടത്ത് തമ്പുരാക്കന്മാര്‍ രാജ്യത്തിന്റെ സമ്പത്ത് ഘടനയെ താറുമാറാക്കുന്നത് കാണുന്നില്ലേ?

പലപ്പോഴും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ബോധപൂര്‍വ്വമോ അല്ലാതെയോ പരസ്പരം പഴിചാരി പോകുന്നതല്ലാതെ സ്വര്‍ണ്ണകൊള്ളക്കാരെ കണ്ടെത്തുന്നതില്‍ ജാഗ്രത പുലര്‍ത്തിയിട്ടില്ല. നാട്ടില്‍ പല മേഖലകളില്‍ കൊള്ളചെയ്യുന്നവരുണ്ട്. അവരെ കാട്ടില്‍ പോയി വേട്ടയാടിപ്പിടിക്കേണ്ടതില്ല. പ്രധാനമന്ത്രി ഈ വിഷയം അവതരിപ്പിക്കുമ്പോള്‍ അതിന്റെ പ്രാധാന്യം വര്‍ധിക്കുന്നു. സി.പി.എം. സെക്രട്ടറി പറയുന്നത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രചാരവേല മാത്രമാണ്. കേന്ദ്ര സര്‍ക്കാരാണ് സ്വര്‍ണ്ണക്കടത്ത് കേസുകള്‍ അന്വേഷിക്കുന്നത്. അദ്ദേഹം അടിവരയിട്ടു പറയുന്നു വസ്തുതാപരമായി അന്വേഷിക്കണം. വിമാനത്താവളങ്ങള്‍ വഴിയാണ് കള്ളക്കടത്ത് നടക്കുന്നത്. വിമാനത്താവളങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. ആരാണ് ഇത് തെളിയിക്കേണ്ടത്? ഇന്ത്യയുടെ സാമൂഹ്യവ്യവസ്ഥിതിയെ തകിടം മറിച്ചുകൊണ്ടുപോകുന്നത് എത്ര നാള്‍ കൂടി കണ്ടിരിക്കണം? ജനങ്ങള്‍ ചോദിക്കുന്നത് കുറ്റം പറയുന്നവര്‍ എന്തുകൊണ്ടാണ് കുറ്റവാളികളെ കണ്ടെത്താത്തത്?

 – കാരൂര്‍ സോമന്‍, ചാരുംമൂട്

വണ്ടിപ്പെരിയാറിലെ അത്യാഗ്രഹികള്‍